SUNDAY PULPIT › HOMILIES & RESOURCES

കൈത്താകാലം 03

Homilies, reflections and PDF documents

17 accordion sections
▤Homily 01 - John 9:1-12, 35-38⌄
▤Homily 02 - John 9:1-12, 35-38⌄
▤Homily 03 - John 9:1-12, 35-38⌄
▤Homily 04 - John 9:1-12, 35-38⌄
▤Homily 05 - John 9:1-12, 35-38⌄
▤Homily 06 - John 9:1-12, 35-38⌄
▤Homily 07 - John 9:1-12, 35-38⌄
▤Homily 08 - John 9:1-12, 35-38⌄
▤Homily 09 - John 9:1-12, 35-38⌄
▤Homily 10 - John 9:1-12, 35-38⌄
▤Homily 11 - John 9:1-12, 35-38⌄
▤Homily 12 - John 9:1-12, 35-38⌄
▤Homily 13 - John 9:1-12, 35-38⌄
▤Homily 14 - John 9:1-12, 35-38⌄
▤Homily 15 - John 9:1-12, 35-38⌄
കൈത്താക്കാലം
3⃣ഞായർ

യോഹന്നാൻ 9:1-12, 35-41

Biblical and Historical Background

യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു അത്ഭുതമാണിത്. അടയാളങ്ങളുടെ പുസ്തകം( Book of Signs) എന്നറിയപ്പെടുന്ന ഭാഗത്താണ് (Chapters 2-12) യോഹന്നാൻ ഈ അൽഭുതം രേഖപ്പെടുത്തിയിരിക്കുന്നു. പ്രധാനമായും ഏഴ് അടയാളങ്ങൾ/അത്ഭുതങ്ങൾ ആണ് ഈശോ പ്രവർത്തിച്ചതായി യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ ഒന്നാണ് ഇത്.

പാപവും സഹനവും തമ്മിൽ ഒരു ബന്ധം ഉള്ളതായി യഹൂദർ കരുതിയിരുന്നു. സഹനം പാപത്തിന്റെ ഫലമാണെന്നും അവർ വിചാരിച്ചു. (അതാണല്ലോ ജോബിന്റെ കൂട്ടുകാർ അവനെ കുറ്റപ്പെടുത്തി സംസാരിച്ചതും. അവൻ പാപം ചെയ്തിട്ടുണ്ട് എന്നാണ് അവരുടെ പക്ഷം) എന്നാൽ എല്ലാ സഹനവും അങ്ങിനെയല്ല എന്നാണ് ഈശോ പറയുന്നത്.

യഹൂദരുടെ കൂടാര തിരുനാളിന്റെ Context ൽ വെച്ചാണ് ഈ അത്ഭുതം നടക്കുന്നത് . ഈ തിരുനാളിന്റെ 2 പ്രധാന ആചാരങ്ങളിൽ
ഒന്ന് ദേവാലയത്തിലെ തിരി കത്തിച്ചുകൊണ്ടു പ്രകാശം പരത്തുന്നു. രണ്ടാമത്തേത് ശീലോഹാ കുളത്തിലെ വെള്ളം കൊണ്ടുവന്ന് ദേവാലയത്തിലെ പടികൾ ഒഴിക്കുന്ന ചടങ്ങും. ഈ ഒരു സാഹചര്യത്തിൽ വച്ചാണ് 'ഞാൻ ലോകത്തിന്റെ പ്രകാശമാണ്' എന്നൊക്കെ പറയുന്നതും ഈ അന്ധനു കാഴ്ച്ച കൊടുക്കുന്നതും.

Interpretation

1.
അനുസരണം അത്ഭുതത്തിനു കാരണമാകുന്നു.

ഈശോ പറഞ്ഞത് അതേ പടി അന്ധൻ അനുസരിച്ചു , അവനു കാഴ്ച്ച ലഭിച്ചു. അതായത് ചെളി കണ്ണിൽ പുരട്ടിയപ്പോൾ പുള്ളി എതിർത്തില്ല, പോയി കുളത്തിൽ കഴുകാൻ പറഞ്ഞപ്പോൾ പുള്ളി മറുത്തൊരക്ഷരം പറയാതെ അനുസരിക്കുന്നു. അതു അവനു സൗഖ്യത്തിനു കാരണമായി.

ഏതാണ്ട് സമാനമായ ഒരു അനുഭവം രാജാക്കന്മാരുടെ പുസ്തകത്തിൽ പറയുന്നുണ്ട്. സിറിയ രാജാവിൻറെ സൈന്യാധിപനയ നാമാന് കുഷ്ഠം പിടിപെടുന്നു. അത് മാറാൻ ആയിട്ട് പുള്ളിക്കാരൻ ഏലീഷാ പ്രവാചകന്റെ അടുത്തുവരുന്നു. പ്രവാചകനാകട്ടെ പുള്ളിയുടെ അടുത്ത് ജോർദാൻ നദിയിൽപോയി 7 പ്രാവശ്യം മുങ്ങി കുളിക്കാൻ പറയുന്നു. പുള്ളിക്കാരന് ആദ്യം അതിഷ്ട പെടുന്നില്ല. സിറിയയിൽ ഇഷ്ടംപോലെ നദികൾ വേറെയുണ്ടല്ലോ പിന്നെന്തിനു ജോർദാൻ? എന്നൊക്കെ പറഞ്ഞു പുള്ളി ഇച്ചിരി weight ഇടുന്നു. പക്ഷെ മൂപ്പരുടെ കൂട്ടുകാരൻ പുള്ളിയെ ഉപദേശിക്കുന്നു. പ്രവാചകൻ പറഞ്ഞതു നിസ്സാര കാര്യമല്ലേ ഇമ്മക്കൊന്നു ചെയ്തു നോക്കാം. അങ്ങനെ നമാൻ പോയി കുളിച്ചു. അതോടെ അവന്റെ കുഷ്ടം മാറി (കുട്ടപ്പനായി ) തിരിച്ചു വരുന്നു. ഏതാണ്ട് അങ്ങനെ തന്നെയാണ് ഈ അന്ധന്റെ കാര്യത്തിലും. ഈശോ ചെളിയിലൊക്കെ തുപ്പി, അതെടുത്ത് കണ്ണിലൊക്കെ പുരട്ടി ...ആകെ വഷളാക്കി എന്നിട്ട് പോയി കഴുകാൻ പറയുന്നു . ആ മനുഷ്യൻ ഒരക്ഷരം തിരിച്ച് ചോദിക്കുകയോ പറയുകയും ചെയ്യാതെ പോയി കഴുകുന്നു . ‍അവൻ അതനുസരിച്ചു എന്നുള്ളത് തന്നെയാണ് അത്ഭുതം സംഭവിക്കാൻ ആയിട്ടുള്ള ഒരു പ്രധാനപ്പെട്ട കാരണം. അയാൾ തർക്കിച്ചില്ല , ചോദ്യം ചെയ്യുന്നില്ല അങ്ങനെയുള്ള ചില കീഴ് വഴക്കങ്ങൾ അത്ഭുതത്തിന് കാരണമാകും എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.

ഈശോ പരിചരകരോട് ഭരണിയിൽ വെള്ളം നിറയ്ക്കാൻ പറയുന്നു . അവർ അനുസരിക്കുന്നു . വെള്ളം വീഞ്ഞായി മാറുന്നു.. അത്ഭുതം നടക്കുന്നു.

ഈശോ തളർവാത രോഗിയോട് കിടക്കയയുമെടുത്ത നടക്കാൻ പറയുന്നു. അവൻ നടക്കുന്നു . രോഗം മാറുന്നു...

ഈശോ ശിഷ്യരോട് വള്ളത്തിന്റെ വലതു വശത്ത് വല ഇടാൻ പറയുന്നു. അവർ അനുസരിക്കുന്നു. ധാരാളം മീൻ കിട്ടുന്നു.

ഇതിൽ നിന്നും എന്തു മനസിലാക്കാം...? തമ്പുരാൻ (കുറച്ചൊക്കെ അവന്റെ പ്രതിനിധികളും) പറയുന്നത് അനുസരിക്കുക. ജീവിതത്തിൽ അത്ഭുതം നടക്കും.

പ. അമ്മയുടെ കാര്യത്തിലും ഏതാണ്ട് ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. കാര്യം പുള്ളിക്കാരി ചില സംശയങ്ങൾ ഒക്കെ ചോദിച്ചു എങ്കിലും ഒടുവിൽ ദൈവ ഹിതത്തിനു കീഴ് വഴങ്ങുന്നു. അവൾ ഭൂമിയോളം
എളിമപ്പെട്ടു, അനുസരിച്ചു. അവിടുന്ന് അവളെ സ്വര്ഗത്തോളം ഉയർത്തി....


2. 'ശീലോഹ'

ഈ വാക്കിൻറെ അർത്ഥം 'അയക്കപ്പെട്ടവൻ' എന്നാണ് . നമ്മുടെ ശ്ലീഹ /അപ്പസ്തോലൻ എന്ന വാക്കുകൾ ഇതിൽ നിന്നും വരുന്നു. യഥാർത്ഥത്തിൽ ക്രിസ്തുവാണ് അയക്കപ്പെട്ടയവൻ. പോയി 'ശീലോഹ' യിൽ കഴുകുക എന്നാൽ ക്രിസ്തുവിൽ നമ്മെ തന്നെ മുക്കുക എന്നുള്ളതാണ്.
"കാഴ്‌ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്‌ജനവും എന്നോടു വാങ്ങുക."
(വെളിപാട്‌ 3 : 18) എന്ന് പറയുന്നത് അതുകൊണ്ടായിരിക്കും . കാഴ്ച നേടാനുള്ള ഒരു മാർഗം ക്രിസ്തുവിനോട് ചേർന്ന് നിൽക്കുക അല്ലെങ്കിൽ ക്രിസ്തുവിൽ മുങ്ങിത്താഴുക എന്നാണ് . "ഞാൻ ലോകത്തിന്റെ പ്രകാശമാണ്" എന്നൊക്കെ ഈശോ പറയുമ്പോൾ ആ പ്രകാശത്തോട് ചേർന്നു നിൽക്കുമ്പോൾ നമുക്ക് കുറച്ചുകൂടി കാഴ്ച ലഭിക്കുന്നു എന്നുകൂടി മനസിലാക്കാം.

പിന്നെ ഈ അന്ധത എന്നത്
കണ്ണിന്റെ മാത്രം പ്രശ്മായി കാണേണ്ട.
കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാൻ പറ്റാത്തവർ ഒരു തരത്തിൽ അന്ധരാണ്.
കാണേണ്ടത് കാണാൻ മടികണിക്കുന്ന , അന്ധൻ അന്ധനെ നയിക്കുന്ന, കണ്ണടച്ചു ഇരുട്ടാക്കുന്ന മനുഷ്യന്മാരും നേതാക്കളും ഉള്ള നാടാണ് നമ്മുടേത്. ചില കാഴ്ചകൾ കാണാനും പ്രതികരിക്കാനും അവർ മടി കാണിക്കുന്നു. അതുകൊണ്ടു കാണേണ്ടത് കാണാനുള്ള ഒരു ഉൽകാഴ്ചക്കു വേണ്ടി കൂടി നമുക്ക് തമ്പുരാനോട് പ്രാർത്ഥിക്കണം.

ചിലർ ശാരീരികമായി അന്ധരാണ് ...‍
മറ്റു ചിലർ മാനസികമായി അന്ധരാണ്....

ഇനിയും ചിലർ ആത്മീയമായി അന്ധരാണ് ‍

അതുകൊണ്ടു
നമ്മുടെ കാഴ്ചകൾ
ശരിയാക്കാൻ ക്രിസ്തുവാകുന്ന കണ്ണടകൾ വേണം...
മാത്രമല്ല ചില കാഴ്ചകൾക്കു വ്യക്തത വരാൻ നമ്മൾ വച്ചിരിക്കുന്ന ചില മഞ്ഞ കണ്ണടകൾ ഊരി മാറ്റുകയും വേണം...

3. കാഴ്ച്ച കൊടുക്കുന്നവന് കല്ലേറ്‌

സുവിശേഷത്തിലെ ഈശോ അന്ധനു കാഴ്ച കൊടുക്കുമ്പോഴും അതിനെ കുറ്റം വിധിക്കാനും വിമർശിക്കാനും വേണ്ടി നടക്കുന്നവരായിരുന്നു പലരും. ഈ കാര്യത്തിൽ മാത്രമല്ല, ഈശോ ചെയ്ത പല അത്ഭുതങ്ങളും അന്നത്തെ യഹൂദ മുഖ്യധാരയിൽ പെട്ട ആളുകൾ സംശയത്തോടെ വീക്ഷിക്കുകയും അവനെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അവൻ ദൈവദൂഷണം പറയുന്നു, അവൻ സാബത്ത് ലംഘനം നടത്തുന്നു, അവൻ മോശയുടെ പ്രമാണങ്ങൾ അനുസരിക്കുന്നില്ല എന്നിങ്ങനെയുള്ള നിരവധി കുറ്റങ്ങൾ അവനെതിരെ അവർ ചുമത്തുന്നു .ഇന്ന് ഈശോയുടെ പിൻഗാമികൾക്കും വന്നുകൊണ്ടിരിക്കുന്നത് അവൻറെ അതേ ഗതിയാണ് . ഈ അടുത്ത് ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ നടന്ന ആക്രമണങ്ങൾ നോക്കുക. ഏകദേശം അയ്യായിരത്തോളം അക്രമങ്ങൾ കഴിഞ്ഞ 10 വർഷം ക്രൈസ്തവർക്കെതിരെ നടന്നു. ഛത്തീസ്ഗഡിൽ സിസ്റ്റേഴ്സിനെതിരായ ആക്രമണത്തിന്റെ മാറ്റൊലി അടങ്ങുമ്പോഴേക്കും അടുത്തത് വന്നു കഴിഞ്ഞു . ഒഡീഷയിൽ വൈദികർക്കും സിസ്റ്റേഴ്സിനും നേരെ ആക്രമണം. ഇനി ഇതങ് കൂടി കൂടി വരാനേ സാധ്യതയുള്ളൂ. എന്താണ് അവർ ചെയ്ത തെറ്റ്? അജ്ഞാനം കൊണ്ട് അന്ധരായ ഒരു കൂട്ടർക്ക് വിജ്ഞാനത്തിന്റെ കാഴ്ച കൊടുത്തു. രോഗം കൊണ്ട് ക്ഷീണിതരായ ഒരു ജനതയ്ക്ക് നല്ല ആരോഗ്യം പകർന്നു കൊടുത്തു , അനീതിയാൽ കഷ്ടപ്പെട്ട പാവപ്പെട്ട ജനങ്ങൾക്ക് നീതി വാങ്ങി കൊടുത്തു. ഇങ്ങനെയുള്ള നന്മകൾ ചെയ്തിട്ടും മനുഷ്യക്കടത്തു നടത്തുന്നു , മതപരിവർത്തനം നടത്തുന്നു എന്നിങ്ങനെ കുറ്റങ്ങൾ ആരോപിച്ചുകൊണ്ട് കല്ലെറിയാനും മിഷനറിമാരെ തുറങ്കിലടയ്ക്കാനും നാടുകടത്താനും ശ്രമിക്കുന്നു എന്നുള്ളതാണ് സത്യം. ഏതൊരു കാലഘട്ടത്തിലും ഇതുതന്നെയാണ് അവസ്ഥ.

' ഗുരു ' എന്ന ഒരു മലയാള സിനിമയുണ്ട്. അന്ധരായ ഒരു ജനതക്ക് കാഴ്ച കൊടുക്കാനായിട്ട് അവരുടെ താഴ വാരത്തിൽ എത്തിയ കാഴ്ചയുള്ള ഒരു മനുഷ്യൻ. -രഘുരാമൻ-
ആ പാവപ്പെട്ട മനുഷ്യർക്ക് കാഴ്ച കൊടുക്കാനായി അയാൾ ഒത്തിരി പരിശ്രമിക്കുന്നുണ്ട് . ഒടുവിൽ അയാൾ അന്ധതയു ടെ കാരണം കണ്ടെത്തുന്നു. അതു പരിഹരിക്കാനുള്ള മാർഗ്ഗവും... എന്നിട്ടും ഒടുവിൽ അയാളെ എല്ലാവരും കൂടി കുറ്റപ്പെടുത്തുന്നു ആക്രമിക്കുന്നു, കൊല്ലാൻ ശ്രമിക്കുന്നു...
എന്ന് പറഞ്ഞാൽ ഒരാൾ നന്മ ചെയ്യാൻ ശ്രമിച്ചാൽ അവനു ലഭിക്കുക കുരിശും സഹനവും കല്ലേറും ആയിരിക്കും.
സോക്രട്ടീസിന്റെ ആകട്ടെക്രിസ്തുവിന്റെയാവാകട്ടെ ഗാന്ധിയുടെ ആകട്ടെ എബ്രഹാം ലിങ്കന്റ ആകട്ടെ ജീവിതാനുഭവം നമ്മെ പഠിപ്പിക്കുന്നത് ഈ കാര്യമാണ്. അതുകൊണ്ടു എന്തെങ്കിലും ഉപകാരം ആർക്കെങ്കിലും ചെയ്യാൻ പോയാൽ അതു മൂലം ഉണ്ടാകുന്ന എതിപ്പുകളെയും ധീരമായി നേരിടാൻ പഠിക്കുക. ഒപ്പം അപരന് കാഴ്ച കൊടുക്കുന്ന പ്രകാശ ദീപങ്ങൾ അണക്കാതിരിക്കുക.
▤Homily 16 - ലൂക്ക 10 : 38- 42⌄

കൈത്താക്കാലം ഞായർ 3⃣
ലൂക്ക 10 : 38- 42

Biblical Background

മർത്തയും‍ മറിയയും ‍ഈശോ ഉയർപ്പിച്ച ലാസറിന്റെ സഹോദരിമാർ ആയിട്ടാണ് കണക്കാക്കുന്നത്. ഇവരുടെ വീട് ബഥാനിയായിലാണ് എന്നാണ് യോഹന്നാൻ പറയുന്നത്. ഈശോ പലപ്പോഴായിട്ട് ഇവരുടെ ആതിഥേയത്വം സ്വീകരിച്ചിരുന്നു എന്ന് ബൈബിൾ പണ്ഡിതന്മാർ പറയുന്നു. ഇതിൽ മറിയം ഈശോയുടെ കാലുകൾ കണ്ണുനീരു കൊണ്ടു കഴുകിയവൾ ആണെന്ന് കരുതുന്നു. ( അല്ല എന്ന് കരുതുന്നവരും ഉണ്ട് കെട്ടോ)

Interpretation

*1. കേൾക്കാൻ ഒരാൾ...*‍

ഡൽഹിയിലെ പാറ്റ സമരം പൊടിപൊടിക്കുകയാണ്... സമൂഹത്തിൻറെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളുടെ പിന്തുണ അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നു... കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് സർക്കാരിനും തോന്നി തുടങ്ങി... ഏതു വിധേനയും സമരം അമർച്ച ചെയ്യാനും ‍ഒത്തു തീർപ്പക്കാനും അവരും ശ്രമിക്കുന്നു . സമരത്തിന്റെ ആവശ്യകതയെ കുറിച്ചും സമര രീതിയെ കുറിച്ചും വ്യത്യസ്തമായ അഭിപ്രയം ഉള്ളവരുണ്ട്. എന്നാലും കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും മുമ്പിൽനിന്നും മാറാ നമ്മുടെ ജെൻ-Z (ജെൻസി ) തലമുറ ഭരണഘടനയും പൊക്കിപ്പിടിച്ചുകൊണ്ട് തെരുവിലിറങ്ങുന്നത് കാണാൻ സന്തോഷകരമായ കാഴ്ചയാണ്.

സത്യത്തിൽ എന്താണ് ഈ സമരം ഇത്ര വഷളാവാൻ എന്താണ് കാരണം? അതിന്റെ പ്രധാന കാരണം ഇത്രയേ ഉള്ളൂ ...സമരം തുടങ്ങി ദിവസങ്ങൾ ഏറെ പിന്നിട്ടിട്ടും സർക്കാർ അവരുടെ ആവശ്യങ്ങൾ, പരാതികൾ കേൾക്കാൻ ‍മടി കാണിച്ചു അഥവാ കാലതാമസം വരുത്തി എന്നുള്ളതാണ് . (ഏതാണ്ട് 40 ദിവസം കഴിഞ്ഞതിനുശേഷമാണ് സർക്കാർ അവരെ കൂടി കാഴ്ച്ചയ്ക്ക് അനുവദിക്കുന്നത്.)

പ്രശ്നമോ അതിൻറെ പരിഹാരമോ എന്തുമാകട്ടെ , പക്ഷേ മറ്റൊരാളെ കേൾക്കാൻ തയ്യാറാവുക‍ എന്നുള്ളത് ഇന്നത്തെ കാലത്ത് വലിയ കാര്യമാണ്. സുവിശേഷത്തിൽ ഈശോ പറയുന്ന കാര്യം മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു എന്നുള്ളത് . എന്താണ് ഈ നല്ല ഭാഗം ...? വേറെ ഒന്നുമല്ല അവൾ ഈശോ പറയുന്ന കാര്യം കേട്ടിരുന്നു എന്നുള്ളതാണ്.

സത്യത്തിൽ നമുക്ക് ചുറ്റുമുള്ള ഏറ്റവും വലിയ പരാതി നമ്മളെ കേൾക്കാൻ ഒരാളില്ല എന്നുള്ളതാണ്.

വീട്ടിൽ ഭാര്യയെ കേൾക്കാൻ ഭർത്താവിന് നേരമില്ല... നേരെ തിരിച്ചും....

മാതാപിതാക്കന്മാരെ കേൾക്കാൻ പിള്ളേർക്ക് താൽപര്യമില്ല... തിരിച്ചും...

പള്ളിയിൽ നമ്മുടെ ചെറുപ്പക്കാരെ കേൾക്കാൻ വികരിയച്ചനു നേരമില്ല...

വികരിയച്ചന്മാരെ കേൾക്കാൻ മെത്രാനച്ചന് നേരമില്ല...

എന്തിനു ...? യുവജന സംഘടനയുടെ പ്രതിനിധികളെ കേൾക്കാൻ ഇമ്മടെ മുഖ്യമന്ത്രിക്ക് സമയമില്ല.....

മറ്റൊരാളോട് കാണിക്കാവുന്ന ബഹുമാനത്തിന്റെ ഏറ്റവും കാതലായ രൂപമാണ് അയാളെ ശ്രവിക്കുക എന്നുള്ളത്.

ഒരുപക്ഷേ ശാന്തമായി മറ്റൊരാളെശ്രവിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇമ്മടെ വീട്ടിലും നാട്ടിലും സഭയിലും രാജ്യത്തുമുള്ളൂ..
അതുകൊണ്ടു മറ്റുള്ളവരെ ശ്രദ്ധാപൂർവം , ക്ഷമപൂർവ്വം കേൾക്കാൻ തയ്യാറാവുക. മറിയത്തെ പോലെ നല്ല ഭാഗം നമുക്കും തിരഞ്ഞെടുക്കാം..

2. Contemplation & Action

സുവിശേഷത്തിൽ കാണുന്ന ഈ രണ്ട്‍ വ്യക്തിത്വങ്ങൾ രണ്ട് ആത്മീയ ശൈലികളോട് ഉപമിക്കാവുന്നതാണ്. ഒന്ന് മർത്ത .‍ അവൾ ശുശ്രൂഷയുടെ, പ്രവർത്തനത്തിന്റെ പ്രതികരണത്തിന്റെ ശൈലിയാണ്. അടങ്ങിയിരിക്കാൻ പറഞ്ഞാൽ ചിലപ്പോൾ അവൾക്ക് പറ്റത്തില്ല. എന്തെങ്കിലും എപ്പോഴും ചെയ്തുകൊണ്ടിരിക്കണം....(ചില hiper active ആയ പിള്ളേരെപ്പോലെ)സഹോദരൻ മരിച്ചു കഴിഞ്ഞ സമയത്തും ഈശോ വരുന്നു എന്നു കേൾക്കുമ്പോൾ അവൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടി അവനെ സ്വീകരിക്കാൻ പോകുന്നു. ഒരു Active (Action Oriented) Spirituality യുടെ ഭാഗമായി അവളെ വിലയിരുത്താൻ കഴിയും.

നമ്മുടെ നാട്ടിൽ മർത്ത സിസ്റ്റേഴ്‌സ് എന്ന ഒരു സന്യാസിനി സമൂഹം ഉണ്ടെന്ന് അറിയാലോ...
അതിന്റെ സ്ഥാപകനായ ബഹു. ജോൺ കിഴക്കൂടൻ അച്ചൻ തന്റെ സന്യാസി സമൂഹത്തിനു ആ പേരിടാൻ കാരണം പറയുന്നത് കർത്താവിനെ ശുശ്രൂഷിക്കുന്നതിൽ മർത്ത‍ കാണിച്ച അതിയായ താൽപര്യവും ശ്രദ്ധയും അതിൽ അവൾ പുലർത്തിയ ആനന്ദവുമാണ് തന്റെ സന്യാസിനിമാരിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ്. ഒപ്പം മർത്തയെപോലെ അധ്വാനിക്കുന്നവരായി ഈ സഹോദരിമാർ മാറണം എന്നുള്ള നിർബന്ധം അദ്ദേഹത്തിനു ഉണ്ടായിരുന്നു.*ഒരു Action Oriented Spirituality ആയിരുന്നു മർത്തയുടേത്.*


പക്ഷെ ഇതിൽ ചെറിയ ഒരു പ്രശ്നം കൂടി ഉണ്ട്. ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞ പോലെ
ഏതാണ്ട് 'മർത്താ സിഡ്രോം' പിടികൂടിയ ഒരു തലമുറയാണ് നമ്മുക്ക് ചുറ്റും. നമ്മുടെ ഇടവകയിലുള്ള ചില ആളുകളെ നോക്കുക ; പ്രതേകിച്ചു നമ്മുടെ യുവജനങ്ങളെ ശ്രദ്ധിക്കുക. അവർ പള്ളിക്ക് വേണ്ടി ചാവാൻ തയ്യാറാണ്. പള്ളിയുടെ എല്ലാ കാര്യങ്ങളും അവർ ചെയ്യും. പള്ളിപ്പറമ്പിൽ പണിയെടുക്കും, കൊടികെട്ടും, തോരണം തൂക്കും ഊട്ടു പെരുന്നാളിന് കലവറയിലും വിളമ്പലിലും ഉണ്ടാകും പള്ളിപ്രദക്ഷിണത്തിന് മുമ്പിലും പുറകിൽ ഉണ്ടാകും എല്ലാ കമ്മിറ്റിയിലും മീറ്റിംഗിലും അവരുടെ സാന്നിധ്യം ഉണ്ടാകും . പക്ഷേ ഒറ്റ പ്രശ്നം മാത്രമെ ഉള്ളൂ ഈ 'കുരിശുകൾ' ആരും പള്ളിയിൽ കയറില്ല. അവർ കുർബാന കാണുന്നില്ല, കുമ്പസാരിക്കില്ല, കുർബാന സ്വീകരിക്കില്ല. അങ്ങനെയൊരു അപകടം നമ്മുടെ ആത്മീയതയിൽ കയറി വരുന്നുണ്ട്. അതു സൂക്ഷിക്കേണ്ടതാണ്

ഇനി മറിയത്തെ നോക്കുക. അവൾ
ശാന്തമായി ഇരിക്കുന്നു വചനം കേൾക്കുന്നു, പ്രാർത്ഥിക്കുന്നു എന്നൊക്കെ പറയുന്ന ഒരു Contemplative Spirituality യുടെ ഭാഗമാണ് എന്നു വേണേൽ പറയാം.
എന്നാൽ അവിടെയും ചെറിയ പ്രശ്നം ഉണ്ട് . രാവിലെ മുതൽ ഒരു പണിക്കും പോകാതെ പ്രാർത്ഥന, ധ്യാനം എന്നൊക്കെ പറഞ്ഞു നടക്കുന്ന ചേട്ടത്തിമാരെ കണ്ടിരിക്കും. ആത്മീയത തലക്ക് പിടിച്ച ഇവരുടെ ജീവിത രീതിയും നമുക്ക് ന്യായീകരിക്കാൻ കഴിയില്ല....

എന്നു പറഞ്ഞാൽ പ്രാർത്ഥനയുടെ രണ്ടു ഭാവങ്ങളാണ് ഈ Contemplation and Action ‍. ഇത് രണ്ടും പരസ്പരം പൂരകമാണ്. രണ്ടും അതിൽ തന്നെ പൂർണ്ണമല്ല... എന്ന് പറഞ്ഞാൽ പ്രാർത്ഥന കൂടാതെയുള്ള പ്രവർത്തനമോ പ്രവർത്തനമില്ലാതെയുള്ള പ്രാർത്ഥനയോ അതിൽ തന്നെ പൂർണമാകുന്നില്ല എന്ന ചുരുക്കം. അതുകൊണ്ട് നമുക്ക് നമുക്ക് മർത്തയെയും വേണം മറിയത്തെയും വേണം. ഇതിൽ ആരാണ് ഒരു പിടി മുന്നിൽ നിൽക്കുന്നതെന്ന് ചോദിച്ചാൽ മറിയം തന്നെ....

ഈ Contemplation and Action ന്റെ ഏറ്റവും നല്ല ഉദാഹരണം പ. അമ്മയായിരുന്നു എന്നറിയാലോ.... അവൾ ദൈവ വചനം ധ്യാനിച്ചു. ജീവിതത്തിൽ ശുശ്രൂഷ ക്കായി ഇറങ്ങി തിരിച്ചു. അവളെ അതിനു പ്രാപ്തരാക്കിയ അവളുടെ മാതാ പിതാക്കൾക്കു സ്തുതി ആയിരിക്കട്ടെ... ഇന്ന് അവരുടെ തിരുന്നളാണ്.

നമ്മുടെ നാട്ടിലെ വിശുദ്ധ അൽഫോൻസാ അമ്മയും ഇത്തരം ഒരു ആത്മീയത സ്വാന്തമാക്കിയവളാണ്. അവളുടെ തിരുന്നാളാണ് അടുത്തു വരുന്നത്

3.Grand Parents Day

ജൂലൈ മാസത്തെ അവസാനത്തെ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ 'ഗ്രാൻഡ് പാരൻസ് ഡേ'ആയി ആഘോഷിക്കാൻ പറഞ്ഞിട്ടുണ്ട്. ഈശോയുടെ അപ്പാപ്പന്റെയും അമ്മാമ്മയുടെയും (മറിയത്തിന്റെ
മാതാപിതാക്കളായ ജോവാക്കിന്റെയും അന്നയുടെയും) തിരുനാളിനോടനുബന്ധിച്ചാണ് ഈ ആഘോഷം. ഇന്നാണ് ആ ദിവസം (ജൂലൈ 26 . പക്ഷേ ഞായറാഴ്ച സഭ വിശുദ്ധരുടെ തിരുന്നാൾ സാദാരണ ആഘോഷിക്കാറില്ല എന്നറിയാമല്ലോ.)

നമ്മുടെ നാട്ടിൽ പ്രായമായ മാതാപിതാക്കന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. വൃദ്ധസദനങ്ങളുടെ എണ്ണം പെരുകികൊണ്ടിരിക്കുന്നു എന്നുമാത്രമല്ല പയ്യെ പയ്യെ കേരളം തന്നെ ഒരു വൃദ്ധസദനമായി മാറുന്നു എന്നുള്ളതാണ് പ്രശ്നം.
അടുത്തകാലത്ത് വന്ന ഒരു പഠനം അനുസരിച്ചു( അത് മുഴുവനും ശരിയാണോ എന്നറിയത്തില്ല) വൃദ്ധ സദനങ്ങളിൽ തള്ളപ്പെടുന്ന ആൾക്കാരുടെ എണ്ണത്തിൽ മതം തിരിച്ചു നോക്കുമ്പോൾ ക്രിസ്ത്യാനികൾ ആണത്രേ ശരാശരിയിൽ കൂടുതൽ...!!!

(ഓരോ രൂപതയിലും പ്രായമായവരെ ശുശ്രൂഷിക്കുവാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണെത്രെ നല്ല കാര്യം...) അത്തരം ഒരു സാഹചര്യത്തിൽ ഈ Grand Parents day ആഘോഷങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്.

പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുവാനും അവർക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കുവാനും മക്കൾക്കും കൊച്ചുമക്കൾക്കും കടമയുണ്ട്. ഇന്നത്തെ ആദ്യ വായനയിലെ റൂത്തിനെ‍ ഓർക്കുന്നത് നല്ലതാണ്. പ്രായമായ തൻറെ അമ്മായിയമ്മയായ നവമിയെ ഉപേക്ഷിക്കാതെ അവളുടെ വാർദ്ധക്യത്തിൽ കൂടെ പോകുന്ന മരുമകൾ റൂത്ത് എല്ലാകാലത്തും ഒരു മാതൃകയാണ്.

സുവിശേഷത്തിൽ നമ്മൾ കാണുന്ന ഒരു കാര്യം മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു എന്നു പറയുന്ന കർത്തവിനെയാണ്. കാരണമെന്താണ്...? ഈശോ പറയുന്ന കാര്യം മറിയം ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്നു എന്നുള്ളതാണ്. പ്രായമായ മാതാപിതാക്കന്മാരോട് നമ്മുക്ക് ചെയ്യാവുന്ന ഒരു കാര്യം അവരെ ഒന്ന് കേൾക്കുക‍ എന്നുള്ളതാണ്. അവർ പറയുന്ന പഴങ്കഥകൾ ആവർത്തിച്ചു പറയുന്ന കാര്യങ്ങളാണെ കൂടി ഒന്ന് കേൾക്കാൻ ക്ഷമ കാണിക്കുക .‍ നമ്മുടെ കുട്ടികളെ അതിനു പഠിപ്പിക്കുക.

പ്രായമായ കർന്നവൻ മാരുടെ സാന്നിധ്യം വീട്ടിൽ ഒരു അനുഗ്രമാണ്.
കുഞ്ഞുണ്ണി മാഷ് പറയുന്നതു പോലെ "പുതിയ തലമുറയ്ക്ക് തലയുണ്ട് .. പഴയ തലമുറ യ്ക്ക് മുറയുണ്ട്"

പ്രായമായവർക്ക് ഒരു ചിട്ടയുണ്ട്. പ്രാർത്ഥനയുടെ കാര്യത്തിൽ, വസ്ത്രധാരണത്തിന്റെ കാര്യത്തിൽ സമയനിഷ്ഠയുടെ കാര്യത്തിൽ , പൈസ ചിലവാക്കുന്ന കാര്യത്തിൽ ..... ഇതല്ലാം ഒരു കിടുംബത്തിനു നല്ലതാണ്.

രാഷ്ട്രീയത്തിലും കലാ-കായികരംഗത്തും സിനിമയിലും പള്ളിയിലും പാർട്ടിയിലുമൊക്കെഒരു തലമുറ മാറ്റം വേണമെന്ന് നമ്മൾ പറയാറുണ്ട് എങ്കിലും ഓർക്കേണ്ട കാര്യം മുതിർന്ന തലമുറയ്ക്ക് അവരുടെ തായ സ്ഥാനവും ബഹുമാനവും നമ്മൾ കൊടുക്കണം. അവരുടെ വാക്കുകൾ കേൾക്കാൻ നമ്മൾ പഠിക്കണം. New brooms are good, but old brooms know every corner of the house എന്നു പറയാറില്ലേ.... അതു തന്നെ കാര്യം...

കുട്ടികളെ കുറച്ചുനേരം അപ്പാപ്പന്റെയും അമ്മമ്മയുടെയുമൊക്കെ അടുത്ത് ചെന്നിരുത്തി അവർ പറയുന്ന ഭൂതകഥകളും പഴങ്കഥകളും ഇച്ചിരി അതിശയോക്തി കലർന്ന വർണ്ണന കൂടിയ അവരുടെ ജീവിത അനുഭവങ്ങളും കേൾക്കാൻ പരിശീലിപ്പിക്കുന്നത് നല്ലതാണ്. മറിയം ഈശോയെ കേട്ടിരുന്നപോലെ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരിക്കുക എന്നതാണ് അതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ കരുതൽ എന്ന് തോന്നുന്നു.

യൂട്യൂബിൽ വന്ന ഒരു ചെറിയ ഷോർട്ട് ഫിലിം പലർക്കും പരിചയമുണ്ടാകും. പ്രായമായ വല്യപ്പന് പഴയ ചിരട്ട പത്രത്തിൽ ദിവസവും കഞ്ഞി കൊടുക്കുന്നത് കാണുന്ന കൊച്ചു മകൻ - ഒടുവിൽ വല്യപ്പൻ മരിക്കുന്നു- കൊച്ചുമകൻ ആ പഴയ പാത്രം എടുത്തു സൂക്ഷിക്കുന്നു- അത് എന്തിന് എന്ന് അമ്മ ചോദിക്കുമ്പോൾ "നിങ്ങൾക്ക് പ്രായമാകുമ്പോൾ കഞ്ഞി തരാനായി ഈ പാത്രം ഉപകരിക്കും' എന്നുള്ള അവന്റെ മറുപടി അവരുടെ കണ്ണു തുറപ്പിക്കുന്നു

ചോദ്യവും ഉത്തരവും

മർത്തയുടെയും‍ മറിയത്തിന്റെയും‍ സംഭവം ലൂക്ക സുവിശേഷകൻ ഇത്ര കാര്യമായി എഴുതിവെക്കാൻ ഒരു കാരണം എന്ത്...?.

ഈ സംഭവം ഇമ്മടെ ലൂക്ക മാത്രമേ എഴുതിയിട്ടുള്ളൂ കെട്ടോ . ആദിമ സഭയിൽ ഉണ്ടായിരുന്ന ഒരു പ്രതിസന്ധി സൂചിപ്പിക്കാൻ ആയിട്ടാണ് ലൂക്ക ഇതു എഴുതുന്നത്. . അത് തൻറെ തന്നെ അപ്പസ്തോല പ്രവർത്തന പുസ്തകത്തിൽ ലൂക്ക സൂചിപ്പിച്ചിട്ടുണ്ട്.
" അതുകൊണ്ട്‌, പന്ത്രണ്ടു പേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്‌ഷ കാണിച്ച്‌, ഭക്‌ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല"
(അപ്പ. പ്രവ 6 : 2). അതായത് ഭക്ഷണ മേശകളിൽ ശ്രദ്ധ കൊടുക്കുകയും ദൈവവചന ശുശ്രൂഷയ്ക്ക് പ്രാധാന്യം നൽകാത്തതുമായ ഒരു സമൂഹം, ഒരു culture ആദിമ സഭയിൽ രൂപപ്പെട്ടുതുടങ്ങിയിരുന്നു. അതിനെ ഒന്ന് പ്രതിരോധിക്കുക എന്നുള്ളതാണ് ഈ സംഭവത്തിലൂടെ സുവിശേഷകൻ ശ്രമിക്കുന്നത് . (പക്ഷേ പുള്ളി അന്ന് പ്രതിരോധിക്കാൻ ശ്രമിച്ച പ്രശ്നം ഇപ്പോഴും സഭയിൽ ഒട്ടും കുറവില്ലാതെ നിലനിൽക്കുന്നു എന്നുള്ളതാണ് വേറെ തമാശ)
ചുരുക്കത്തിൽ സഭ ചെയ്യണ്ട വ്യത്യസ്തമായ 2 ശുശ്രൂഷകളെ മർത്താ ‍& മറിയം ‍ എന്നി രണ്ട് characters ലൂടെ ലൂക്ക അവതരിപ്പിക്കുന്നു.

▤Homily 17 - ലൂക്ക 10 : 38- 42⌄

വിഷയം: "മറിയം തിരഞ്ഞെടുത്ത നല്ല ഭാഗം" (ലൂക്കാ 10:38-42) – ശ്രവിക്കുന്ന ഹൃദയവും സേവിക്കുന്ന കൈകളും
ഈ നാല് വചനഭാഗങ്ങളും (ലൂക്കാ 10:38-42; റൂത്ത് 1:6-18; സിറാക്ക് 33:7-13; റോമാ 12:3-8) ഒരുമിച്ച് വായിക്കുമ്പോൾ ദൈവം നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ സത്യമുണ്ട്: ദൈവസാന്നിധ്യത്തിൽ നിന്ന് ആരംഭിക്കുന്ന സേവനമാണ് ഏറ്റവും ഫലപ്രദമായ സേവനം.
1. മറിയം തിരഞ്ഞെടുത്ത നല്ല ഭാഗം – ഈശോയുടെ സാന്നിധ്യത്തിന് ഒന്നാം സ്ഥാനം നൽകുക
"മറിയം കർത്താവിന്റെ പാദത്തിങ്കൽ ഇരുന്ന് അവിടുത്തെ വചനം കേട്ടു." (ലൂക്കാ 10:39)
മറിയം ആദ്യം ചെയ്തത് ഒരു ജോലിയല്ല; ഒരു ബന്ധം സ്ഥാപിക്കുകയായിരുന്നു. അവൾ ഈശോയുടെ അരികിൽ ഇരുന്നു, അവന്റെ സാന്നിധ്യത്തെ വിലമതിച്ചു. അവൾ ഈശോയുടെ മുഖത്തേക്ക് നോക്കി, അവന്റെ സ്നേഹത്തിൽ മുഴുകി.
സഭാപിതാവ് വിശുദ്ധ അഗസ്റ്റിൻ പറയുന്നു:
"മർത്തയുടെ സേവനം നല്ലതാണ്; എന്നാൽ മറിയം തിരഞ്ഞെടുത്തത് നിത്യമായ ഭാഗമാണ്." (Sermon 103)
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (CCC 2710):
"ദൈവവചനം ശ്രദ്ധയോടെ കേൾക്കുന്നതാണ് ധ്യാനത്തിന്റെ അടിസ്ഥാനം."
റൂത്തിന്റെ ജീവിതവും ഇതുതന്നെയാണ് പഠിപ്പിക്കുന്നത്. (റൂത്ത് 1:16-17) അവൾ ആദ്യം നൊവോമിയോട് ചേർന്നു; പിന്നെ മാത്രമാണ് പുതിയ ജീവിതത്തിലേക്ക് നടന്നത്. ബന്ധം ആദ്യം, പ്രവർത്തനം പിന്നീട്.
ജീവിതപാഠം: പ്രാർത്ഥനയില്ലാത്ത സേവനം ക്ഷീണിപ്പിക്കും; പ്രാർത്ഥനയിൽ നിന്ന് ജനിക്കുന്ന സേവനം അനുഗ്രഹമാകും.
2. മറിയം പൂർണ്ണശ്രദ്ധ നൽകി; ജീവിതത്തിലെ പ്രയോറിറ്റി ശരിയായി നിശ്ചയിച്ചു
മറിയം ഈശോ പറഞ്ഞതല്ലാതെ മറ്റൊന്നും ശ്രദ്ധിച്ചില്ല. ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം തിരഞ്ഞെടുത്തു.
"ഒരു കാര്യം മാത്രമേ ആവശ്യമുള്ളൂ; മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു." (ലൂക്കാ 10:42)
സിറാക്ക് 33:7-13 എല്ലാ ദിവസങ്ങളും ഒരുപോലെയല്ല; ദൈവം ഓരോന്നിനും പ്രത്യേക സ്ഥാനവും ലക്ഷ്യവും നൽകിയിരിക്കുന്നു. അതുപോലെ ജീവിതത്തിലും പ്രധാനപ്പെട്ടതും അടിയന്തിരവുമായ കാര്യങ്ങൾ വേർതിരിച്ചറിയാനുള്ള ജ്ഞാനം വേണം.
വിശുദ്ധ ഗ്രിഗറി മഹാൻ പറയുന്നു:
"ധ്യാനത്തിൽ നിന്ന് ശക്തി സ്വീകരിച്ചാൽ മാത്രമേ പ്രവർത്തനം ഫലം കായ്ക്കൂ."
CCC 2697
"പ്രാർത്ഥനയ്ക്ക് ജീവിതത്തിൽ പ്രത്യേക സമയവും സ്ഥാനവും നിശ്ചയിക്കണം."
ഇന്നത്തെ വെല്ലുവിളി: മൊബൈൽ, വാർത്തകൾ, സോഷ്യൽ മീഡിയ എന്നിവയ്ക്ക് സമയം കണ്ടെത്തുന്ന നാം ദൈവവചനത്തിനായി പ്രത്യേക സമയം മാറ്റിവയ്ക്കുന്നുണ്ടോ?
3. മർത്തയുടെ സേവനം തെറ്റായിരുന്നില്ല; എന്നാൽ ഉത്കണ്ഠയായിരുന്നു പ്രശ്നം
ഈശോ മർത്തയെ ശകാരിച്ചില്ല; അവളുടെ വെപ്രാളത്തെയും ചിന്താഭാരത്തെയുമാണ് തിരുത്തിയത്.
"മർത്തേ, നീ പല കാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും അസ്വസ്ഥയാകുകയും ചെയ്യുന്നു." (ലൂക്കാ 10:41)
റോമർ 12:3-8 സഭയിൽ ഓരോരുത്തർക്കും വ്യത്യസ്ത ദാനങ്ങളുണ്ട്. ചിലർ പഠിപ്പിക്കും, ചിലർ സേവിക്കും, ചിലർ പ്രോത്സാഹിപ്പിക്കും. എന്നാൽ എല്ലാം വിനയത്തോടെയും ദൈവകൃപയെ ആശ്രയിച്ചും ചെയ്യണം.
വിശുദ്ധ ജോൺ ക്രിസോസ്റ്റം പറയുന്നു:
"പ്രവർത്തനം പ്രാർത്ഥനയിൽ നിന്ന് ശക്തി സ്വീകരിക്കുമ്പോഴാണ് അത് ദൈവമഹത്വത്തിനായിത്തീരുന്നത്."
CCC 2427
"മനുഷ്യന്റെ തൊഴിൽ ദൈവസൃഷ്ടിയിൽ പങ്കുചേരലാണ്."
അതിനാൽ സേവനം ഉപേക്ഷിക്കണമെന്നല്ല, സേവനം ദൈവസാന്നിധ്യത്തിൽ നിന്ന് ആരംഭിക്കണമെന്നാണ് ഈശോ പഠിപ്പിക്കുന്നത്.
4. ഇന്നത്തെ മറിയ–മർത്ത കോമ്പിനേഷൻ – പ്രാർത്ഥിക്കുന്ന കൈകളും പ്രവർത്തിക്കുന്ന കൈകളും
ഇന്നത്തെ ലോകത്ത് ദൈവം ആഗ്രഹിക്കുന്നത് മറിയയെയും മർത്തയെയും ഒന്നിപ്പിച്ച ജീവിതമാണ്.
ഉദാഹരണം 1
രാവിലെ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ മൊബൈലിൽ ദൈവവചനം കേൾക്കുന്ന ഒരു അമ്മ. അവൾ മറിയയെപ്പോലെ ദൈവവചനം ശ്രവിക്കുകയും, മർത്തയെപ്പോലെ കുടുംബത്തെ സേവിക്കുകയും ചെയ്യുന്നു.
ഉദാഹരണം 2
അഞ്ഞൂറോളം റബർ മരങ്ങൾ ടാപ്പ് ചെയ്യുന്ന ഒരു തൊഴിലാളി. ജോലി ചെയ്യുമ്പോൾ മുഴുവൻ സമയം ഭക്തിഗാനങ്ങൾ കേൾക്കുന്നു. അവന്റെ കൈകൾ ജോലിചെയ്യുന്നു; ഹൃദയം ദൈവത്തോടൊപ്പം നടക്കുന്നു.
ഇതാണ് "Ora et Labora" (പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക) എന്ന വിശുദ്ധ ബെനഡിക്ടിന്റെ ആത്മീയത.
CCC 2745
"പ്രാർത്ഥനയും ക്രൈസ്തവജീവിതവും വേർപിരിയാൻ കഴിയാത്തവയാണ്."
കൊലോസ്യർ 3:17
"നിങ്ങൾ എന്തു ചെയ്താലും കർത്താവായ ഈശോയുടെ നാമത്തിൽ ചെയ്യുവിൻ."
5. നമ്മുടെ ജീവിതത്തിലെ നല്ല ഭാഗം എന്താണ്?
മറിയത്തിന്റെ നല്ല ഭാഗം നാലു കാര്യങ്ങളായിരുന്നു:
ഈശോയുടെ അരികിൽ ഇരുന്നു – സാന്നിധ്യത്തെ വിലമതിച്ചു.
ഈശോയുടെ മുഖത്തേക്ക് നോക്കി – സ്നേഹബന്ധം വളർത്തി.
ഈശോയുടെ വചനം ശ്രദ്ധയോടെ കേട്ടു – വിശ്വാസം വളർത്തി.
പ്രധാനപ്പെട്ടതിനെ ആദ്യം തിരഞ്ഞെടുത്തു – ശരിയായ പ്രയോറിറ്റി നിശ്ചയിച്ചു.
റൂത്ത് ദൈവജനത്തോടൊപ്പം നിൽക്കാൻ തിരഞ്ഞെടുത്തു. സിറാക്ക് ജ്ഞാനത്തോടെ തിരഞ്ഞെടുക്കാൻ പഠിപ്പിക്കുന്നു. റോമർ 12 ദൈവം നൽകിയ ദാനങ്ങൾ സ്നേഹത്തോടെ ഉപയോഗിക്കാൻ വിളിക്കുന്നു. ലൂക്കാ 10 ദൈവസാന്നിധ്യത്തിൽ നിന്ന് ആരംഭിക്കുന്ന ജീവിതമാണ് ഒരിക്കലും അപഹരിക്കപ്പെടാത്ത "നല്ല ഭാഗം" എന്ന് പ്രഖ്യാപിക്കുന്നു.
സമാപനം
പോപ്പ് ബെനഡിക്ട് XVI എഴുതുന്നു:
"ക്രൈസ്തവവിശ്വാസം ഒരു ആശയവുമായി കൂടിക്കാഴ്ചയല്ല; ജീവനുള്ള വ്യക്തിയായ ഈശോയുമായുള്ള കണ്ടുമുട്ടലാണ്." (Deus Caritas Est, 1)
അതിനാൽ നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും സ്ഥാപനങ്ങളിലും മറിയത്തിന്റെ ശ്രവിക്കുന്ന ഹൃദയവും മർത്തയുടെ സേവിക്കുന്ന കൈകളും ഒരുമിച്ച് വളരട്ടെ. അപ്പോൾ നമ്മുടെ ഓരോ ദിവസവും പ്രാർത്ഥനയും പ്രവർത്തനവും ചേർന്ന ഒരു വിശുദ്ധ യാഗമായി മാറും.