SUNDAY PULPIT › HOMILIES & RESOURCES

ഏലിയാ-സ്ളീവാ-മൂശ – 06

Homilies, reflections and PDF documents

16 accordion sections
▤Homily 01- Matthew 15:21-28⌄
▤Homily 02- Matthew 15:21-28⌄
▤Homily 03- Matthew 15:21-28⌄
▤Homily 04- Matthew 15:21-28⌄
▤Homily 05- Matthew 15:21-28⌄
▤Homily 06- Matthew 15:21-28⌄
▤Homily 07- Matthew 15:21-28⌄
▤Homily 08- Matthew 15:21-28⌄
▤Homily 09- Matthew 15:21-28⌄
▤Homily 10- Matthew 15:21-28⌄
▤Homily 11- Matthew 15:21-28⌄
▤Homily 12 - John 12:27-36⌄

ഏലിയാ സ്ലീവാ മൂശാക്കാലം ഞായർ 6

യോഹ 12:27-36

Biblical Background

കുരിശിന്റെ പുകഴ്ച /ഉയർപ്പ് അതാണ് ഇന്നത്തെ പ്രധാന ചിന്താവിഷയം. അവഗണിക്കപ്പെട്ടവന്റെ /തഴയപ്പെട്ടവന്റെ വിജയം അതാണ് കുരിശിൽ കാണുക. ആദ്യ വായനയിൽ സഹോദരന്മാരാൽ ഉപേക്ഷിക്കപെട്ടവനും അടിമയായി വിൽക്കപ്പെട്ടവനുമായ ജോസഫിനെ ഈജിപ്ത് അധിപതിയായി ദൈവം ഉയർത്തുന്നു. രണ്ടാം വായനയിൽ വെറും ഇടയ ചെറുക്കനായ ദാവീദിനെ രാജാവിൻറെ സ്ഥാനത്തേക്ക് ഉയർത്തുന്ന കാര്യം കേൾക്കുന്നു. ലേഖനത്തിൽ മനുഷ്യപുത്രന്റെ ഉയർപ്പ്/ മഹത്തീകരണം സൂചിപ്പിക്കുന്നു. യോഹന്നാൻ സുവിശേഷത്തിൽ പറയുന്നതും കുരിശിന്റെ മഹത്തീകരണം ആണ്. ഈശോ കുരിശിൽ ഉയർത്തപ്പെടുമ്പോൾ സകല മനുഷ്യരെയും തന്നിലേക്ക് ആകർഷിക്കും എന്നാണ് പറയുന്നത്.

1.അസ്വസ്ഥമായ മണിക്കൂറുകൾ

തന്റെ ആത്മാവ് അസ്വസ്ഥമാണെന്നും താൻ ഇനി എന്തു പറയേണ്ടു.? എന്ന ഈശോയുടെ ചോദ്യത്തോട് കൂടിയാണ് സുവിശേഷം ആരംഭിക്കുന്നത്. ഈശോയെപോലെ അസ്വസ്ഥമാകുന്ന നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും നമുക്കും ഉണ്ടാകാം . ഈയടുത്ത് കർണാടകയിലെ ഗംഗാവലി പുഴയിൽ മുങ്ങിപ്പോയ അർജ്ജുനന്റെ വാഹനവും ശരീരവും കണ്ടെത്തിയ ശേഷം ആ ലോറി ഉടമയുടെ മനാഫിന്റെ ഇൻറർവ്യൂ മാധ്യമങ്ങളിലൊക്കെ നിറഞ്ഞുനിന്നിരുന്നു. അദ്ദേഹം പറയുന്ന ഒരു കാര്യം ഇതാണ് : അർജുനെ കാണാതായത് മുതൽ പലരും തന്നെ കുറ്റപ്പെടുത്തുവാനും ഒറ്റപ്പെടുത്തുവാനും പരിഹസിക്കുവാനും സംശയത്തോട് കൂടി നോക്കുവാനും തനിക്കെതിരെ വേണ്ടാത്തത് പറഞ്ഞു പരത്തുവാനുമൊക്കെ ശ്രമിച്ചുവെന്നും അത് തന്നെ വല്ലാതെ അസ്വസ്ഥനാക്കി എന്നുമൊക്കെയാണ്. ഇത് അയാളുടെ ജീവിതത്തിൽ മാത്രമല്ല നമുക്കൊക്കെ സംഭവിക്കാവുന്ന അപകടമാണ്. ജീവിതത്തിൽ അരുതാത്തതു സംഭവിക്കുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവർ നമ്മളെ കുറിച്ചുള്ള അപവാദങ്ങൾ പറഞ്ഞു പരത്തുമ്പോൾ നമ്മുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. ഈശോയെപ്പോലെ നമ്മളും ചോദിച്ച് പോകും "ഞാൻ ഇനിയിപ്പോ എന്നാ പറയാനാ ..?" , പറഞ്ഞിട്ട് എന്താ കാര്യം.? എന്നൊക്കെ. എന്നാൽ അങ്ങനെയുള്ള അസ്വസ്ഥതയുടെ നിമിഷങ്ങളിൽ ഈശോയെപോലെ തകരാതെ, തളരാതെ പിടിച്ചുനിൽക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അസ്വസ്ഥമായ മണിക്കൂറുകൾക്കുശേഷം ദൈവം നമ്മെ ഉയർത്തും. കുരിശിൽ കിടന്ന ഈശോയെ മരണത്തിനു അപ്പുറം ദൈവം ഉയർപ്പിച്ചതുപോലെ അവിടുന്നു നമ്മെയും ഉയർത്തും. ഒരു സംശയവുമില്ല.

പരാജയത്തിന്റെയും അപമാനത്തിനും 'സിംബലാണ്' കുരിശ്. മാത്രമല്ല കുരിശിന് തൂങ്ങപ്പെട്ടവൻ ശപിക്കപ്പെട്ടവൻ ആണന്നാണ് പഴയ നിയമത്തിലെ വിശ്വാസം. അങ്ങനെ ശാപത്തിന്റെ മരണത്തിൻറെ അപമാനത്തിന്റെ അടയാളമായ കുരി ശിനെയാണ് ദൈവം മഹത്വത്തിൻറെ ചിഹ്നമായി ഉയർത്തുന്നത്. എന്ന് പറഞ്ഞാൽ അപമാനവും പരാജയവും തഴയപ്പെടലുമെല്ലാം വിജയത്തിലേക്കുള്ള ഒരുവന്റെ ചവിട്ടുപടികളാണ്ട്.

സിൽമാ ഡയലോഗ് പോലെ "ആദ്യം അവർ നിങ്ങളെ പുച്ഛിക്കും, പിന്നെ മാറ്റിനിർത്തും പിന്നെ ആക്രമിക്കും ഒടുവിൽ ആയിരിക്കും നിങ്ങളുടെ വിജയം"

2. എന്തിനാ പ്രാര്ഥിക്കുന്നത്?

സമാന്തര സുവിശേഷങ്ങളിൽ ഈശോ ഗത്സമെൻ തോട്ടത്തിൽ വച്ചു പ്രാർത്ഥിക്കുന്ന സംഭവത്തിന് സമാനമായ ഭാഗമാണ് യോഹന്നാൻ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മനസ്സ് അസ്വസ്ഥമാകമ്പോൾ ഈശോ പ്രാർത്ഥനയിലേക്ക് പ്രവേശിക്കുകയാണ്. തനിക്ക് വരാനിരിക്കുന്ന അപകടം മുൻകൂട്ടിയവൻ കാണുന്നു . അത് മാറിപ്പോകാൻ മാനുഷികമായ ഒരു പ്രേരണയാൽ അവൻ പ്രാർത്ഥിക്കുന്നു. എന്നാൽ അതേ സമയം ദൈവഹിതം സ്വീകരിക്കാനും മനസ്സുകൊണ്ട് ഈശോ തയ്യാറാകുന്നു. മനസ്സ് അസ്വസ്ഥമാകുമ്പോൾ പ്രശ്നങ്ങൾ മുന്നിൽ കുന്നു കൂടുമ്പോൾ നമ്മൾ എന്തിനാണ് അഭയം പ്രാപിക്കുന്നത് ? ഒരു അപകടം, അപമാനം, സങ്കടം, മരണം, നിരാശ ഇതൊക്കെ വരുമ്പോഴേക്കും മനുഷ്യന്മാർ മദ്യപാനത്തിൽ, ആത്മഹത്യയിൽ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടത്തിനുള്ള വഴികളിൽ അതിലേക്കാണ് ശ്രദ്ധിക്കുക . പക്ഷേ പ്രാർത്ഥനയിൽ അഭയം തേടിക്കൊണ്ട് ആ പ്രശ്നത്തെ അഭിമുഖീകരിക്കൻ നമ്മളിൽ എത്രപേർക്ക് പറ്റുന്നുണ്ട്? സങ്കടങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു "പിതാവേ" എന്നു ഈശോ വിളിച്ചതുപോലെ ആത്മാർത്ഥമായി പ്രാർത്ഥിക്കാനും നിലവിളിക്കാനും നമുക്ക് എത്രമാത്രം പറ്റുന്നുണ്ട്?

പലരും ചോദിക്കുന്ന ചോദ്യം ആണിത് . ഓ പ്രർത്ഥിച്ചിട്ടു ഇപ്പോൾ എന്നാ കിട്ടാന? ഒത്തിരി പ്രാര്ഥിച്ചിട്ടും കാര്യങ്ങൾക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്നൊക്കെ.

ഒരു പ്രശ്നത്തെ അതിൽ നിന്നും ഒളിച്ചോടാതെ ധൈര്യപൂർവ്വം നേരിടാൻ ആയിട്ടുള്ള ചങ്കൂറ്റം പ്രാർത്ഥന വഴിയായി നമുക്ക് കിട്ടുന്നുണ്ട് . എന്ന് വെച്ചാൽ പ്രാർത്ഥന പ്രശ്നത്തിന് പരിഹാരം മാത്രം അല്ല , മറിച്ചു ആ പ്രശ്നത്തെ നേരിടാൻ ആയിട്ടുള്ള ധൈര്യമാണ് നമുക്ക് നൽകുന്നത്. ഇമ്മടെ കാരണവന്മാർ പറയും പോലെ 'തെളിച്ച വഴിയിലൂടെ പോയില്ലെങ്കിൽ, പോയ വഴിയിലൂടെ തെളിയിക്കുക' എന്ന് പറയുന്നതുപോലുള്ള ഒരവസ്ഥ. നമ്മൾ ഉദ്ദേശിച്ച പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ആകുന്നില്ലെങ്കിൽ തമ്പുരാന്റെ ഹിതം പോലെ അതിനെ വിട്ടുകൊടുക്കാൻ ഒരു മനസ്സും ധൈര്യവും ഉണ്ടാവുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അതാണ് പ്രാർത്ഥന വഴി ഒരാൾക്ക് ലഭിക്കുന്ന അനുഗ്രഹവും. പിന്നെ ഓർക്കേണ്ട ഒരു കാര്യം യാക്കോബ് ശ്ലീഹ പറഞ്ഞതാണ്:

"ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്‌തിപ്പെടുത്താന്‍ നിങ്ങള്‍ തിന്‍മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്‌."

യാക്കോബ്‌ 4 : 3

3.മുഖ്യ ദൂതന്മാരുടെ തിരുന്നാൾ‍‍‍

‍ മുഖ്യ ധൂതന്മാരുടെ തിരുന്നാൾ -ഗബ്രിയേൽ, റാഫേൽ, മിഖായേൽ- ആണ്.

ഈശോയുടെ പ്രാര്ഥനക്കുള്ള ഉത്തരം സ്വർഗത്തിൽ നിന്നും

ലഭിച്ചുവെന്നും ഒരു ദൂതനെ ‍അയച്ചു അവരെ ശക്തിപ്പെടുത്തി എന്നും (അത് ലൂക്കാ സുവിശേഷത്തിൽ ആണ്) നമ്മൾ കാണുന്നു. എന്ന് വെച്ചാൽ നമ്മുടെ പ്രശ്നങ്ങളിൽ നമ്മൾ നിലവിളിച്ച് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ ആ പ്രശ്നം മാറുന്നില്ല മറിച്ചു പ്രശ്നത്തെ 'ഫെയ്സ്' ചെയ്യാനായിട്ട് ചില സ്വരങ്ങൾ നമ്മൾ കേൾക്കും, അല്ലെങ്കിൽ ദൈവദൂതരെ/ കാവൽ മാലാഖമാരെ ‍നമ്മെ ശക്തിപ്പെടുത്താൻ അവിടുന്നു അയച്ചു തരും . അങ്ങനെ അവിടുന്ന് നമ്മളെ ബലപ്പെടുത്തും. ഇസഹാക്കിന്‌ നേരെ കത്തി ഉയർത്തിയ അബ്രഹത്തെ ദൂതൻ‍ തടഞ്ഞപോലെ തോബിയാസിന് റാഫേൽ മാലാഖ‍ കാവൽ ആയതു പോലെ ചില കാവൽ ദൂതന്മാർ‍ നമുക്കും കൂട്ടു വരും. നമ്മുടെ കാവലായി ചില മാലാഖമാർ ദൈവം നമുക്കായി നിയോഗിച്ചു നൽകും. അതാണ് സങ്കീർത്തകൻ പറയുന്നത് "നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളു

സങ്കീ 91 : 11



ചുരുക്കി പറഞ്ഞാൽ ഇമ്മടെ പ്രാർത്ഥന ഒരിക്കലും നിഷ്ഫലമാകുന്നില്ല. അതിനുത്തരം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് കിട്ടുന്നുണ്ട് . ഒന്നുകിൽ പ്രശ്നം മാറുന്നു. അല്ലെങ്കിൽ അതിനെ അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും ശക്തി കിട്ടുന്നു. ഇതു രണ്ടുമല്ലെങ്കിൽ നമുക്ക് തുണയായി ഒരു ദൈവ ദൂതനെ‍ നൽകപ്പെടുന്നു.

"നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ്‌ ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന്‌ അവിടുന്ന്‌ മറുപടി തരും."

ഏശയ്യാ 58 : 9

*** **** ***** **

'മാലാഖ' എന്ന വാക്കിന്റെ അർത്ഥം ദൂതൻ‍/ദാസൻ എന്നെല്ലാമാണ്

പരമ്പരാഗതമായി മാലാഖമാരെ ഒമ്പത് വൃന്ദങ്ങളായി തിരിച്ചിരിക്കുന്നു. വിശുദ്ധ ഗ്രന്ഥമാണ് ഇതിന് അടിസ്ഥാനം. മഹാനായ വിശുദ്ധ ഗ്രിഗറി ഒരു ദൈവവചന പ്രഭാഷണത്തിൽ മാലാഖമാരുടെ ഒമ്പത് ഗണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്

1)ദൈവദൂതൻമാർ,(Angels)

2) മുഖ്യദൂതൻമാർ (Archangels)

3) പ്രാഥമികന്മാർ, (Principalities)

4) ബലവാന്മാർ (Powers)

5) തത്വകന്മാർ (Virtues) 6)അധികാരികൾ,(Dominions)

7) ഭദ്രാസനന്മാർ, (Thrones)

8) ക്രോവേന്മാർ (Cherubim)

9) സ്രാപ്പേൻമാർ (Seraphim)

മുഖ്യ ദൂതന്മാർ

‍ Gabriel= ദൈവമാണ് എന്റെ ബലം (God is My Strength)

‍ Raphael=* ദൈവം സുഖപ്പെടുത്തുന്നു (God has healed)

Michael= ‍ദൈവത്തെപോലെ ആരുണ്ട്...?(Who Resembles God)

ഈ മാലാഖമാരുടെ സഹായം നമുക്കും തേടാം...

▤Homily 13 - John 12:27-36⌄

ഏലിയാ സ്ലീവ മൂശെ ആറാം ഞായര്‍

ഉത്പ 41:37-45; പ്രഭാ 47:2-3, 8-11;

ഹെബ്രാ 1:1-4;

യോഹ 12:27-36

സഹനത്തിന്‍ ഫലം മഹത്വം

ഡോ. സി. ക്രിസ്റ്റോ സി.എച്ച്. എഫ്

ആരാധനക്രമ വത്സരത്തിലെ ഏലിയാ-സ്ലീവാ-മൂശാ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സഹനത്തിലൂടെ യേശു മഹത്വത്തിലേയ്ക്ക് കടന്നു വന്നതുപോലെ നാമും നമ്മുടെ ജീവിതസഹനങ്ങളിലൂടെ മഹത്വത്തിലേക്ക് കടന്നുവരണമെന്നാണ് ഈ കാലഘട്ടം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. യോഹന്നാന്റെ സുവി ശേഷം 12-ാം അദ്ധ്യായം സഹനത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ക്രിസ്തുപാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്.

വിജ്ഞാനകുതുകികളായ ഗ്രീക്കുകാര്‍ പെസഹാ തിരുനാളില്‍, ഈശോയെ അന്വേഷിച്ചുവരികയും ഈശോ സഹനത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം.

മനുഷ്യപുത്രന്‍

'മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു' എന്നു പറഞ്ഞു കൊണ്ടാണ് ഗ്രീക്കുകാരുമായുള്ള സംഭാഷണം ഈശോ ആരംഭിക്കുന്നത്. തൊട്ടടുത്ത വരികളില്‍ അവിടുന്ന് പറയുന്നു, 'ഗോതമ്പുമണി നിലത്ത് വീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും, അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കുന്നു'. ഇവിടെ മഹത്വവും സഹനവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധം ഇതള്‍ വിരിയുകയാണ്. സഹിക്കുന്നവരാണ് മഹത്വത്തിലേക്ക് പ്രവേശിക്കുന്നതെന്ന് വളരെ വ്യക്തമായി ഈശോ നമ്മെ പഠിപ്പിക്കുന്നു. ഗദ്‌സെമേന്‍ തോട്ടത്തില്‍ ഈശോ രക്തം വിയര്‍ത്തു പ്രാര്‍ത്ഥിച്ചു, 'പിതാവെ, കഴിയുമെങ്കിലീ പാനപാത്രം എന്നില്‍ നിന്ന് അകന്നു പോകട്ടെ, എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.' പിതാവായ ദൈവത്തിന്റെ ഇഷ്ടം ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി ഈശോ കുരിശെടുക്കണമെന്നതായിരുന്നു. അതിന് ഈശോ തയ്യാറായപ്പോള്‍ ദൈവം, സ്വര്‍ഗ്ഗം തുറന്ന് ഈശോയെ മഹത്യപ്പെടുത്തുകയാണ്.

കഷ്ടപ്പാടുകളും സഹനങ്ങളും ദൈവത്തിലാശ്രയിച്ച് ഏറ്റെടുത്തവരെല്ലാം മഹത്വത്തിലേക്ക് പ്രവേശിക്കപ്പെട്ടിട്ടുണ്ടെന്ന് ഉല്‍പത്തിയുടെ പുസ്തകം 41-ാം അദ്ധ്യായത്തില്‍ പൂര്‍വ്വ യൗസേഫിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. പിതാവായ യാക്കോബ്, തന്റെ 12 മക്കളില്‍ കൂടുതല്‍ സ്‌നേഹം ജോസഫിനോട് കാണിക്കുന്നതില്‍ അസൂയ തോന്നിയ സഹോദരന്മാര്‍ ജോസഫിനെ മര്‍ദ്ദിച്ചു, പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു, അവിടന്ന് പൊക്കി ഈജിപ്തുകാര്‍ക്ക് വിറ്റു. ദൈവം ജോസഫിനെ ഉയര്‍ത്തി. സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാനുള്ള പ്രത്യേക കഴിവ് ജോസഫി നുണ്ടായിരുന്നു.അങ്ങനെ അവന്‍ ഫറവോയുടെ കൊട്ടാരത്തിലെത്തി. ജോസഫ് തന്റെ ജീവിതത്തിലനുഭവിച്ച കഷ്ടപ്പാടുകളും ദുരിതങ്ങളും വേദനകളും അവനെ ഈജിപ്തിന്റെ അധിപനാക്കി. ഇന്നിന്റെ സഹനങ്ങള്‍ നാളത്തെ മഹത്വത്തിന്റെ കാരണമാകും.

പ്രഭാഷകന്റെ പുസ്തകത്തില്‍ ദാവീദിനെ കുറിച്ച് പറയുന്നിടത്ത്, തന്റെ എല്ലാ പ്രവര്‍ത്തികളിലും അവന്‍ അത്യുന്നതന്റെ മഹത്വം പ്രകീര്‍ത്തിച്ച് പരിശുദ്ധനായ ദൈവത്തിന് കൃതജ്ഞതയര്‍പ്പിച്ചുവെന്ന് തിരുവചനത്തില്‍ രേഖപ്പെടുത്തിയിട്ട്. അവഗണിക്കപ്പെട്ട ജെസ്സെയുടെ ഇളയ പുത്രനെ ഇസ്രായേലിന്റെ രാജാവായി ദൈവം അഭിഷേചിക്കുന്നു. നമ്മുടെ കണ്ണുകളില്‍ അവഗണിക്കപ്പെടുന്നുവെന്ന് തോന്നുന്നവര്‍ക്കും ദൈവസന്നിദ്ധിയില്‍ വിലയുണ്ട്. സാവുള്‍ ആയിരങ്ങളെ കൊന്നു, ദാവീദ് പതിനായിരങ്ങളേയും എന്ന് ജനങ്ങള്‍ വിളിച്ചു പറയുന്ന തരത്തിലേക്ക് ദൈവം ദാവീദിനെ വളര്‍ത്തി.

സഹനത്തെ മഹത്വത്തിന്റെയും രക്ഷയുടെയും കാരണമായി നമുക്ക് കാണാന്‍ കഴിയുമ്പോഴാണ് നമ്മില്‍ പ്രകാശം ഉണ്ടെന്ന് പറയുവാന്‍ കഴിയുന്നത്.

ഹെബ്രായാക്കാര്‍ക്ക് എഴുതപ്പെട്ട ലേഖനത്തില്‍, വെളിപാടിന്റെ പൂര്‍ണ്ണത ക്രിസ്തുവിലാണെന്ന് കൃത്യമായിട്ടവതരിപ്പിക്കുകയാണ്. ഹെബ്രാ 1:1-4 ല്‍ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവി ടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു. ഹെബ്രായ ലേഖനം സഹനത്തെ ശിക്ഷണമായിട്ടാണ് അവതരിപ്പിക്കുന്നത്. ഹെബ്രാ 12:6 -11, ല്‍ 'താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്‍കുന്നു, മക്കളായി സ്വീ കരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനു വേണ്ടിയാണ് നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്നപ്പോലെ ദൈവം നിങ്ങളോട് പെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏത് മകനാണുള്ളത്? എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്.' സഹനത്തിലൂടെ നമ്മള്‍ ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയരുകയാണ്. വേദനകളും കഷ്ടപ്പാടുകളും നമ്മുടെ അവകാശമാണ്. കാരണം നമ്മളോരോരുത്തരും ദൈവത്തിന്റെ മക്കളാണ്.

ഒരിക്കല്‍ ഒരു കൂട്ടം സന്യാസികള്‍ വലിയ കുരിശുകള്‍ താങ്ങി, ഒരു കുരിശുയാത്ര നടത്തുകയാണ്. സ്വാഭാവികമായും വലിയ കുരിശുകള്‍ ചുമക്കുന്നതു കൊണ്ട് ദാഹവും, ക്ഷീണവും പരവേശവു മൊക്കെ അവര്‍ക്കുണ്ട്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കൂട്ടത്തിലെ യുവ സന്യാസി ഇങ്ങനെ ചിന്തിച്ചു, ''എന്തിനാണ് ഇത്രയും വലിയ, നീളവും ഘനവുമുള്ള കുരിശ് ഞാന്‍ ചുമക്കേണ്ടത്? ആകൃതിയില്‍ കുരിശായി രുന്നാല്‍ പോരെ?'' ഈ ചിന്തയുടെ വെളിച്ചത്തില്‍, ആ യുവസന്യാസി തന്റെ കുരിശിന്റെ നീളവും വീതിയും ഘനവും കുറച്ചു. ആകൃതിയില്‍ കുരിശു തന്നെ. യുവസന്യാസിക്ക് വലിയ സന്തോഷമായി. മറ്റുള്ളവരെ നോക്കി തെല്ല് അഹങ്കാരത്തോടെ അവന്‍ യാത്ര തുടര്‍ന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അവര്‍ക്ക് മുന്നിലതാ വലിയൊരു ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നു. മറ്റുള്ള എല്ലാവരും തങ്ങളുടെ വലിയ കുരിശുകള്‍ ഈ ഗര്‍ത്തത്തിനു മീതെ വച്ച് അതിലൂടെ നടന്ന് മറുകരയിലെത്തി. എന്നാല്‍ കുരിശിന്റെ നീളവും വീതിയും ഘനവും കുറച്ച ആ യുവ സന്യാസി യാകട്ടെ, തന്റെ കുരിശ് ഗര്‍ത്തത്തിന് മീതെ നീട്ടിയപ്പോള്‍ തന്നെ ആ കുരിശ് കൈയില്‍ നിന്നും വഴുതി ഗര്‍ത്തത്തിലേക്ക് വീണു. ആ യുവസന്യാസി, സങ്കടത്തോടെ തന്റെ കുരിശുയാത്ര അവിടെ വച്ച് അവസാനിപ്പിച്ചു.

ചിലര്‍ ദൈവസന്നിധിയില്‍ പരാതിപ്പെടാറുണ്ട്, ദൈവമെ, എന്തിനാണ് എനിക്ക് ഇത്രയും വലിയ ഭാരമുള്ള കുരിശു നല്‍കിയിരിക്കുന്നത്? അതിനുള്ള ഉത്തരമാണീ കഥ. നമുക്ക് രക്ഷയുടെ, മഹത്വത്തിന്റെ മറുകര താണ്ടണമെങ്കില്‍, നീളമുള്ള, വീതിയുള്ള, ഘനമുള്ള ജീവിതകുരിശുകളിലൂടെ മാത്രമെ സാധിക്കൂവെന്ന് ദൈവത്തിന് നന്നായി അറിയാം. ജീവിത കുരിശുകള്‍ മഹത്വത്തിന് കാരണമാകുന്നത് അവിടെയാണ്.

കര്‍ത്താവിന്റെ പീഡാസഹനങ്ങളെ, കുരിശനുഭവങ്ങളെ അപ്പാടെ ജീവിതത്തില്‍ പകര്‍ത്തിയ മഹാ വിശുദ്ധയാണ് വി. മറിയം ത്രേസ്യ. പഞ്ചക്ഷതധാരിയാണ്. ഭാരമേറിയ കുരിശ് താങ്ങി അവശനായി വരുന്ന കര്‍ത്താവിനെ ദര്‍ശനത്തില്‍ കണ്ട മറിയം ത്രേസ്യ പറഞ്ഞു, 'മതി കര്‍ത്താവെ, ഈ കാഴ്ച എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. ഇനി അങ്ങയുടെ കുരിശ് ഞാന്‍ ചുമക്കാം' കര്‍ത്താവിനോടുള്ള സ്‌നേഹം കൊണ്ട്, മറിയം ത്രേസ്യ, ദൈവസന്നിധിയില്‍ നിന്നും സഹനങ്ങള്‍ ചോദിച്ചു വാങ്ങി പഞ്ചക്ഷത ധാരിയായി.

സഹനങ്ങളെ തീണ്ടാപ്പാടകലെ നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഈ കാലഘട്ടത്ത് വിശുദ്ധ മറിയം ത്രേസ്യ നമുക്ക് നല്‍കുന്ന മാതൃക, വെല്ലുവിളി നമുക്ക് സ്വീകരിക്കാം. കഷ്ടപ്പാടുകളെ നമ്മള്‍ അകറ്റി നിര്‍ത്തുമ്പോള്‍ നമ്മള്‍ ശാരീരികമായും, ആത്മീയമായും കൂടുതല്‍ കൂടുതല്‍ രോഗികളും നന്മക്കുറവുള്ളവരുമായി മാറുകയാണ്. അതുകൊണ്ട് സഹനങ്ങളെ ധീരമായി ഏറ്റെടുത്തുകൊണ്ട് കൂടുതല്‍ നന്മകളുള്ളവരായി നമുക്ക് മാറാം.

www.homilieslaity.com

▤Homily 13 -Luke 8: 41- 56⌄
ഏലിയ ശ്ലീവാ മൂശക്കാലം ഞായർ 6⃣
ലൂക്കാ 8: 41- 56

Interpretation

1. 12 വർഷമായി രക്തസ്രാവം ഉണ്ടായിരുന്നവൾ

സുവിശേഷം ആ സ്ത്രീക്ക് നൽകുന്ന ഒരു വിശേഷണം അവളുടെ അസുഖത്തിന്റെ കാലദൈർഘ്യം ആണ് 12 വർഷം. (POC ബൈബിൾ Footnoteൽ ഇങ്ങനെയും കാണാം : തന്നെ സ്വത്തു മുഴുവൻ വൈദ്യന്മാർക്കിടയിൽ ചെലവാക്കിയവൾ, ആർക്കും സുഖപ്പെടുത്താൻ കഴിയാതിരുന്നവൾ.) അങ്ങനെയുള്ള ഒരു ടീമാണ് ഈശോയെ തൊട്ടു സൗഖ്യം നേടുന്നത്. ഈശോ സുഖപ്പെടുത്തുന്നവരുടെ രോഗത്തിന്റെ കാലദൈർക്യം വിവരിക്കുക സുവിഷേകന്മാരുടെ ഒരു രീതി ആയിരുന്നു എന്ന് തോന്നുന്നു. Eg. 38 വർഷമായി തളർവതം പിടിച്ചവൻ, ജന്മനാ അന്ധനയവൻ‍ etc. ശൈശവം മുതൽ അപസ്മാര രോഗം ഉള്ളവൻ നമ്മുടെ ജീവിതത്തിൽ വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നം അത് ശാരീരികം ആകട്ടെ മാനസികം ആകട്ടെ ആത്മീയമാകട്ടെ സുഖപ്പെടുത്താൻ ഈശോക്ക് കഴിയും . പക്ഷെ ഈശോയുടെ അടുത്തേക്ക് വരണം. നമ്മൾ പലപ്പോഴും മറ്റു പല സ്ഥലങ്ങളിലും കയറിയിറങ്ങി സമയവും സമ്പത്തും ചിലവാക്കുകയാണ് . ആശുപത്രികളും കൗൺസിങ് സെന്ററുകളും , di- addiction സെന്ററുകളും നിരങ്ങി നിരങ്ങി ഏറ്റവുമൊടുവിൽ ആണ് പലപ്പോഴും കർത്താവിന്റെ അടുത്തു എത്തുക. ജീവിതത്തിലെ സങ്കടങ്ങളും പ്രശ്നങ്ങളും വർഷങ്ങളായി നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും തമ്പുരാന്റെ മുന്നിൽ ഇറക്കിവെക്കുക സൗഖ്യം നേടുക. അതിപ്പ എത്ര കാല ദൈർഘ്യം ഉള്ളതാണെങ്കിലും ശരി ഈശോ സൗഖ്യം തന്നിരിക്കും.

*2. സമാധാനം

തന്നെ സ്പർശിച്ച് സുഖം പ്രാപിച്ച ആ സ്ത്രീയോട് ഈശോ പറയുന്ന കാര്യം "സമാധാനത്തോടെ പോവുക" എന്നുള്ളതാണ്.
ആ സ്ത്രീയോട് മാത്രമല്ല എല്ലാവരും ഈശോ നൽകുന്ന ഒരു ഉപദേശം, ഒരു സന്ദേശം സമാധാനത്തോടുകൂടി ആയിരിക്കുക സമാധാനത്തോടുകൂടി പോവുക എന്നുള്ളതാണ്.
രണ്ടുവർഷം നീണ്ടുനിന്ന ഇസ്രായേൽ-- പലസ്തീൻ യുദ്ധത്തിനു ഒടുവിൽ സമാധാനം വരാൻ പോകുന്നു എന്നുള്ളതാണ് കഴിഞ്ഞ ആഴ്ചയിലെ പ്രധാനപ്പെട്ട വാർത്ത. (ഉക്രൈൻ- റഷ്യ സമാധാനം ഇപ്പോഴും വിദൂരത്താണ്). സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത് വെനിസ്വലയിൽ നിന്നുള്ള മരിയ കൊറീന മച്ചാടോ ആണ് (അത് അറിഞ്ഞപ്പോൾ മുതൽ ഇമ്മടെ ട്രംപ് മച്ചമ്പി ബോധംകെട്ട് കിടപ്പാണ് എന്നാണ് കേൾക്കുന്നത്). എന്തു തന്നെയായാലും രാജ്യങ്ങൾക്കിടയിലും സംസ്ഥാനങ്ങൾക്കിടയിലും നമ്മുടെ നാട്ടിലും ഇടവകയിലും എല്ലാറ്റിനുമുപരി നമ്മുടെ വീട്ടിലും ജീവിതത്തിലും ഏറ്റവും ഉണ്ടാകേണ്ട ഏറ്റവും പ്രധാന ഗുണം സമാധാനമാണ്. എന്താണ് സമാധാനം കിട്ടാനുള്ള മാർഗം? ഈശോയെ തൊട്ടുകൊണ്ടാണ് ആ സ്ത്രീ സൗഖ്യത്തിലേക്കും അതിലൂടെ സമാധാനത്തിനും പ്രവേശിക്കുന്നത്. നമ്മുടെ സമാധാനം കെടുത്തി കളയുന്ന കാര്യങ്ങൾ പലതാണ് രോഗം, മരണം, സാമ്പത്തിക ബാധ്യത, കുടുംബ പ്രശ്നങ്ങൾ, അങ്ങനെ പലതും... ഈ പ്രശ്നങ്ങൾ എല്ലാത്തിനും ഇടയിൽ ഈശോയോട് ഒപ്പം ആയിരിക്കാൻ ഈശോയെ ഒന്ന് തൊടാൻ നമുക്ക് കഴിഞ്ഞാൽ കുറച്ചൊക്കെ ജീവിതത്തിൽ സമാധാനം കിട്ടുമെന്ന് തോന്നുന്നു. മരിയ മചാടോ ധരിച്ചിരിക്കുന്ന ജപമാലയും ക്രൂശിത രൂപവും വല്ലാത്തൊരു സാക്ഷ്യമായി തോന്നുന്നു. ഇന്നത്തെ കാലത്ത് സമാധനത്തിനുള്ള മാർഗമായും പ്രതീകമായും ഈ കുരിശിനെ ചൂണ്ടിക്കാണിക്കാവുന്നതാണ്.
സത്യം പറഞ്ഞാൽ ഫ്രാൻസിസ് മാർപ്പാപ്പ പറയുന്ന പോലെ യുദ്ധം എന്നു പറയുന്നത് രണ്ട് രാജ്യങ്ങൾക്കും അതിർത്തികൾക്ക് ഇടയിൽ നടക്കുന്ന ഒന്നു മാത്രമല്ല നമ്മുടെ ഇടവകയും നാടും അതിലും ഉപരി നമ്മുടെ വീടും ഒരു തരത്തിൽ പറഞ്ഞാൽ ഇസ്രായേൽ- പലസ്തീൻ യുദ്ധഭൂമിയാകുന്നു എന്നുള്ളതാണ് സത്യം. വാക്കുകൾ കൊണ്ടും നിശബ്ദതകൾ കൊണ്ടുള്ള ആയുധങ്ങളായി നമ്മൾ പരസ്പരം പൊരുതിക്കൊണ്ടിരിക്കുന്നു . എത്രയോ പേർ എത്രയോ വട്ടം നമ്മുടെ ആഭ്യന്തര കലഹങ്ങളിൽചോര പൊടിയുന്നു. ജീവൻ വെടിയുന്നു. (സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ഷാർജയിൽ ആത്മഹത് ചെയ്ത അതുല്യ യും ഭർത്തവിനാൽ കൊല ചെയ്യപ്പെട്ട പുനലൂരു കാരി ശാലിനിയും ചില ഉദാഹരണങ്ങൾ മാത്രം .) സമാധാനം നമ്മുടെ വീട്ടിൽ ഉണ്ടാകാൻ ആയിട്ട് ഈശോയെ ഒന്ന് തൊടുക. നമ്മുടെ വിശ്വസം കൊണ്ടു, നമ്മുടെ പ്രാർത്ഥന കൊണ്ട് , നമ്മുടെ ഭക്തികൊണ്ട്, നമ്മുടെ ആത്മീയ പതിവുകൾ കൊണ്ട് ഈശോയെ തൊടുക. ജീവിതത്തിൽ സമാധാനം പയ്യെ കൈവരും.
പൗലോസ് ശ്ലീഹ എഫോസൂസുകാരെ ഓർമ്മിപ്പിയ്ക്കുന്ന കാര്യം ഇതാണ് "അവൻ( ക്രിസ്തു ) നമ്മുടെ സമാധാനമാണ്" (എഫേ 2:14)
ലോകത്ത് സമാധാനത്തിനുള്ള നോബൽ സമ്മാനം ഇക്കുറി മരിയ മച്ചാടോക്ക് കിട്ടി .... അതവിടെ നിക്കട്ടെ.... നമ്മുടെ വീട്ടിലോ നമ്മുടെ ഇടവകയിലോ സമാധാനത്തിനുള്ള ഒരു സമ്മാനം കൊടുക്കാമെന്നു വച്ചാൽ ആർക്ക് കൊടുക്കാം ...? (അത് കേൾക്കുമ്പോഴേ ഇമ്മടെ ചിലരുടെ ബോധം പോകും...) എന്തായാലും വികാരിയച്ചനാവില്ല എന്ന് ഉറപ്പാണ് അല്ലേ...

3. വിശ്വാസം എന്ന അത്ഭുതം

രണ്ട് അത്ഭുതങ്ങളാണ് സുവിശേഷത്തിൽ കാണുക . ഒന്ന് ഈശോയെ സ്പർശിച്ചുകൊണ്ട് ഒരു സ്ത്രീ സൗഖ്യം പ്രാപിക്കുന്നു. രണ്ട് ഈശോ സ്പർശിച്ചുകൊണ്ട് ഒരു പെൺകുഞ്ഞ് ജീവനിലേക്ക് തിരിച്ചുവരുന്നു. ഈ രണ്ടു അത്ഭുതങ്ങൾക്കും കാരണമായിട്ട് മാറുന്നത് വിശ്വാസം എന്ന ദൈവിക പുണ്യമാണ്. ആദ്യ അത്ഭുതത്തിൽ ആ സ്ത്രീയുടെ വിശ്വാസത്തെ ഈശോ പ്രശംസിക്കുന്നു. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നാണ് ഈശോ അവളോട്‌ പറയുന്നത്. അതായത് ആ സ്ത്രീയുടെ വിശ്വാസം അവളുടെ രക്ഷയ്ക്ക് കാരണമായി എന്നുള്ളതാണ്. രണ്ടാമത്തെ കാര്യത്തിൽ ജീവൻ തിരിച്ചുകിട്ടിയ കുഞ്ഞിന്റെ അല്ല മറിച്ച് അവളുടെ പിതാവിൻറെ വിശ്വാസമാണ് അത്ഭുതത്തിന് കാരണമാകുന്നത്. ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക എന്ന് ഈശോ അയാളോട് പറയുന്നു. അതായത് വിശ്വാസം എന്ന ദൈവിക പുണ്യത്തിന്റെ ഒരു പ്രത്യേകത അത് ഒരുവന്റെ രക്ഷയ്ക്കും അപരന്റെ രക്ഷയ്ക്കും കാരണമാകുന്നു എന്നുള്ളതാണ്. അതായത് എന്റെ വിശ്വാസം , എൻറെ സൗഖ്യത്തിന് , എൻറെ രക്ഷയ്ക്ക്, എൻറെ വിജയത്തിന് കാരണമാകുന്നു . ഒപ്പം തന്നെ എൻറെ വിശ്വാസം മൂലം എൻറെ ഭാര്യ, എൻറെ ഭർത്താവ്, എൻറെ മക്കൾ, എൻറെ കുടുംബം, അവരും രക്ഷയ്ക്കും സൗഖ്യത്തിനും കാരണമാകുന്നു എന്നുള്ളതാണ്. അതായത് വിശ്വാസത്തോടുകൂടിയ എൻറെ പ്രാർത്ഥന എൻറെ തന്നെ ആവശ്യങ്ങൾ നിറവേറ്റി തരുന്നു . കൂട്ടത്തിൽ ഞാൻ ആർക്കു വേണ്ടിയാണോ പ്രാർത്ഥിക്കുന്നത് അവരുടെ ആവശ്യങ്ങളും നിറവേറ്റി കിട്ടുന്നു. എന്നു വച്ചാൽ ഭർത്താവിനു വേണ്ടിയിട്ടുള്ള ഭാര്യയുടെ വിശ്വാസം ഭർത്താവിനു രക്ഷയായി മാറുന്നു. മക്കൾക്ക് വേണ്ടിയിട്ടുള്ള മാതാപിതാക്കന്മാരുടെ വിശ്വാസവും പ്രാർത്ഥനയും അപേക്ഷയും മക്കൾക്ക് രക്ഷയ്ക്കും സൗഖ്യത്തിനും കാരണമാകുന്നു. ഇടവക ജനത്തിന് വേണ്ടിയിട്ടുള്ള വികാരിയച്ചന്റെ വിശ്വാസവും പ്രാർത്ഥനയും അവർക്ക് സൗഖ്യത്തിനും രക്ഷയ്ക്കും കാരണമാകുന്നു എന്നുള്ളതാണ്. അവിശ്വാസിയായ ഭർത്താവ് ഭാര്യയുടെ വിശ്വാസം മൂലം രക്ഷപ്പെടുന്നു എന്നുള്ള പൗലോസിന്റെ അഭിപ്രായവും സഭയിലെ ശ്രേഷ്ഠന്മാരുടെ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന രോഗിയെ സൗഖ്യപ്പെടുത്തും എന്നുള്ള യാക്കോബ് വാക്കുകളും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് എന്ന് പറഞ്ഞാൽ എൻറെ വിശ്വാസം തീർച്ചയായും എന്റെയും മറ്റുള്ളവരുടെയും രക്ഷയ്ക്ക് കാരണമാകുന്നു എന്നു ചുരുക്കം.
▤Homily 14 -യോഹ 12:27-36⌄

INSTANT HOMILY TIPS
ഏലിയാ സ്ലീവാ മൂശാക്കാലം ഞായർ 6⃣
സ്ലീവ - ഞായർ-3

യോഹ 12:27-36

Biblical Background

കുരിശിന്റെ പുകഴ്ച /ഉയർപ്പ് അതാണ് ഇന്നത്തെ പ്രധാന ചിന്താവിഷയം. അവഗണിക്കപ്പെട്ടവന്റെ /തഴയപ്പെട്ടവന്റെ വിജയം അതാണ് കുരിശിൽ കാണുക. ആദ്യ വായനയിൽ സഹോദരന്മാരാൽ ഉപേക്ഷിക്കപെട്ടവനും അടിമയായി വിൽക്കപ്പെട്ടവനുമായ ജോസഫിനെ ഈജിപ്ത് അധിപതിയായി ദൈവം ഉയർത്തുന്നു. രണ്ടാം വായനയിൽ വെറും ഇടയ ചെറുക്കനായ ദാവീദിനെ രാജാവിൻറെ സ്ഥാനത്തേക്ക് ഉയർത്തുന്ന കാര്യം കേൾക്കുന്നു. ലേഖനത്തിൽ മനുഷ്യപുത്രന്റെ ഉയർപ്പ്/ മഹത്തീകരണം സൂചിപ്പിക്കുന്നു. യോഹന്നാൻ സുവിശേഷത്തിൽ പറയുന്നതും കുരിശിന്റെ മഹത്തീകരണം ആണ്. ഈശോ കുരിശിൽ ഉയർത്തപ്പെടുമ്പോൾ സകല മനുഷ്യരെയും തന്നിലേക്ക് ആകർഷിക്കും എന്നാണ് പറയുന്നത്.

1. എന്തിനാ പ്രാര്ഥിക്കുന്നത്?

സമാന്തര സുവിശേഷങ്ങളിൽ ഈശോ ഗത്സമെൻ തോട്ടത്തിൽ വച്ചു പ്രാർത്ഥിക്കുന്ന സംഭവത്തിന് സമാനമായ ഭാഗമാണ് യോഹന്നാൻ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മനസ്സ് അസ്വസ്ഥമാകുമ്പോൾ ഈശോ പ്രാർത്ഥനയിലേക്ക് പ്രവേശിക്കുകയാണ്. തനിക്ക് വരാനിരിക്കുന്ന അപകടം മുൻകൂട്ടി അവൻ കാണുന്നു . അത് മാറിപ്പോകാൻ മാനുഷികമായ ഒരു പ്രേരണയാൽ അവൻ പ്രാർത്ഥിക്കുന്നു. എന്നാൽ അതേ സമയം ദൈവഹിതം സ്വീകരിക്കാനും മനസ്സുകൊണ്ട് ഈശോ തയ്യാറാകുന്നു.

മനസ്സ് അസ്വസ്ഥമാകുമ്പോൾ പ്രശ്നങ്ങൾ മുന്നിൽ കുന്നു കൂടുമ്പോൾ നമ്മൾ എന്തിനാണ് അഭയം പ്രാപിക്കുന്നത് ? ഒരു അപകടം, അപമാനം, സങ്കടം, മരണം, നിരാശ ഇതൊക്കെ വരുമ്പോഴേക്കും മനുഷ്യന്മാർ മദ്യപാനത്തിൽ, ആത്മഹത്യയിൽ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടത്തിനുള്ള വഴികളിൽ അതിലേക്കാണ് ശ്രദ്ധിക്കുക . പക്ഷേ പ്രാർത്ഥനയിൽ അഭയം തേടിക്കൊണ്ട് ആ പ്രശ്നത്തെ അഭിമുഖീകരിക്കൻ നമ്മളിൽ എത്രപേർക്ക് പറ്റുന്നുണ്ട്? സങ്കടങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു "പിതാവേ" എന്നു ഈശോ വിളിച്ചതുപോലെ ആത്മാർത്ഥമായി പ്രാർത്ഥിക്കാനും നിലവിളിക്കാനും നമുക്ക് എത്രമാത്രം പറ്റുന്നുണ്ട്?

പലരും ചോദിക്കുന്ന ചോദ്യം ആണിത് . ഓ...പ്രാർത്ഥിച്ചിട്ടു ഇപ്പോൾ എന്നാ കിട്ടാന? ഒത്തിരി പ്രാര്ഥിച്ചിട്ടും കാര്യങ്ങൾക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്നൊക്കെ...
ഒരു പ്രശ്നത്തെ അതിൽ നിന്നും ഒളിച്ചോടാതെ ധൈര്യപൂർവ്വം നേരിടാൻ ആയിട്ടുള്ള ചങ്കൂറ്റം പ്രാർത്ഥന വഴിയായി നമുക്ക് കിട്ടുന്നുണ്ട് . എന്ന് വെച്ചാൽ പ്രാർത്ഥന പ്രശ്നത്തിന് പരിഹാരം മാത്രം അല്ല , മറിച്ചു ആ പ്രശ്നത്തെ നേരിടാൻ ആയിട്ടുള്ള ധൈര്യമാണ് നമുക്ക് നൽകുന്നത്.

ഇമ്മടെ കാരണവന്മാർ പറയും പോലെ 'തെളിച്ച വഴിയിലൂടെ പോയില്ലെങ്കിൽ, പോയ വഴിയിലൂടെ തെളിയിക്കുക' എന്ന് പറയുന്നതുപോലുള്ള ഒരവസ്ഥ. നമ്മൾ ഉദ്ദേശിച്ച പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ആകുന്നില്ലെങ്കിൽ തമ്പുരാന്റെ ഹിതം പോലെ അതിനെ വിട്ടുകൊടുക്കാൻ ഒരു മനസ്സും ധൈര്യവും ഉണ്ടാവുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അതാണ് പ്രാർത്ഥന വഴി ഒരാൾക്ക് ലഭിക്കുന്ന അനുഗ്രഹവും.

ഈശോ ചങ്കുപൊട്ടി പ്രാർത്ഥിച്ചിട്ടും അവൻറെ കുരിശ് എടുത്ത് മാറ്റപ്പെട്ടിട്ടില്ല മറിച്ചു അവനെ ശക്തിപ്പെടുത്താനായിട്ട് സ്വർഗ്ഗത്തിൽ ഒരു ദൂതൻ‍ വന്നു എന്ന് പറയുന്നുണ്ട് എന്ന് പറഞ്ഞാൽ ചില പ്രാർത്ഥനകൾക്കുള്ള ഉത്തരം എന്ന് പറയുന്നത് പ്രശ്നത്തിനുള്ള പരിഹാരമല്ല മറിച്ചു ആ പ്രശ്നത്തെ സ്വീകരിക്കുവാനുള്ള മനോധൈര്യവും അല്ലെങ്കിൽ കൂടെ നിന്നു ശക്തി പെടുത്താൻ ഒരു മാലാഖയെയും അവൻ അയക്കും...
തീർച്ച...!!

പിന്നെ ഓർക്കേണ്ട ഒരു കാര്യം യാക്കോബ് ശ്ലീഹ പറഞ്ഞതാണ്:
"ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്‌തിപ്പെടുത്താന്‍ നിങ്ങള്‍ തിന്‍മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്‌."
യാക്കോബ്‌ 4:13
അതുകൊണ്ട് പ്രാർഥനക്കും ആവശ്യങ്ങൾക്കും ഒരു പരിധി വയ്ക്കുന്നത് നല്ലതാണ്...

2. കാവൽ ദൂതർ‍
സ്മിത്ത് മച്ചാറാണ് ഇപ്പോൾ താരം...
ദുബായിൽ നിന്നും ടെൽ അവിയിലേക്ക് പറന്നുഉയർന്ന 174 യാത്രക്കാരുള്ള Fly Dubai എന്ന വിമാനത്തെ അപായപ്പെടുത്തുവാനായിട്ടുള്ള സഹ പൈലറ്റിന്റെ ശ്രമത്തെ സ്വന്തം ജീവൻ പോലും അപകടത്തിൽ ആയിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിച്ച ധീരനായ ഇന്ത്യൻ പൈലറ്റ്. മാധ്യമങ്ങൾ അദ്ദേഹത്തിൻറെ വാനോളം പുകഴ്ത്തുന്നുണ്ട്. ഒരു ഇംഗ്ലീഷ് വാർത്ത യുടെ തലക്കെട്ട് ടൈറ്റിൽ അദ്ദേഹത്തെ ഒരു 'ദൈവദൂതൻ' എന്ന രീതിയിലാണ്‍ വിശേഷിപ്പിച്ചിരിക്കുന്നത് . സംഭവിക്കാനിരിക്കുന്ന വലിയ അപകടത്തിൽ നിന്നും ഒരു ദൈവ ദൂതനെ ‍പോലെ അദ്ദേഹം നൂറുകണക്കിന് ആളുകളെ രക്ഷിച്ചു എന്നുള്ളതാണ് സത്യം. (മച്ചാറെ ....നീ നമ്മുടെ മച്ചാനാണ്....)

ഈശോയുടെ പ്രാര്ഥനക്കുള്ള ഉത്തരം സ്വർഗത്തിൽ നിന്നും
ലഭിച്ചുവെന്നും ഒരു ദൂതനെ ‍അയച്ചു അവരെ ശക്തിപ്പെടുത്തി എന്നും (അത് ലൂക്കാ സുവിശേഷത്തിൽ ആണ്) നമ്മൾ കാണുന്നു. എന്ന് വെച്ചാൽ നമ്മുടെ പ്രശ്നങ്ങളിൽ നമ്മൾ നിലവിളിച്ച് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ ആ പ്രശ്നം മാറുന്നില്ല മറിച്ചു പ്രശ്നത്തെ 'ഫെയ്സ്' ചെയ്യാനായിട്ട് ചില സ്വരങ്ങൾ നമ്മൾ കേൾക്കും, അല്ലെങ്കിൽ ദൈവദൂതരെ/ കാവൽ മാലാഖമാരെ ‍നമ്മെ ശക്തിപ്പെടുത്താൻ അവിടുന്നു അയച്ചു തരും . അങ്ങനെ അവിടുന്ന് നമ്മളെ ബലപ്പെടുത്തും. ഇസഹാക്കിന്‌ നേരെ കത്തി ഉയർത്തിയ അബ്രഹത്തെ ദൂതൻ‍ തടഞ്ഞപോലെ തോബിയാസിന് റാഫേൽ മാലാഖ‍ കാവൽ ആയതു പോലെ ചില കാവൽ ദൂതന്മാർ‍ നമുക്കും കൂട്ടു വരും. നമ്മുടെ കാവലായി ചില മാലാഖമാർ ദൈവം നമുക്കായി നിയോഗിച്ചു നൽകും. അതാണ് സങ്കീർത്തകൻ പറയുന്നത് "നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളു".
സങ്കീ 91 : 11

ഈശോയുടെ കാര്യത്തിൽ മാത്രമല്ല നമ്മുടെ ജീവിതത്തിനും ഇത്തരത്തിൽ ദൈവം നമുക്ക് സംരക്ഷണമായി ഒരുപാട് മാലാഖമാരെ‍ നൽകുന്നുണ്ട്. നമുക്ക് വഴികാട്ടാ നായി..., കാവലായി.., ധൈര്യമായി ... ആശ്വാസമായി...
അതു ചിലപ്പോൾ മാതാപിതാക്കളാവാം കൂട്ടുകാരാകാം വൈദിക - സന്യാസ വിഭാഗത്തിൽപ്പെട്ടവരാകാം...

ഇവിടെ ഓർക്കേണ്ട ഒരു കാര്യം നമ്മൾ ഒരു ദൈവ ദൂതനാണ്‍ എന്നുള്ളതാണ്. അപകടത്തിൽപ്പെട്ട ഒരു മനുഷ്യന്, അല്ലെങ്കിൽ സങ്കടപ്പെട്ടിരിക്കുന്ന ഒരു മനുഷ്യന്, അതുമല്ലെങ്കിൽ എന്തെങ്കിലും ശാരീരികമോ സാമ്പത്തികമായ ആവശ്യമായിട്ടുള്ള മനുഷ്യനു മുന്നിൽ ദൈവീക ദൂതനായി‍ മാറുവാനായിട്ടുള്ള വിളിയാണ് ഓരോ ക്രൈസ്തവന്റെയും. ഓർക്കുക... *മറ്റൊരാളുടെ രക്ഷക്കായി ദൈവം അയച്ച കാവൽ ദൂതനാണ്‍ നീ...*

3. പ്രകാശത്തിലൂടെ നടന്ന മനുഷ്യൻ (വി. ഫ്രാൻസിസ് അസീസി )

ലെയോ മാർപാപ്പയുടെ ഫാൻസിലെ സന്ദർശനം ഏറെ ലോക ശ്രദ്ധ ആകർഷിച്ചിരുന്നു. വിശ്വാസം ഏറെക്കുറെ നഷ്ടപ്പെട്ടുപോയെന്നു കരുതിയ ഏറെക്കുറെ സെക്കുലർ ആയ ആ രാജ്യത്ത് ഏകദേശം 7 ലക്ഷം ആളുകളാണ് മാർപാപ്പയെ കാണാൻ ആയിട്ട് ഒരുമിച്ചു കൂടിയത്. ഫ്രാൻസ് ക്രൈസ്തവ വിശ്വാസത്തിലേക്ക് തിരിച്ചു വരുന്നതിനെ സൂചനയായിട്ട് പോലും ചിലർ ഇതിനെ കാണുന്നുണ്ട്. തന്റെ മുന്നിൽ തടിച്ചു കൂടിയ വൻ ജനാവലിയെ പാപ്പാ അഭിസംബോധന ചെയ്തത് "ഫ്രാൻസിലെ വിശുദ്ധരെ (Saints of France) ...."എന്ന് പറഞ്ഞുകൊണ്ടാണ്. അതിൽ അതിശയോക്തി കാണേണ്ടതില്ല. ആദിമ സഭയിൽ ക്രൈസ്തവർ പരസ്പരം അഭിസംബോധന ചെയ്യാൻ ആയിട്ട് ഉപയോഗിച്ചിരുന്ന ഒരു പദമായിരുന്നു വിശുദ്ധർ. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിൽ അതതു സഭകളിലെ ജനങ്ങളെ വിശുദ്ധർ എന്ന് ശ്ലീഹ അഭിസംബോധന ചെയ്യുന്നത് നമുക്ക് കാണാനാകും.
ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്ന ഒരു കാര്യം പ്രകാശത്തിന്റെ മക്കളാവുക, പ്രകാശത്തിൽ നടക്കുക. എന്നതാണ് . എന്ന് പറഞ്ഞാൽ വിശുദ്ധരാവുക എന്നു തന്നെയാണ് അതിനർത്ഥം. (വിശുദ്ദരുടെ തലക്ക് ചുറ്റുമുള്ള പ്രകാശവലയം -Halo- അവർ പ്രകാശത്തിന്റെ മക്കളാണ് എന്നതിന്റെ സൂചന തന്നെയാണ്) . ഒരു ക്രിസ്തവന്റെ അടിസ്ഥാന ഉത്തരവാദിത്തം പ്രകാശത്തിന്റെ മക്കളാവുക അഥവാ വിശുദ്ധനാവുക എന്നതാണ്. "അശുദ്‌ധിയിലേക്കല്ല,വിശുദ്‌ധിയിലേക്കാണ്‌ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്‌.
(1 തെസ 4 : 7)

ഇന്ന് അപ്രകാരം ഒരു പ്രകാശത്തിന്റെ മകനായ ഒരു വലിയ വിശുദ്ധന്റെ തിരുനാളാണ്. *വി. ഫ്രാൻസിസ് അസീസിയുടെ.* ലോകം കണ്ട ഏറ്റവും വലിയ വിശുദ്ധരിൽ ഒരാളാണ് ഫ്രൻസിസ്.
രണ്ടാം ക്രിസ്തു എന്നാണ് പുണ്യാളൻ അറിയപ്പെടുന്നത്.
അസീസിയുടെ ആ പുണ്യവാളൻ നമ്മെ പഠിപ്പിക്കുന്ന ഏതാനും ചില പാഠങ്ങളുണ്ട്.

1) ലാളിത്യം

സമ്പന്നതയുടെ/ ആർഭാടത്തിന്റെ മടിത്തട്ടിൽ ജനിച്ചു വളർന്ന അദ്ദേഹം മാണ് തന്റെ ഉടുതുണി പോലും ഊരിക്കളഞ്ഞു പിന്നീട് ദരിദ്ര്യരിൽ ദരിദ്രനായി ക്രിസ്തുവിനെ അടുത്ത് അനുഗമിക്കുവാനായി ഇറങ്ങി തിരിച്ചത്. അല്പം കൂടി ലളിതമായി /ദരിദ്രമായ ജീവിക്കുക എന്നതാണ് വിശുദ്ധൻ നമ്മെ ഓർമിപ്പിക്കുന്ന ഒരു കാര്യം. ദാരിദ്ര്യ അരൂപി നമ്മുടെ സമൂഹത്തിലും സഭയിലും നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്നതാണ് നമ്മൾ നേരിടുന്ന വലിയ അപകടം. നമ്മുടെ വസ്ത്രം, വാഹനം, ഭവനം, ഭക്ഷണം എല്ലാത്തിലും നമ്മൾ അറിയാതെ ഒരു ആർഭാടം കയറിവന്നു കഴിഞ്ഞിരിക്കുന്നു. ഇതിൻറെ പ്രശ്നങ്ങൾ വളരെയേറെയാണ്. സമ്പത്ത് എവിടെയൊക്കെ ഏറുന്നുണ്ടോ അവിടെയൊക്കെ വിശ്വാസത്തിന് തകർച്ച സംഭവിച്ചിട്ടുണ്ട് എന്നുള്ളത് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ജീവിതത്തിൽ ഒരു ദാരിദ്ര്യരൂപി കാത്തു സൂക്ഷിക്കാൻ നമുക്ക് ശ്രമിക്കാം.. നമുക്ക് പ്രാർത്ഥിക്കാം " കർത്താവേ എന്നെ നീ കുറച്ചു കൂടി ദരിദ്രനക്കണേ..."

2) സഹനങ്ങളെ ഏറ്റെടുക്കുക

ക്രിസ്തുവിന്റെ സഹനം ജീവിതത്തിൽ ഏറ്റെടുത്ത വ്യക്തിയാണ് വി. ഫ്രാൻസിസ്. ആ സഹനത്തിന്റെ പ്രത്യക്ഷമായ അടയാളമായി വേണം അദ്ദേഹത്തിന്റെ പഞ്ചക്ഷതങ്ങളെ പോലും കാണുവാൻ (മരിക്കുമ്പോഴും ക്രിസ്തുവിൻറെ പഞ്ചക്ഷതങ്ങളെ ശരീരത്തിൽ വഹിച്ച മരിച്ച ഏക വിശുദ്ധനാണ് ഫ്രാൻസിസ്. വി. പാദ്രെ പിയൊ പോലുള്ള ഒട്ടു മിക്ക വിശുദ്ധർക്കും മരണസമയത്തിന് മുൻപ് ആ പാടുകൾ അപ്രത്യക്ഷമായിരുന്നു) .
ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെ - ശാരീരികവും മാനസികവുമായ - സ്വീകരിക്കാൻ പഠിക്കുന്നത് നല്ലതാണ്. സഹനം നമ്മളെ മഹത്വത്തിലേക്ക് പ്രവേശിപ്പിക്കും എന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിലെ കുരിശുകൾ നമ്മളെ ഉത്ഥാന ത്തിലേക്ക് നയിക്കും എന്നു തന്നെയാണ് നമ്മുടെ വിശ്വാസം . പുണ്യാളനെ പോലെ തമ്പുരാൻ നമ്മുടെ ജീവിതത്തിൽ തരുന്ന സഹനങ്ങൾ പരാതി കൂടാതെ ക്രിസ്തുവിൻറെ കുരിശിനോട് ചേർത്തുവച്ച് സഹിക്കാൻ നമുക്ക് പറ്റുണം. അവന്റെ മുറിപാടുകൾ ശരീരത്തിൽ കിട്ടിയില്ലെങ്കിൽ പോലും നമ്മുടെ ഹൃദയത്തിനും മനസ്സിനും ഏറ്റ മുറിവുകൾ ക്രിസ്തുവിൽ ആശ്രയിച്ച് സ്വീകരിക്കുവാൻ നമ്മൾ പഠിക്കുക.

*3.പ്രകൃതി കേന്ദ്രീകൃതമായ ഒരു ആത്മീയത (Eco Spirituality)*

ഇന്നത്തെ കാലഘട്ടത്തിൽ വളരെ അത്യാവശ്യമായ ഒന്നാണ് ഈ പറഞ്ഞ Eco Spirituality. ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ച് ആവർത്തിച്ച് അത് നമ്മോട് പറഞ്ഞിരുന്നു. അതായത് ഈ പ്രകൃതിയെ സംരക്ഷിക്കുക. ദൈവം ആകാശവും ഭൂമിയിൽ സൃഷ്ടിച്ചു മനുഷ്യനെ അതു നോക്കാൻ ഏൽപ്പിച്ചു എന്നാണ് ബൈബിൾ പറയുന്നത്. എന്നു പറഞ്ഞാൽ അടിസ്ഥാന പരമായി മനുഷ്യൻ ഒരു തോട്ടക്കാരനാണ്. തോട്ടം വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം അവനുണ്ട്. പ്രകൃതി യോട് അനുരൂപപ്പെട്ടു ജീവിക്കുന്ന ഒരു ആത്മീയ ശൈലി ഫ്രാൻസിസിന് ഉണ്ടായിരുന്നു.

നമ്മുടെ വീടും പരിസരവും, പൊതു സ്ഥലങ്ങളും കുറച്ചു കൂടി വൃത്തിയായി സൂക്ഷിക്കാനുള്ള ജീവിത രീതി ആത്മീയത യുടെ ലക്ഷണമയി നമ്മൾ മാറ്റണം. കുട്ടികൾക്ക് അതിനുള്ള പരിശീലനം കുടുംബത്തിൽ നിന്നു കൊടുക്കണം ( പിള്ളേര് ഈ കാര്യത്തിൽ കുറച്ചുകൂടി മെച്ചമാണ് എന്നു തോന്നുന്നു. നുമ്മ മുതിർന്നവരാണ് ഈ കാര്യത്തിൽ ഉഴപ്പന്മാർ...)
പറമ്പിൽ രണ്ടു ചെടി വയ്ക്കാനും നനയ്ക്കാനും പക്ഷികൾക്കും മൃഗങ്ങൾക്കും‍⬛ കുടിക്കാൻ വെള്ളം കൊടുക്കാനും കൃത്യമായ മാലിന്യം നിർമ്മാർജ്‌നവും ആത്മീയ തയുടെ ഭാഗമയി കണക്കാക്കാം.

ഈ പ്രകൃതി കേന്ദ്രകൃത ആത്മീയത (Eco Spirituality) ഇമ്മടെ catechism department വഴി പള്ളികളിൽ ഇമ്മടെ പിള്ളേരെ പരിശീലിപ്പിക്കണം എന്നതാണ് എന്റെ ഒരു ഇത്.... നടക്കാവോ എന്തോ....?? എന്തായാലും ഫ്രാന്സിസ് പുണ്യാളന് അത്തരം ആത്മീയത ഉണ്ടായിരുന്നു.

പുണ്യാളന്റെ മേൽപറഞ്ഞ പുന്യങ്ങളിൽ ഏതെങ്കിലുമൊക്കെ നമ്മുടെ ജീവിത ത്തിലും പിന്തുടരാൻ ശ്രമിക്കുക.. പ്രകാശത്തിന്റെ മക്കളവുക., വിശുദ്ധാരവുക ....

ശരിയാണ്, രണ്ടാം ക്രിസ്തു വി. ഫ്രാൻസിസ് ആണ., മൂന്നാം ക്രിസ്തു. ആരാണ്...? അത് ഒരു പക്ഷേ നീ ആണെങ്കിലോ...!!!

ചോദ്യവും ഉത്തരവും

ആരാണ് ഈ മനുഷ്യപുത്രൻ (Son of Man)?

ബൈബിളിൽ ഏറ്റവും കൂടുതൽ ഈശോ തന്നെത്തന്നെ വിളിച്ച പേരാണ് "മനുഷ്യപുത്രൻ". സുവിശേഷങ്ങളിൽ 80 തവണയിൽ കൂടുതൽ ഈ പേര് ഉപയോഗിക്കുന്നു.

ഇതിന് 2 പ്രധാന അർത്ഥമുണ്ട്.

1) വെറും മനുഷ്യൻ എന്ന അർത്ഥത്തിൽ:
(സങ്കീ 8:4) പറയുന്നു:
"മനുഷ്യൻ എന്ത്, നീ അവനെ ഓർക്കാൻ? മനുഷ്യപുത്രൻ എന്ത്, നീ അവനെ സന്ദർശിക്കാൻ?"
ഇവിടെ മനുഷ്യപുത്രൻ എന്നാൽ *ബലഹീനനായ, സാധാരണ മനുഷ്യൻ* എന്നാണ്.

2) മഹത്വമുള്ള സ്വർഗ്ഗീയ വ്യക്തി:

"നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു....
എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്‌ ആധിപത്യവും മഹ ത്വവും രാജത്വവും അവനു നല്‍കി..... അവന്റെ രാജത്വം അനശ്വരമാണ്‌....
(ദാനി 7 : 13, 14)
അതായത് യഹൂദന്മാർക്ക് ഈ മനുഷ്യപുത്രൻ എന്നുള്ളത് ദൈവത്തിൽ നിന്ന് വരുന്ന, ദൈവിക അധികാരമുള്ള മിശിഹായാണ്.

ഈശോയ്ക്ക് തന്നെ 'മിശിഹാ' എന്ന് നേരിട്ട് വിളിക്കാമായിരുന്നു. പക്ഷെ അക്കാലത്ത് മിശിഹാ എന്നാൽ ഒരു രാഷ്ട്രീയ രാജാവ്, റോമാക്കാരെ തോൽപ്പിക്കാൻ വരുന്ന യോദ്ധാവ് എന്നാണ് ആളുകൾ കരുതിയിരുന്നത്.

അതുകൊണ്ട് അവൻ മനഃപൂർവ്വം "മനുഷ്യപുത്രൻ" എന്ന പേര് തിരഞ്ഞെടുത്തു. അതിനു രണ്ട് കാര്യങ്ങളുണ്ട്

*a) അവൻ യഥാർത്ഥ മനുഷ്യനാണ്:* നമ്മെപ്പോലെ. നമ്മുടെ വേദന, വിശപ്പ്, ക്ഷീണം എല്ലാം അനുഭവിച്ചു. അതുകൊണ്ട് അവന് നമ്മെ മനസ്സിലാകും.

b) അവൻ സ്വർഗ്ഗത്തിൽ നിന്നുള്ള ദൈവമാണ്: ദാനിയേലിലെ മഹത്വമുള്ള മനുഷ്യപുത്രൻ തന്നെയാണ് അവൻ

▤Homily 15 -മത്തായി 25:31-46⌄

ഏലിയാ സ്ലീവ മൂശാക്കാലം ഞായർ 6
മൂശാക്കാലം ഞായർ -1

മത്തായി 25:31-46

മത്തായിയുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഭാഗമാണിത്. ഈശോയുടെ യുഗാന്ത്യ പ്രഭാഷണത്തിലാണ് (Eschatological Discourse) മത്തായി ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ ധാർമികതയുടെ അല്ലെങ്കിൽ പരസ്നേഹ പ്രവർത്തനങ്ങളുടെ അടിസ്ഥാനമായി നിൽക്കുന്ന സുവിശേഷ ഭാഗമാണ് ഇത്. മാത്രമല്ല ക്രൈസ്തവ- കത്തോലിക്ക വിശ്വാസത്തിലെ അടിസ്ഥാന ഘടകങ്ങളായ മരണം, വിധി , നിത്യ രക്ഷ , നിത്യശിക്ഷ‍ എന്നിവയെ കുറിച്ച് വളരെ വ്യക്തമായി പറയുന്ന സുവിശേഷ ഭാഗം കൂടിയാണ് ഇത്.

Interpretation

1. കോടതി വിധി (Court Room Verdict)

പലപ്പോഴും കോടതിയിൽ നമ്മൾ പോയിട്ടുണ്ടാവും (ചുരുങ്ങിയ പക്ഷം സിനിമകളിൽ എങ്കിലും കോടതി രംഗം നമ്മൾ കണ്ടിരിക്കും). കുറ്റവാളിൽ പ്രതി കൂട്ടിൽ നിക്കുന്നു. ജഡ്ജ് വരുന്നു. വക്കീലുമാർ മാറിമാറി ചില ചോദ്യങ്ങൾ ചോദിക്കുന്നു . ഒടുവിൽ ജഡിജി വിധി പറയുന്നു.

ഏതാണ്ട് ഒരു കോടതി വിചാരണ പോലെയാണ് ഇന്നത്തെ സുവിശേഷവും.
ജഡ്ജ് സിംഹാസനത്തിന് ഉപവിഷ്ടനാകുന്നു. പ്രതികൾ ഒറ്റക്കോ കൂട്ടതോടെയോ പ്രതികൂട്ടിൽ നിൽക്കുന്നു. ജഡ്ജ് ചില ചോദ്യങ്ങൾ ഒക്കെ ചോദിക്കുന്നു. ( പ്രതിക്കു വേണ്ടി വാദിക്കാൻ ഒരു വക്കീൽ ഇല്ല എന്ന കുറവേ ഉള്ളൂ ) അതിൻറെ കിട്ടുന്ന മറുപടി അനുസരിച്ച് കുറ്റവാളിയെ വെറുതെ വിടുകയും ശിക്ഷിക്കുകയും ചെയ്യുന്നു.

ജഡ്ജ് ദൈവംതമ്പുരാൻ ആണ്....
പ്രതിക്കൂട്ടിൽ നിൽക്കുന്നത് നമ്മൾ ഓരോരുത്തരുമാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതനുസരിച്ചായിരിക്കും നമ്മുടെ വിധി നിർണയിക്കപെടുക.

ക്രൈസ്തവ - കത്തോലിക്കാ വിശ്വാസത്തിൻറെ വളരെ ആഴത്തിലുള്ള ഒരാശയമാണ് നമ്മുടെ മരണവും അതിനു ശേഷം ഉണ്ടാകുന്ന വിധിയും. അതു തനതു വിധിയും പൊതുവിധിയും ഉണ്ടെന്നു നമ്മൾ വിശ്വസിക്കുന്നു.

എന്ന് പറഞ്ഞാൽ നമ്മൾ ഏതൊരാളും തമ്പുരാൻറെ മുമ്പിലെ കണക്ക് ബോധിപ്പിക്കേണ്ട വരുമെന്നുള്ളത് സംശയമില്ല . അത് ഒറ്റയ്ക്കും കൂട്ടത്തോടെയും വേണ്ടി വരും...

നമ്മുടെ ദൈവത്തിൻറെ ഒരു പ്രത്യേകത എന്ന് പറയുന്നത് . ദൈവം കാരുണ്യവാനാണ് എന്നു പറയുന്നപോലെ അവിടുന്നു നീതിമാനും കൂടിയാണ്. അത്തരത്തിൽ ഒരു വിവരണം ദാനിയേൽ പ്രവാചകൻറെ പുസ്തകത്തിലും വെളിപാട് പുസ്തകത്തിലും നമ്മൾ കാണുന്നുണ്ട് അതിനു സമാനമായ ആശയമാണ് മത്തായി ഇവിടെ സൂചിപ്പിക്കുന്നത്. അതുകൊണ്ട് നന്മ ചെയ്തവർക്ക് സമ്മാനവും തിന്മ ചെയ്തവർക്ക് ശിക്ഷയും ലഭിക്കുക എന്നുള്ളത് ദൈവത്തിൻറെ നീതിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ആ നീതിയുടെ ഭാഗമായിട്ട് ഈ വിധിയെ കണക്കാക്കാം. ഇപ്രകാരം ഒരു വിചാരണയ്ക്ക് നമ്മളെല്ലാവരും തയ്യാറായി നിന്നെ മതിയാവൂ.
കൈക്കൂലി കൊടുത്തോ കള്ള മൊഴികൊടുത്തോ ഏതെങ്കിലും വിധത്തിൽ ജഡ്ജിയെ സ്വാധീനിച്ചോ ഇതിൽ നിന്നും ഊരി പോരാമെന്നു ആരും കരുതുകയും വേണ്ട. അവന്റെ നീതിയുടെ സിംഹാസനത്തിൽ, കോടതി മുറിയിൽ നാം നിന്നു കൊടുത്തേ പറ്റൂ...

എന്ന് പറഞ്ഞാൽ ഒരു ക്രൈസ്തവ വിശ്വാസി മറക്കാതെ ഹൃദയത്തിൽ സൂക്ഷിക്കേണ്ട ഒരു കാര്യം തനിക്കൊരു മരണം ഉണ്ടെന്നും ഒരു വിധിയാളന്റെ മുൻപിൽ താൻ നിൽക്കേണ്ടി വരും എന്നുമുള്ള വിചാരമാണ്. ആ ഒരൊറ്റ ചിന്ത ജീവിതത്തെ കുറച്ചു കൂടി ഗൗരവമായി എടുക്കാൻ നമ്മെ പ്രേരിപ്പിക്കും. അതാണ് പ്രഭാഷകൻ പുസ്തകത്തിൽ പറയുന്നത് " ഓരോ പ്രവർത്തിയും ചെയ്യുമ്പോൾ ജീവിതാന്ത്യത്തെക്കുറിച്ച് ഓർമ്മിക്കണം. എന്നാൽ നീ പാപം ചെയ്യില്ല എന്ന്" ( പ്രഭാ7:36). നമ്മുടെ മരണത്തെ കുറിച്ചുള്ള ഓർമ്മയും നിത്യ രക്ഷയെ കുറിച്ചുള്ള പ്രതീക്ഷയും നിത്യ ശിക്ഷയെക്കുറിച്ചുള്ള ഭയവും ഒരു പരിധിവരെ പാപത്തിൽ വീഴാതെ ജീവിക്കാൻ നമ്മളെ സഹായിക്കും. ( പണ്ട് കാലങ്ങളിൽ പല സന്യാസ വൈദികരും തലയോട്ടി കയ്യിൽ പിടിച്ചു ധ്യാന പ്രസംഗം നടത്തിയിരുന്നത്രെ.... !!! മനുഷ്യനെ പേടിപ്പിക്കാൻ അതിലും നല്ലൊരു മാർഗം ഇല്ല അല്ലേ....?)

2.കൊല്ല പരീക്ഷ

സ്കൂളിൽ പഠിക്കുമ്പോൾ നമ്മൾ പലതരം പരീക്ഷകൾ എഴുതാറുണ്ട്. ക്ലാസ് ടെസ്റ്റ്, mid-term exam, ഓണപരീക്ഷ, ക്രിസ്മസ് പരീക്ഷ... അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏറ്റവും അവസാനം നടത്തപ്പെടുന്ന കൊല്ല പരീക്ഷയാണ്. ഓണ പരീക്ഷയ്ക്കും ക്രിസ്മസ് പരീക്ഷയ്ക്കും ഇച്ചിരി ഒഴപ്പിയാലും കുഴപ്പമില്ല but കൊല്ല പരീക്ഷയ്ക്ക് തോറ്റാൽ പിന്നെ no രക്ഷ..... അതേ ക്ലാസ്സിൽ തന്നെ വീണ്ടും ഇരിക്കേണ്ടിവരും. (ഇന്നത്തെ പോലെ കൂട്ടത്തോടെ ജയിപ്പിച്ചു വിടുന്ന പരിപാടിയൊന്നും പണ്ടുകാലത്ത് ഇല്ല) സത്യത്തിൽ സുവിശേഷത്തിൽ ഇന്ന് കാണുന്നത് ഒരു ക്രിസ്ത്യാനിയുടെ കൊല്ലപരീക്ഷയുടെ ഒരു ട്രയൽ ആണ്. ഒരു Model exam എന്നൊക്കെ വേണേൽ പറയാം... ഈ കൊല്ല പരീക്ഷയുടെ ചോദ്യപേപ്പർ ഔട്ടാണ് എന്നുള്ളതാണ് ഏറ്റവും സന്തോഷകരമായ കാര്യം. അപ്പ പിന്നെ പരീക്ഷ എളുപ്പമാണല്ലോ... (Question Paper ഔട്ടായി എന്ന കാരണത്താൽ പരീക്ഷ റദ്ദാക്കാൻ ഇത് നീറ്റ് പരീക്ഷയും അല്ല ) അതുകൊണ്ട് നേരത്തെ Out ആയ 6 ചോദ്യങ്ങളുടെ വെളിച്ചത്തിലാണ് ഒരു ക്രിസ്ത്യാനിയുടെ ജീവിത വിജയവും തോൽവിയും നിർണയിക്കപ്പെടുക. ചോദ്യങ്ങൾ വളരെ ലളിതമാണ് Objective type ആണ്. Yes/ No Question പോലെ..
പരീക്ഷ VIVA MODEL ആണ്. അവസാന നാളിൽ കർത്താവ് ചോദിക്കും
1- എനിക്ക് വിശന്നപ്പോൽ ഭക്ഷിക്കാൻ തന്നുവോ?
2- ദാഹിച്ചപ്പോൾ കുടിക്കാൻ തന്നുവോ?
3-നഗ്നനായിരുന്നപ്പോൾ വസ്ത്രം നൽകിയോ?
4-രോഗിയായ എന്നെ സന്ദര്ശിച്ചുവോ?
5-പരദേശി ആയിരുന്നപ്പോൾ സ്വീകരിച്ചോ?
6-കരാഗ്രഹത്തിൽ ആയിരുന്നപ്പോൾ സന്ദർശിച്ചോ...?‍

പേപ്പർ ഔട്ടായിട്ടും കൂടി നമ്മിൽ എത്രപേർക്ക് ആ പരീക്ഷ പാസാകാൻ കഴിയും?
അർപ്പിച്ചു കൂട്ടിയ ബലികളോ എത്തിച്ചു കൂട്ടിയ ജപമാലയും ഏൽപ്പിച്ചു കൂട്ടിയ നൊവേനകളും കത്തിച്ച് കൂട്ടിയ തിരികളോ പൊട്ടിച്ചു കൂട്ടിയ വെടി മരുന്നുകളോ കെട്ടിപ്പൊക്കിയ പള്ളികളോ കല്ലിട്ടു കൊടുത്ത പള്ളിമേടകളോ സ്വർഗ്ഗത്തിലേക്ക് നമ്മെ എത്തിക്കണം എന്നില്ല. കാരുണ്യ പ്രവർത്തികൾ 14 എണ്ണം ആണ് സഭ പഠിപ്പിക്കുന്നത്. അതു ചെയ്യാതെ ഒരു ദിവസം പോലും കടന്നുപോയിക്കൂടാ. ഒന്നും പറ്റിയില്ലെങ്കിൽ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്ക് വേണ്ടി ഒന്നു പ്രാർത്ഥിച്ചിട്ടേ കിടന്നുറങ്ങാവൂ...

3.അത് ക്രിസ്തുവാണ്...!!!

സത്യത്തിൽ ഇന്നത്തെ സുവിശേഷഭാഗം മത്തായി ശ്ളീഹാ ആദിമ സഭക്കു നൽകുന്ന ഉപദേശം കൂടിയാണ്. കാരണം പാവപെട്ടവരെ അവഗണിക്കുന്ന ഒരു സ്വഭാവ സ്ഥിതി ആദിമ സഭയിൽ ഉണ്ടായിരുന്നു. അതാണ് യാക്കോബ് തന്റെ ലേഖനത്തിൽ സൂചിപ്പിക്കുന്നത് 'നിങ്ങളുടെ പ്രാർത്ഥനയോഗത്തിലേക്ക് വിശിഷ്ടമായ വസ്ത്രങ്ങൾ ഇട്ട് സ്വർണ മോതിരം അണിഞ്ഞു വരുന്ന ഒരുവനെ നിങ്ങൾ സ്വീകരിക്കുന്നു. അതേസമയം മുഷിഞ്ഞ വസ്ത്രം ധരിച്ചു വരുന്ന പാവപ്പെട്ടവനെ നിരാകരിക്കുന്നു എന്ന്'. ഈ ഒരു അപകടം ആണ് മത്തായിയും സൂചിപ്പിക്കുന്നത്. അതുകൊണ്ടു എളിയവരിൽ ക്രിസ്തുവിനെ കാണാൻ മത്തായി ഓർമിപ്പിക്കുന്നു. നമ്മൾ ഒരാൾക്ക് ഉപകാരം ചെയ്യുമ്പോൾ അത് ക്രിസ്തുവിനാണ് ചെയ്യുന്നത് എന്നുള്ള ബോധവും ബോധ്യവും ഉണ്ടാവുക പ്രധാനപെട്ട കാര്യമാണ്.

ഫ്രാൻസിസ് അസീസിയുടെ കഥ പോലെ. വഴിയിൽ വച്ചു അദ്ദേഹം ഒരു കുഷ്ഠരോഗിയെ കാണുന്നു . ആദ്യം വെറുപ്പോടെയും പിന്നെ ഒരലപ്പം അകൽച്ചയോടെയും അയാളെ നോക്കുന്നു. പിന്നെ ഒരു ഭ്രാന്തനെപോലെ ഓടിച്ചെന്നു കെട്ടി പിടിച്ചു ചുംബിക്കുന്നു. ഓരോ ചുംബനത്തിലും ഓരോ മുറിവുകൾ അപ്രത്യക്ഷമാകുന്നു. ഒടുവിൽ അവശേഷിക്കുന്നത് 5 മുറിവുകളാണ്. രണ്ടു കൈ വെള്ളയിലും രണ്ടു കാൽ മുട്ടുകളിലും ഒന്നു വിലാവിലും. ഒരു ഭ്രാന്തനെ പോലെ ഫ്രാൻസിസ് നിലവിളിച്ച് പറയുകയാണ് "മുറിവേറ്റ ഓരോ മനുഷ്യൻറെ പുറകിലും ഒളിച്ചിരിക്കുന്നത് നീയാണെന്നു തിരിച്ചറിയുവാൻഞാൻ എത്ര വൈകി" എന്ന്. മുറിവേറ്റ മനുഷ്യർക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത് ക്രിസ്തുവാണെന്ന് തിരിച്ചറിയുക.

ക്രൈസ്തവരുടെ പരസ്നേഹ പ്രവർത്തനങ്ങളുടെ അടിസ്ഥാനം തന്നെ ഈ വചന ഭാഗമാണ്.സഭയുടെ അടിസ്ഥാന മുഖമുദ്ര തന്നെ ഉപവി പ്രവർത്തങ്ങൾ ആണ്. Charity is Our Idendity എന്നാണ് പറയുക. വിശുദ്ധ ഡാമിയനും വി. വിൻസെന്റ് ഡി പോളും വിശുദ്ധ മദർ തെരേസയും നമുക്ക് കാണിച്ചു തരുന്നു മാതൃക അതാണ്. ഇവരുടെ പാതയിൽ മുന്നേറുവാൻ നമുക്കും പരിശ്രമിക്കാം.
ഒരു കാര്യം കൂടി ഓർക്കുക
ചെയ്തുകൂട്ടിയ നന്മകളാണ് ഒരുവനെ സ്വർഗ്ഗത്തിലേക്ക് എത്തിക്കുന്നതെങ്കിൽ ചെയ്യാതെ പോയ നന്മകളാണ് അയാളെ നരകത്തിന് അർഹനാക്കുക. അതായത് അവഗണനയാണ് ഏറ്റവും വലിയ അപരാധം. "നിസ്സംഗതയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തിന്മ" (Indifference is the greatest evil of ourtimes) എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളും ഇതോടു കൂടി ചേർത്ത് വായിക്കാവുന്നതാണ്.

ചോദ്യവും ഉത്തരവും

എന്താണ് തനതു വിധിയും (Particular Judgement) പൊതു വിധിയും (Final Judgement) തമ്മിലുള്ള വ്യത്യാസം..?

കത്തോലിക്കാ സഭയുടെ പഠനം അനുസരിച്ചു ഒരാൾ മരണ ശേഷം 2 തരം വിധിയിലൂടെ കടന്നു പോകേണ്ടിയിരിക്കുന്നു
1. തനതു വിധി/ സ്വകാര്യ വിധി (Particular Judgement)

നമ്മൾ ഓരോരുത്തരും മരിക്കുന്ന നിമിഷം തന്നെ വിധിക്കപ്പെടും. ഇതിനാണ് സ്വകാര്യ വിധി എന്ന് പറയുന്നത്.(CCC 1021-1022.)

ഈ വിധിയിൽ മൂന്ന് സാധ്യതകളുണ്ട്:
a) സ്വർഗം:
b) ശുദ്ധീകരണ സ്ഥലം (Purgatory):
c) നരകം:

സ്വകാര്യ വിധി കഴിഞ്ഞാൽ ആത്മാവ് ഉടനെ തന്നെ സ്വർഗത്തിലോ, ശുദ്ധീകരണ സ്ഥലത്തോ, നരകത്തിലോ പോകും.

2.അന്ത്യവിധി (Final / Last Judgement) - മത്തായി 25:31-46

ലോകാവസാനത്തിൽ യേശു രണ്ടാമതും മഹത്വത്തോടെ വരുമ്പോൾ നടക്കുന്ന വിധിയാണിത്. (CCC 1038-1041)

രണ്ടും തമ്മിലുള്ള വ്യത്യാസം എന്ത്?

സ്വകാര്യ വിധി = വ്യക്തിഗതം, മരണശേഷം ഉടൻ, ആത്മാവിന് മാത്രം.
അന്ത്യവിധി = സാർവത്രികം, ലോകാവസാനത്തിൽ, ശരീരത്തോടെ, എല്ലാവരുടെയും മുന്നിൽ. പിന്നെ
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം :
സ്വകാര്യ വിധിയിൽ കിട്ടിയ വിധി തന്നെയാണ് ഒരാൾക്ക് അന്ത്യവിധിയിൽ സ്ഥിരീകരിക്കുന്നത്, പക്ഷെ അന്ത്യവിധിയിൽ അത് എല്ലാവർക്കും വേണ്ടി പരസ്യമായി പ്രഖ്യാപിക്കപ്പെടുന്നു എന്നു മാത്രം.