ശ്ലീഹക്കാലം 05
Homilies, reflections and PDF documents
▤Homily 01 - (Luke 12:22-34)⌄
▤Homily 02 - (Luke 12:22-34)⌄
▤Homily 03 - (Luke 12:22-34)⌄
▤Homily 04 - (Luke 12:22-34)⌄
▤Homily 05 - (Luke 12:22-34)⌄
▤Homily 06 - (Luke 12:22-34)⌄
▤Homily 07 - (Luke 12:22-34)⌄
▤Homily 08 - (Luke 12:22-34)⌄
▤Homily 09 - (Luke 12:22-34)⌄
▤Homily 10 - (Luke 12:22-34)⌄
▤Homily 11 - (Luke 12:22-34)⌄
▤Homily 12 - (Mathew 10: 16- 33)⌄
▤Homily 13 - (Mathew 10: 16- 33)⌄
▤Homily 14 - (Luke 12: 22-34)⌄
ലൂക്ക 12: 22-34
Biblical Background
ജറുസലേമിലേക്കു ഈശോ നടത്തുന്ന യാത്രക്കിടയിലുള്ള ദീർഘമായ സംഭാഷണത്തിന്റെ ഭാഗമാണ് നമ്മൾ ഇന്ന് വായിച്ച സുവിശേഷം. ഭോഷനായ ധനികന്റെ ഉപമയാണ് ഇതിനു തൊട്ടു മുന്നിലുള്ള സുവിശേഷഭാഗം. അതിൻറെ തുടർച്ച തന്നെയാണ് ഇന്നത്തെ സുവിശേഷവും. കാരണം രണ്ടിലും സമ്പത്തിനൊടുള്ള മനുഷ്യന്റെ attitude എങ്ങിനെ ആകണം എന്നാണ് ലൂക്കാ സൂചിപ്പിക്കുന്നത്.
Interpretation
1.ടെൻഷൻ അടിക്കേണ്ട.. Be....cool
ഈ വർഷത്തെ ജൂലൈ 5 വളരെ സവിശേഷത നിറഞ്ഞ ഒരു ദിവസമായിരുന്നു. ജാപ്പനീസ് കലാകാരി ആയ റിയോ തത്സുകി ജൂലൈ 5 പുലർച്ച വലിയൊരു ഡിസാസ്റ്റർ സംഭവിക്കുമെന്ന് തന്റെ പുസ്തകത്തിൽ പ്രതീകാത്മകമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നു പ്രചരിക്കുകയും ഒത്തിരി പേര് ആ പ്രവചനം വിശ്വസിക്കുകയും ചെയ്തുകൊണ്ട് ആ ദിവസം (അതായത് ഇന്ന്) വലിയ ഭൂകമ്പമോ സുനാമിയോ ഉണ്ടാകും ഉണ്ടാകുമോ എന്നു ഭയന്നും ആകുലപ്പെട്ടും ഇരുന്നിരുന്നു. അതുമൂലം ജപ്പാൻ തായ്ലൻഡ് ഹോങ്കോങ് ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കുള്ള യാത്ര പലരും മാറ്റിവയ്ക്കുകയും വിമാനങ്ങൾ റദ്ദ് ചെയ്യുകയും ചെയ്തു എന്നുള്ളതാണ് അറിയാൻ കഴിഞ്ഞത്. സുനാമിയും കോവിഡ് മഹാമാരിയുമമൊക്കെ പ്രവചിച്ച വ്യക്തിയാണ് ഈ പുള്ളിക്കാരി എന്നാണ് പറയപ്പെടുന്നത്.
എന്തായാലും ലോകത്തെ മുഴുവനും ഉത്കണ്ഠയിലും ആശങ്കയിലും എത്തിക്കുവാൻ ഈ കൊച്ചു കലാകാരിക്ക് ( കൊച്ചല്ല, പ്രായം 70 ആയി കേട്ടോ) സാധിച്ചു എന്നുള്ളതാണ് സത്യം.
സുവിശേഷം പറയുന്നത് ഉത്ക്കണ്ഠകൂടാതെ ജീവിക്കാൻ ആയിട്ടാണ്. മലയാളിയുടെ ജീവിതം ഒരു ടെൻഷൻ സർക്കിളിൽ ആണ് എന്നാണ് പറയുക. കുട്ടികൾക്ക് പരീക്ഷയെക്കുറിച്ചും പഠനത്തെക്കുറിച്ചും ടെൻഷൻ. പഠനം കഴിഞ്ഞാൽ ജോലി കിട്ടാനുള്ള ടെൻഷൻ, ജോലി കിട്ടിയാൽ വിവാഹത്തെക്കുറിച്ച് ടെൻഷൻ, വിവാഹം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാകുന്നത്തിന്റെ ടെൻഷൻ, അതു കഴിഞ്ഞാൽ അവരുടെ ഭാവിയെക്കുറിച്ച് ടെൻഷൻ അവരുടെ പഠനം... അങ്ങനെ പോകുന്നു നീണ്ട നിര ...ഇന്നാളു ഇമ്മടെ ഒരു വല്യച്ഛൻ പറഞ്ഞത് ടെൻഷനടിച്ചു ടെൻഷനടിച്ചു നമ്മളിപ്പോൾ PSC (Pressure, Sugar Cholesterol) ക്കാരായി മാറി എന്നാണ്.
മലയാളികൾ ഒരു മാനസികമായ പിരിമുറുക്കത്തിലൂടെ കടന്നുപോകുന്ന നാളുകളാണ് ഇത്. ആത്മഹത്യയും ഡിപ്രഷനും ലഹരി ഉപയോഗവും ഇത്തരത്തിലുള്ള ടെൻഷന്റെ ഭാഗമായിട്ടാണ് ഒരു പരിധി വരെ സംഭവിക്കുന്നതും.
സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു കാര്യം ടെൻഷനടിക്കാതെ ജീവിക്കുക എന്നുള്ളതാണ്. അതിനുള്ള മാർഗ്ഗമെന്താണ്? ദൈവ ആശ്രയ ബോധമാണ് അതിനുള്ള മരുന്ന്. ജീവിതത്തില് എന്തെല്ലാം സംഭവിച്ചാലും എൻറെ ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല എന്നുള്ള വിശ്വാസമാണ് ടെൻഷൻ ഫ്രീ ആയി ജീവിക്കാനുള്ള മാർഗം. സങ്കീ37:5 പറയുന്നു
"നിന്റെ ജീവിതം കര്ത്താവിനു ഭരമേല്പിക്കുക,
കര്ത്താവില് വിശ്വാസമര്പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും."
ഈ വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുക.
2.ആമസോണിലെ അത്ഭുതം
ആമസോൺ കാട്ടിൽ വിമാന അപകടത്തിൽ അകപ്പെട്ട ഏഴ് പേരിൽ 11 മാസം പ്രായമുള്ള കൈക്കുഞ്ഞ് അടക്കം 7 കുട്ടികളെ തിരിച്ചു കണ്ടെത്തി എന്നുള്ളത് 2 വർഷം മുൻപത്തെ വലിയ ഒരു പ്രധാന പത്ര വാർത്തയായിരുന്നു.. തികച്ചും അൽഭുതം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവം. കാടിനോടും കാലാവസ്ഥയോടും വന്യമൃഗങ്ങളോടും പോരാടിക്കൊണ്ട് ആ കുട്ടികൾ ജീവനിലേക്ക് നടന്നു കയറി. ഏതോ ഒരു അദൃശ്യ കരം അവരെ കാത്തു പരിപാലിച്ചു എന്ന് വേണം കരുതാൻ.
സുവിശേഷത്തിൽ ഈശോ ഓർമിപ്പിക്കുന്നത് ഇത്തരം ഒരു ദൈവ പരിപാലനയെ കുറിച്ചാണ്.
എന്ന് വെച്ചാൽ ഭക്ഷിക്കുവാനും ധരിക്കുവാനും യാതൊന്നും ഇല്ലാതിരുന്ന സാഹചര്യത്തെയും ആ കുട്ടികൾ അതിജീവിച്ചു എന്ന് പറയുന്ന പോലെ ദൈവ പരിപാലനയിൽ ആശ്രയിക്കുന്നവൻ തങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഒരു പരിധിവിട്ട് ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല . എല്ലാം ദൈവം നോക്കിക്കൊള്ളും. അത്തരം ചില സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ദൈവം തരും എന്ന് ചുരുക്കം. നമ്മൾ ചെയ്യേണ്ടത് അവനിൽ ആശ്രയിക്കുക എന്ന് മാത്രം.
മർക്കിടനും (എന്നുവച്ചാൽ കുരങ് - ) മാർജാരനും ( എന്നു വച്ചാൽ പൂച്ച) തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാഴ്ച നമ്മുടെ കണ്ടിരിക്കും. കുരങ്ങന്റെ ദേഹത്ത് കുട്ടിക്കുരങ്ങ് അത് വീഴാതിരിക്കാനായിമുറുകെ പിടിച്ചിരിക്കുന്നു. തള്ള പൂച്ചയാകട്ടെ പൂച്ചക്കുട്ടിയുടെ കഴുത്തിൽ മുറുക്കെ കടിച്ചു പിടിച്ചിരിക്കും. അത് നഷ്ടപ്പെട്ടു പോകാതിരിക്കാൻ. എനിക്ക് തോന്നുന്നു നമുക്ക് ഈ രണ്ടു മനോഭാവവും ആവശ്യമാണ്. നമ്മൾ കുട്ടി കുരങ്ങനെ പോലെ ദൈവത്തെ മുറുകെ പിടിക്കുക . അപ്പോൾ അവൻ തള്ള പൂച്ചയെ പോലെ നമ്മുടെ പിടിവിടില്ല ഉറപ്പാണ്.
ആമസോണിലെ കുട്ടികൾ അപ്രതീക്ഷിതമായി രക്ഷപ്പെട്ടു എന്നുള്ളത് മാത്രമല്ല ആ ദിവസങ്ങളിലെ പ്രധാന വാർത്ത. കടലിനടിയിൽ പോയ ഏതാനും വ്യക്തികൾ നമ്മുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ടൈറ്റാൻ എന്ന മുങ്ങിക്കപ്പൽ പൊട്ടിത്തെറിച്ച് മരിച്ചു എന്നും നമ്മൾ കേട്ടു.
എന്നുവച്ചാൽ തികച്ചും ദരിദ്രമായ, മരണകരമായ സാഹചര്യത്തിൽ എത്തപ്പെട്ടവർ അതിനെ അതിജീവിക്കുന്നു. അതേസമയം വളരെ ധനികമായ സുരക്ഷിതമായ സാഹചര്യങ്ങളിൽ പെട്ടവർ മരണത്തിന് കീഴടങ്ങുന്നു.
എന്നുവച്ചാൽ നമ്മൾ ശരണം വെക്കുന്ന സുരക്ഷയ്ക്കും മാനുഷിക മാനദണ്ഡങ്ങൾക്കും അപ്പുറം മറ്റെന്തോ ആണ് നമ്മളെ സംരക്ഷിക്കുന്നത്. അല്ലേ...?
അതാണ് പുറപ്പാട് പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്
"അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല; അല്പം സമ്പാദിച്ചവനു കുറവുമുണ്ടായിരുന്നില്ല."
പുറപ്പാട് 16:18
3.
"എൻറെ നിക്ഷേപം നീ തന്നെയാ... എന്റെ ഹൃദയവും നിന്നിൽ തന്നെയാ...."
വിശുദ്ധ അന്തോണിസിന്റെ ജീവിതത്തിലെ കഥ പോലെ: ധനികൻ മരിച്ചു . പ്രാർത്ഥന കഴിഞ്ഞ് അടക്കാൻ നേരം അന്തോണി പറഞ്ഞു "അടക്കാൻ വരട്ടെ, ഈ മനുഷ്യൻറെ ഹൃദയം കാണാനില്ല. എല്ലാവരും അവനെ പരിഹസിച്ചു. എന്നാൽ അന്തോണി പറഞ്ഞതാനുസരിച്ചു ഒരാൾ പോയി ധനവാന്റെ പണപ്പെട്ടി തുറന്നപ്പോൾ പുള്ളിയുടെ ഹൃദയം അവിടെ ഇരിക്കുന്നു. സംഭവം കഥയാണ്.
പക്ഷെ നമ്മുടെ ഹൃദയം നമ്മുടെ കൂടെ തന്നെ ഉണ്ടോ എന്ന് ഇടക്ക് ചെക്ക് ചെയ്യുന്നത് നല്ലതാണ്.
സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഉയർച്ച താഴ്ച്ചകളും ടീം 11 പ്ലെയേഴ്സിലെ മാറ്റങ്ങളും , സ്റ്റേറ്റ് ബാങ്കിലെ പലിശ നിരക്കുകളും നമ്മുടെ ഹൃദയത്തെ അസ്വസ്ഥമാകുന്നുണ്ടോ എന്നും വെറുതെ ചിന്തിക്കുക.
പ്രാര്ഥനക്കും പഠനത്തിനും ഇരിക്കുബോഴും പലപ്പോഴും നമ്മുടെ ഹൃദയങ്ങൾ പലപ്പോഴും വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റിങ്ങിലും ക്ലബ് ഹൗസിലെ discussionകളിലും face ബുക്കിലെ മെസ്സേജർ ബോക്സ് ലും ഒക്കെയായി തങ്ങി പോകുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുംഹൃദയം പണയം വച്ച യുവതമുറയാണ് നമുക്ക് ചുറ്റും കെട്ടോ... ലോകത്തിനു ഹൃദയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പരാതിയും ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്.
▤Homily 15 - മത്തായി 10: 16- 33⌄
ശ്ലീഹാക്കാലം 5⃣
മത്തായി 10: 16- 33
Background
ഇന്നത്തെ
വായനകളെല്ലാം സുവിശേഷ പ്രഘോഷണത്തിന് അയക്കപ്പെടുന്ന ശിഷ്യന്മാർക്കുണ്ടായിരിക്കേണ്ട ചില ക്വാളിറ്റികളെ കുറിച്ച് സൂചിപ്പിക്കുന്നു. ആദ്യ വായനയിൽ മോശയെ ഫറവോന്റെ അടുത്തേക്ക് അയക്കുന്നതിന്റെ സൂചനകൾ ആണ്. രണ്ടാം വായനയിൽ ജർമിയ പ്രവാചകൻ ,താൻ കർത്താവിന്റെ കുഞ്ഞാടിനെ പോലെ ശാന്തനായിരുന്നു എന്നു പറയുന്നു . ലേഖനത്തിൽ പൗലോസ് ശ്ലീഹ സുവിശേഷ വേലയ്ക്കായി അയക്കപ്പെട്ടപ്പോൾ താൻ അനുഭവിച്ച മാനസിക -ശാരീരിക ക്ലേശങ്ങളെ കുറിച്ചും വിവരിക്കുന്നു. ഇതിന്റെയൊക്കെ തുടർച്ച തന്നെയാണ് സുവിശേഷവും. വചനപ്രഘോഷണത്തിനു അയക്കപ്പെടുന്ന ശിഷ്യന്മാർക്ക് കർത്താവ് നൽകുന്ന ഉപദേശങ്ങൾ ആണ് 'ഹൈ ലൈറ്റ്'.
1.ചെന്നായകളും കുഞ്ഞാടുകളും
ശിശു കടത്ത് (പണം വാങ്ങി കുഞ്ഞിനെ വിറ്റു) ആരോപിച്ച് മൂന്നുവർഷത്തോളം ജയിലിൽ കിടന്ന മിഷണനി ഓഫ് ചാരിറ്റി സിസ്റ്റേഴ്സ് (Mother Theresa Sisters) സന്യാസ സമൂഹത്തിൽ ഒരംഗം (Sr. Councilia) 3 വർഷത്തെ തടവിനു ശേഷം ജയിൽ മോചിതയായ വിവരം ഈ ദിവസങ്ങളിൽ മീഡിയയിൽ വന്നിരുന്നു .(മുഖ്യധാര മീഡിയകളൊന്നും ഈ വാർത്ത കാര്യമായി ചർച്ച ചെയ്തില്ല). 8 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് വ്യാജമായി കെട്ടിച്ചമച്ചതാണ് എന്ന് തെളിഞ്ഞതിനെ തുടർന്ന് റാഞ്ചി സിവിൽ കോടതി പ്രതികൾ നിരപരാധികളാണ് എന്ന് തിരിചറിഞ്ഞു അവരെ വെറുതെ വിട്ടത്.
ഇത് ഈ സിസ്റ്റേഴ്സിന്റെ മാത്രം കഥയല്ല,
ക്രിസ്തുവിന് വേണ്ടി സുവിശേഷം പ്രഘോഷിക്കുവാനും ക്രൈസ്തവ വിശ്വാസത്തെ പ്രതി മനുഷ്യ നന്മയ്ക്ക് വേണ്ടി സാമൂഹിക പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഏതൊരു ക്രിസ്തു ശിഷ്യനും നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ ഒരു ഉദാഹരണം മാത്രമാണ് ഈ സംഭവം.
'അവർ നിങ്ങളെ ന്യായാധിപ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുക്കും" എന്നാണ് ഈശോ ശിഷ്യന്മാരോട് പറഞ്ഞത്. അതു അക്ഷരം പ്രതി ശരിയാവുന്ന കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്.
സുവിശേഷവേലക്ക് ഇറങ്ങുന്ന ഒരു ക്രിസ്തു ശിഷ്യൻ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളെക്കുറിച്ച് ഈശോ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകുന്ന ഭാഗമാണ് വായിച്ചു കേൾക്കുന്നത്. ഈശോയ്ക്ക് വേണ്ടി, സുവിശേഷത്തിന് വേണ്ടി ലക്ഷക്കണക്കിന് വ്യക്തികളാണ് ലോകമെമ്പാടും മർദ്ദനമേൽക്കുന്നതും പീഡനങ്ങൾ സഹിക്കുന്നതും ജീവൻ വെടിയേണ്ടിവരുന്നതും. അത് ആദിമ നൂറ്റാണ്ടിലെ മത മർദനം മുതൽ മുതൽ 21 നൂറ്റാണ്ടിലെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വരെ വന്നെത്തുന്നു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റ (UCF) കണക്കനുസരിച്ച് ക്രൈസ്തവരെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 900 ൽ അധികം നേരിട്ടുള്ള അക്രമങ്ങളാണ് കഴിഞ്ഞ വർഷം മാത്രം (2025)ക്രൈസ്തവക്ക് എതിരെ നടന്നിട്ടുള്ളത്.
(2024-834, 2023- 734 കേസുകൾ) .
(ഇതിനു പുറമെ Anti Conversion Law, FCRA എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള വിരട്ടലുകൾ വേറെയും.... ) എന്നു പറഞ്ഞാൽ നേരിട്ടുള്ള ആക്രമണത്തേക്കാൾ ഉപരിയായി നിയമം കൊണ്ടും നിലപാടുകൾ കൊണ്ടും ഭരണകൂടം ക്രൈസ്തവ വിശ്വാസത്തെ, വിശ്വാസികളെ ഞെരുക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ് സത്യം.
എന്നാൽ ഇത്തരം പീഡനങ്ങൾ മുന്നിൽ കണ്ടു കൊണ്ടു അതിനെ അതിജീവിക്കുവാനുള്ള മുന്നറിയിപ്പാണ് ഈശോ നൽകുന്നത്. അല്ലെങ്കിലും ഇത്തരം ഓലപാമ്പുകൾക്ക് മുന്നിയ പേടിച്ചു നിൽക്കുന്ന ചരിത്രം ക്രൈസ്തവർക്കില്ല. (വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ കഴിയില്ലല്ലോ.... )
കൊന്നു തള്ളാൻ പോലും മടിയില്ലാത്ത ചെന്നായ്ക്കളുടെ ഇടയിലേക്കാണ് ഒരു ക്രിസ്തു ശിഷ്യന് കുഞ്ഞാടിനെ പോലെ കടന്നു ചെല്ലേണ്ടത്. എന്നുവച്ചാൽ ചുറ്റുമുള്ള സാഹചര്യങ്ങൾ, വ്യവസ്ഥിതികൾ, വ്യക്തികൾ, ഇതെല്ലാം നമുക്ക് പ്രതികൂലമായാലും അതിനിടയിലൂടെ കടന്നുചെന്ന് ജീവൻ പോലും പണയം വെച്ച് സുവിശേഷം പ്രഘോഷിക്കുക എന്നുള്ളതാണ് ക്രിസ്തു ശിഷ്യൻറെ ഉത്തരവാദിത്വം. അങ്ങനെ ചെയ്ത നൂറുകണക്കിന് മിഷനറിമാരുടെയും രക്തസാക്ഷികളുടെയും മാതൃകയും പ്രചോദനവും നമുക്ക് മുന്നിലുണ്ട്. റാണി മരിയ ആകട്ടെ ഫാദർ സ്റ്റൻ സ്വാമി ആകട്ടെ ഫാദർ അരുൾ ദാസ് ആകട്ടെ സിസ്റ്റർ വത്സയാകട്ടെ ഗ്രഹാം സ്റ്റെയനും കുടുംബവും ആകട്ടെ ഇത്തരത്തിൽ ചില ചെന്നായ്ക്കളൽ ആക്രമിക്കപ്പെട്ടു ജീവൻ വെടിയേണ്ടി വന്ന കുഞ്ഞാടുകളാണ് എന്നതിൽ തർക്കമില്ല.
പറഞ്ഞു വരുന്നത് ഈശോയ്ക്ക് വേണ്ടി അവന്റെ സുവിശേത്തിന് വേണ്ടി നൂറു കണക്കിന് ആളുകൾ ഇന്നും ജീവൻ ബലി കൊടുത്തുകൊണ്ടിരിക്കുന്നു. ആഫ്രിക്കയിലെ നൈജീരിയ പോലുള്ള രാജ്യങ്ങളിൽ നിന്നുമെല്ലാം പുറത്തു വരുന്ന വാർത്തകൾ നമ്മെ ഞെട്ടിക്കും. അതുകൊണ്ട് ക്രിസ്തുവിനു വേണ്ടി ത്യാഗങ്ങൾ ഏറ്റെടുക്കുക. സുവിശേഷത്തിനു വേണ്ടി കഷ്ടപ്പെടുന്ന മിഷനറിമാർക്ക് (ഇന്ത്യക്ക് അകത്തും പുറത്തും) വേണ്ടി പ്രാർത്ഥിക്കുക. മിഷൻ മേഖലകളെ നമ്മളെകൊണ്ട് ആകും വിധം സഹായിക്കുക.
2. അഞ്ചാം കുരുവി⬛ (Fifth Sparrow)
പുതിയ സർക്കാരിൻ്റെ പ്രിയദർശിനി ബസ് ഹിറ്റായിട്ടുണ്ട്. സ്ത്രീകൾക്ക് സൗജന്യ യാത്ര. എത്രനാൾ നിലനിൽക്കുമെന്ന് അറിയത്തില്ല എന്തായാലും സംഭവം കലക്കി. എന്താ സ്ത്രീകൾക്ക് മാത്രം...? പുരുഷന്മാർക്കില്ലേ...? നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ദുർബല വിഭാഗത്തിലാണ് സ്ത്രീകൾ . അതുകൊണ്ട് അവർക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. സർക്കാർ സ്ത്രീകൾ പ്രത്യകം മാനിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് പ്രിയദർശിനി. She Taxi കളും Pink Police ഉം കുടുംബ ശ്രീ (സ്ത്രീ) റസ്റ്റോറന്റുകളുമെല്ലാം ഇപ്രകാരമുള്ള ഈ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കണക്കാക്കിയാൽ മതി . അതിനൊടുവിൽ ഇപ്പോ ദേ ഇപ്പ പ്രിയദർശിനിയും.... എന്ന് പറഞ്ഞാൽ സമൂഹത്തിൽ അവഗണിക്കപ്പെടുന്നവരെ പരിഗണിക്കുവാൻ സർക്കാർ പ്രത്യകം ശ്രദ്ധിക്കുന്നു.
ബൈബിളിൽ അഞ്ചാം കുരുവി ⬛(Fifth Sparrow ) എന്നുള്ള ഒരു പ്രയോഗമുണ്ട്. അതായത് തീരെ വിലയില്ലാത്ത ഒന്നിനെ സൂചിപ്പിക്കാൻ ആയിട്ടാണ് ഈ അഞ്ചാംകുരുവി ⬛എന്ന പ്രയോഗം. അതെങ്ങനെ വന്നു..?
മത്തായിയുടെ സുവിശേഷം പ്രകാരം ഈശോ പറയുന്നു ഒരു നാണയത്തുട്ടിനു രണ്ടു കുരുവികൾ⬛⬛ വിൽക്കപ്പെടുന്നു. (മത്തായി 10:29) . ലൂക്ക സുവിശേഷത്തിൽ ഈശോ പറയുന്നത് രണ്ട് നാണയത്തുട്ടിനു അഞ്ചു കുരുവികൾ⬛⬛⬛⬛⬛ വിൽക്കപ്പെടുന്നു (ലൂക്ക 12:6) . അതങ്ങനെ ശരിയാവും .? 1 നാണയത്തിനു 2 ആണെങ്കിൽ 2 നാണയത്തിനു 4 കുരുവികൾ അല്ലേ.. ? അഞ്ചാമത്തെ കുരുവി ബോണസ് ആയിട്ട് കൊടുക്കുന്നതാണ്. (അതിനു അത്രേ വിലയെ ഉള്ളൂ എന്നു ചുരുക്കം). ഇമ്മടെ തുണിക്കടകളിൽ 1 ഷർട്ടിന്റെ വില 250രൂപ. പക്ഷെ 500 രൂപക് 3 ഷർട്ട് കിട്ടും എന്ന് പറയുന്ന പോലെ ഒരു ഏർപ്പാട് .
അഞ്ചാം കുരുവി⬛ എന്നാൽ തീരെ വിലയില്ലാത്തത് എന്നർത്ഥം. എന്നാൽ കർത്താവ് അതിനെ പോലും പരിഗണിക്കുന്നു. എന്നാണ് ഈശോ പറഞ്ഞതിന്റെ അർത്ഥം.
എന്ന് പറഞ്ഞാൽ ദൈവം തീരെ വിലയില്ലാത്തതിനെ , ദുര്ബലമായതിനെ ഗൗരവമായി തന്നെ ദൈവം പരിഗണിക്കുന്നു .(സർക്കാർ താരതമ്യേന ദുർബലമായ സ്ത്രീകളെ പ്രത്യകം പരിഗണിക്കുന്നു എന്നു പറഞ്ഞ പോലെ)
അതായത് ഏറ്റവും നിസ്സാരമായതിനേയും നമ്മൾ അവഗണിക്കുന്നതിനേയും ദൈവം വേണ്ടതിൽ അധികം പരിഗണിക്കുന്നു.
മറ്റുള്ളവരെ പരിഗണിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യകിച്ചു സമൂഹത്തിലെ മുഖ്യധാരയിൽ നിന്നും തഴയപ്പെട്ടവരെ പരിഗണിക്കുക . സ്ത്രീകളെയാകട്ടെ, കുട്ടികളെയാകട്ടെ, ദരിദ്രരെയാകട്ടെ താഴ്ന്ന ജാതിയിൽപ്പെട്ടവരെയാകട്ടെ (ജാതി പറയാൻ പാടില്ല കെട്ടോ...) അന്യ സംസ്ഥാന തൊഴിലാളികളെ ആകട്ടെ ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ടവരെയാകട്ടെ അങ്ങനെ വിലയില്ലാത്തവരായി പൊതു സമൂഹം കണക്കാക്കുന്ന എല്ലാവരെയും ഒന്ന് പരിഗണിക്കാൻ നമുക്ക് ഉത്തരവാദിത്വം ഉണ്ട്.
Magnifica Humanitas എന്ന തന്റെ പ്രഥമ ചാക്രിക ലേഖനത്തിലൂടെ ലിയോ മാർപ്പാപ്പ പറയാൻ ശ്രമിക്കുന്ന ഒരു കാര്യം ഇതാണ്. സാങ്കേതികതയേക്കാളും നിർമ്മിത ബുദ്ധിയെക്കാളും യന്ത്രങ്ങളേക്കാളും ഉപരിയായി മനുഷ്യനെ മാനിക്കുക അവൻ എത്ര നിസ്സാരനായാലും....
നിസ്സാരമായി മറ്റുള്ളവർ കണക്കാക്കുന്നതിനൊക്കെ ഒരു പരിഗണന കൊടുക്കുക എന്നുള്ളത് ദൈവിക സ്വഭാവത്തിന്റെ ഭാഗമാണ്.
3. ഈശോയെ ഏറ്റു പറയുക
ഇയിടെ മരിച്ചുപോയ പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് മൈക്കിൾ പനച്ചിക്കൽ VC അച്ചനെക്കുറിച്ചു, ധ്യാനഗുരു ഡാനിയേൽ അച്ചന്റെ ഒരു വീഡിയോ വൈറലായിരുന്നു. അതായത് പനചിക്കൽ അച്ചൻ നടത്തിയ മൂന്നു മിനിറ്റ് ഒരു പ്രസംഗം ഈശോയ്ക്ക് അദ്ദേഹത്തിന്റെ പാട്ടുകളെക്കാൾ ഇഷ്ടമായി എന്ന ഒരു വെളിപ്പെടുത്തൽ ഒരു സന്യാസിനി തന്റെ ദർശനത്തിൽ അച്ഛനോട് പറഞ്ഞു. അതിൻറെ അവസരം ഇതാണ് . ഒരു മതേതര സംവാദത്തിൽ അച്ചൻ പങ്കെടുത്തു. അതിലെ വിഷയ അവതാരകർ തങ്ങളുടെ മതങ്ങളെക്കുറിച്ച് ശക്തമായി വാദിച്ചു. എന്നാൽ ക്രിസ്ത്യാനി ആകട്ടെ മറ്റു മതസ്ഥരെ വേദനിപ്പിക്കാതെ മത സൗഹാർദ്ദവും മതേതരത്തവും ഒക്കെ പറഞ്ഞു അവിടെയും ഇവിടെയും തൊടാതെ തന്റെ വിശ്വാസം പറഞ്ഞു വച്ചു. അത് അച്ചന് ഇഷ്ടമായില്ല. പിന്നീട് ഓഡിയൻസിന് സംസാരിക്കാൻ അവസരം ലഭിച്ച സമയത്ത് അച്ചൻ എണീറ്റ് നിന്ന് ക്രിസ്ത്യാനിയെ സംബന്ധിച്ച് ക്രിസ്തുവാണ് ഏകദൈവം എന്ന് ശക്തമായി ഉറക്ക പറഞ്ഞു. മൂന്ന് മിനിറ്റോളം നിൽക്കുന്നതായിരുന്നു അച്ചൻറെ പ്രസംഗം. ആ കാര്യമാണ് ഈശോ ഏറെ ഇഷ്ടപ്പെട്ടത്
മറ്റുള്ളവരുടെ മുമ്പിൽ ക്രിസ്തുവിന് ഏറ്റുപറയാനായിട്ടുള്ള ധൈര്യം നമുക്കുണ്ടോ..? നമ്മുടെ വാക്കിൽ പ്രവർത്തിയിൽ, വസ്ത്രധാരണ രീതിയിൽ, ആഭരണ- ഉടയാടകളിൽ നമ്മുടെ ശരീര ഭാഷകളിൽ, അഭിസംബോധന രീതികളിൽ ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കാനായിട്ടുള്ള ഒരു ധൈര്യം ഉണ്ടാവുക പ്രധാനപ്പെട്ട കാര്യമാണ് . ഈ അടുത്തിടെ ഒരു യുവ ധ്യാനഗുരു പറഞ്ഞതുപോലെ "ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ" എന്ന് പറഞ്ഞുകൊണ്ട് വേണം നുമ്മ ക്രിസ്ത്യാനികൾക്കിടയിലെ സംസാരം പോലും ആരംഭിക്കുവാൻ അതാണ് നമ്മുടെ വിശ്വാസപ്രഘോഷണരീതി . അതുകൊണ്ട് കുറച്ചുകൂടി ക്രിസ്തുവിന് പ്രഘോഷിക്കുന്നവരായി മാറുക.
ലോകം ഒരു കാൽ പന്തിലേക്ക് ചുരുങ്ങിയ ദിനങ്ങളാണ്... കളിക്കളത്തിൽ മൂന്ന് ഗോളടിച്ചതിനുശേഷം ഏതാണ്ട് മധ്യവയസ് പിന്നിട്ട ആ കളിക്കാരൻ പതിനായിരക്കണക്കിന് കാണികളെ സാക്ഷി നിറുത്തി ആകാശത്തേക്ക് നോക്കി കുരിശു വരയ്ക്കുമ്പോൾ അതിനും വലിയ ക്രിസ്തു പ്രഘോഷണം വേറെ ഇല്ല എന്നു തോന്നി പോകും... മനുഷ്യരുടെ മുമ്പിൽ വാക്കിലും പ്രവർത്തിയിലും ജീവിതത്തിലും ഈശോയെ ഏറ്റുപറയുക...
ചോദ്യവും ഉത്തരവും
ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന് കഴിയുന്നവനെ ഭയപ്പെടുവിന്.
മത്തായി 10 : 28.
ഇവിടെ എന്താണ് നരകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?
ഇവിടെ നരകം (Hell) എന്നതിന് ഗ്രീക്കിൽ ഈശോ (മത്തായി) ഉപയോഗിച്ചിരിക്കുന്ന വാക്ക് ഗേഹെന്ന (Gehenna) എന്നാണ്.
സത്യത്തിൽ പഴയനിയമത്തിൽ ഗേഹെന്ന എന്ന് പറയുന്നത് ഒരു സ്ഥലപ്പേരാണ് . ഈ വാക്ക് വരുന്നത് ' Ge Hinnon' എന്ന ഹീബ്രു വാക്കിൽ നിന്നാണ് The Valley of Hinnon / ഹിന്നൊൻ താഴ് വര എന്നണ് ഇതിന്റെ അർത്ഥം.
ഇത് ജെറുസലേമിന് പുറത്ത്, തെക്ക് ഭാഗത്തുള്ള ഒരു സ്ഥലമാണ് . അവിടെ വിഗ്രഹ ആരാധനയും നരബലിയും(2 രാജ 23:10, ജെറ 7:31-32) ഒക്കെ നടക്കുന്നത് കൊണ്ട് അത് ശപിക്കപ്പെട്ട ഒരു സ്ഥലമായി യഹൂദർ കണക്കാക്കി പോന്നു.
പ്രവാചകന്മാരുടെ കാലഘട്ടത്തിൽ ആകട്ടെ ആ സ്ഥലം ദൈവത്തിൻറെ ഭീതികരമായ അന്ത്യവിധിയുടെ
ഒരു പ്രതീകാത്മക സ്ഥലമായി മാറി. (അവിടെ പുഴു ചാവുകയോ അഗ്നി കെടുകയോ ഇല്ല.... (ഏശയ്യ 66:24) എന്നുള്ള പ്രയോഗമെല്ലാം അങ്ങനെ വന്നതാണ്.
പിന്നീട് വന്ന യഹൂദ എഴുത്തുകളിൽ ഈ ഗേഹെന്ന എന്നുള്ളത് ഒരു സ്ഥലം എന്നതിനേക്കാൾ ഉപരിയായി ഒരു പ്രതീകാത്മകമായ അവസ്ഥയായി മാറ്റപ്പെട്ടു. ( ഇമ്മടെ നാട്ടിൽ developed അല്ലാത്ത എല്ലാ സ്ഥലങ്ങളേയും 'പട്ടിക്കാട്' എന്ന് വിശേഷിക്കും പോലെ... ആ നാട്ടുകാർ ക്ഷമിക്കുക..)
എന്തായാലും ഈശോയും
തന്റെ യഹൂദ ഓഡിയൻസിന് മനസ്സിലാകത്തക്ക വിധം പലപ്പോഴും ഗേഹെന്ന എന്നുള്ള വാക്ക് ഉപയോഗിക്കുന്നുണ്ട് . (മത്തായി 5:22, മർക്കോസ് 9:47-48).
പിന്നീട് ഗ്രീക്ക് ബൈബിൾ ലത്തീനിലേക്കും അവിടെനിന്ന് English ലേക്കും Translate ചെയ്തപ്പോൾ ഗേഹെന്ന എന്നതിനു നരകം (Hell) എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. (സത്യത്തിൽ ഇത് രണ്ടും ഒന്നല്ല.)
എന്നാൽ മധ്യ കാലഘത്തിൽ ക്രിസ്ത്യൻ എഴുത്തുകളിൽ ഗേഹേന്ന എന്ന പദം നരകം എന്നതിനേക്കാൾ ശുദ്ധീകരണ സ്ഥലം എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നമ്മടെ പഴയ മലയാള പ്രാർത്ഥന പുസ്തകങ്ങളിലും ശുദ്ധീകരണസ്ഥല ആത്മക്കളുടെ വണക്കമാസം പുസ്തകത്തിലുമൊക്കെ ഗേഹേന്ന എന്നതു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്... (അഗ്നി കേടാത്തതും പുഴു ചാകത്തതുമായ ആ സ്ഥലത്തെ കുറിച്ചു ഓർത്തു നമ്മളിൽ പലരും പണ്ട് എത്ര പേടിച്ചിട്ടുണ്ട് അല്ലേ...)