ഏലിയാ-സ്ളീവാ-മൂശ 05
Homilies, reflections and PDF documents
▤Homily 01 - Matthew 17:14-21⌄
▤Homily 02 - Matthew 17:14-21⌄
▤Homily 03 - Matthew 17:14-21⌄
▤Homily 04 - Matthew 17:14-21⌄
▤Homily 05 - Matthew 17:14-21⌄
▤Homily 06 - Matthew 17:14-21⌄
▤Homily 07 - Matthew 17:14-21⌄
▤Homily 08 - Matthew 17:14-21⌄
▤Homily 09 - Matthew 17:14-21⌄
▤Homily 10 - Matthew 17:14-21⌄
▤Homily 11 - Matthew 17:14-21⌄
▤Homily 12 - Matthew 17:14-21⌄
▤Homily 13 - Matthew 20: 1-16⌄
ഞായർ 5
മത്തായി 20: 1-16
Historical Background
(മത്തായിയുടെ) ആദിമ സഭയിൽ നേരത്തെ തന്നെ യഹൂദ ക്രിസ്ത്യാനികളും (നേരത്തെ വന്നവർ) വിജാതീയ ക്രിസ്ത്യാനികളും (വൈകി വന്നവർ) തമ്മിൽ ഒരു അകൽച്ച ഉണ്ടായിരുന്നു. ഇവർ രണ്ടു പേരും യജമാനന് ( ദൈവം) ഒരുപോലെ ആണെന്നും രണ്ടു പേർക്കും തുല്യവേതനം (സ്വർഗ്ഗരാജ്യം ) ലഭിക്കുമെന്നാണ് മത്തായി പറയാൻ ശ്രമിക്കുന്നത്. ഇരുക്കൂട്ടർക്കു ഇടയിലുള്ള വേർതിരിവ് അവസാനിപ്പിക്കാനാണ് പുള്ളിക്കാരൻ ഈ ഉപമയിലൂടെ ശ്രമിക്കുന്നതും.
Interpretation
3 മൂല പാപങ്ങൾ
1. മോഹം × അടക്കം
തങ്ങൾക്ക് കൂടുതൽ ലഭിക്കുമെന്ന് ആദ്യം വന്നവർ വിചാരിച്ചു (മോഹിച്ചു).
അവരുടെ (അതി) മോഹമാണ് അവരെ കൂടുതൽ നിരാശരാക്കിയത് ആശകൾ ആണ് ( മോഹം)എല്ലാ ദുഃഖത്തിനും കാരണമെന്നാണ് ബുദ്ധൻ പറഞ്ഞത്. അമിതമായ expectation ഒന്നിനെക്കുറിച്ചും ആരെക്കുറിച്ച് ഇല്ലാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ജോലിക്ക് സ്ഥാനക്കയറ്റം കിട്ടും, പരീക്ഷയിൽ നല്ല മാർക്ക് കിട്ടും, വിദേശത്തേക്ക് വിസ ഉടൻ ശരിയാകും, അടുത്ത മാറ്റത്തിൽ നല്ല പള്ളി കിട്ടും , മെത്രാൻ അച്ചൻ എന്നെ ഉടൻ പഠിക്കാൻ വിടും... എന്നിങ്ങനെയുള്ള ഉള്ള നമ്മുടെ അമിത expectations പലപ്പോഴും നമ്മെ നിരാശരാക്കുന്നു.
ആവശ്യത്തിൽ കൂടുതൽ ആഗ്രഹിക്കുന്നത് തെറ്റില്ല . പക്ഷേ ആഗ്രഹത്തിനും ഒരു പരിധി വയ്ക്കണം. അതല്ലെങ്കിൽ അത് നമ്മെ കൂടുതൽ നിരാശരാക്കിയേക്കാം . (അതി)മോഹം മൂല പാപങ്ങളിൽ പെട്ടതാണ്. അതിനെ ഒന്ന് നിയന്ത്രിക്കുന്നതിൽ തെറ്റില്ല. ഒരല്പം അടക്കം ജീവിതത്തിൽ പാലിക്കുന്നത് നല്ലതാണ്. മോഹിച്ചത് കിട്ടിയില്ലെങ്കിൽ പരാതിയായി , പരിഭവമായി... ഉപമയിൽ കാണുന്നതും അതാണ്
"അതു വാങ്ങുമ്പോൾ അവർ വീട്ടുടമസ്ഥനു എതിരെ പിറുപിറുത്തു തുടങ്ങി."
നമ്മൾ മോഹിച്ചത് നമുക്ക് കിട്ടിയില്ലെങ്കിൽ പിന്നെ ആകെ പ്രശ്നമായി.... സഭയിലെയും രാഷ്ട്രീയത്തിലെയും പല പ്രശ്നഹൾക്കും കാരണം ഈ (അതി) മോഹം എന്ന മൂല പാപം ആണെന്ന് തോന്നുന്നു. അതുകൊണ്ടു 'അടക്കം' എന്ന പുണ്യം അഭ്യസിക്കുക.
ഒള്ളതുകൊണ്ട് (ഓണം പോലെയോ... ക്രിസ്തുമസ് പോലെയോ ) തൃപ്തിപ്പെട്ടു ജീവിക്കാൻ പറ്റിയാൽ വല്യ കാര്യം. അതാണ് ഇന്നത്തെ കാലത്തെ പുണ്യം
*2. 'മടി/ അലസത' × ഉത്സാഹം*
നിങ്ങൾ എന്തിന് അലസമായി നിൽക്കുന്നു? യജമാനൻ ചോദിക്കുന്ന ഒരു ഒന്നൊന്നര ചോദ്യമാണിത്? നമ്മളെ ബാധിച്ചിരിക്കുന്ന ഒരു വലിയ വ്യാധിയാണ് അലസത.
"അലസന്റെ മനസ് പിശാചിന്റെ പണി പുരയാണ് എന്നു പറയാറുണ്ട്." (Idel mind is devil's work shop). ഇമ്മള് ലൂസിഫർ ചേട്ടന് വാടകയ്ക്ക് കൊടുത്തിരിക്കുന്ന നമ്മുടെ ആ പണിപുര ഒന്നു തിരിച്ചു വാങ്ങുന്നത് നല്ലതാണ്.
"എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാല്, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലര് നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള് കേള്ക്കുന്നു."
2 തെസ 3 : 11. ഇതു ഇമ്മടെ പൗലോസ് ശ്ലീഹാ ഇമ്മളെ ഉദേശിച്ചൊന്നും പറഞ്ഞതല്ലല്ലോല്ലേ....? ഏത്....? പണ്ട് ആമയും മുയലും തമ്മിലുള്ള ഓട്ടം മത്സരത്തിൽ മുയലിന് സംഭവിച്ച സംഭവിച്ച അതേ അപകടം. അലസത / മടി ഗൗരവമേറിയ മൂല പാപങ്ങളിൽ പെടുന്ന ഒന്നാണന്നറിയാമല്ലോ.
.? പണി പിന്നെ ചെയ്യാം, പഠനം പിന്നെ ചെയ്യാം, യാത്ര പിന്നെ ചെയ്യാം, home work പിന്നെ ചെയ്യാം, കണക്ക് ശരിയാക്കൽ , പാത്രം കഴുകൽ, അലക്കൽ.... അങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്.... മടി എന്ന മൂല പാപത്തിനുള്ള
മറുമരുന്ന് 'ഉത്സാഹം' അഥവാ 'തീക്ഷ്ണത' എന്ന് തന്നെയാണ്. എന്നുവെച്ചാൽ ഒരല്പം ഉത്സാഹത്തോടെ തീക്ഷ്ണമായിട്ട് കാര്യങ്ങൾ ചെയ്യുക. എപ്പോഴും മടി/ അലസത കൂടാതെ Busy ആയിരിക്കുക. മടിയൻ മല ചുമക്കും... ( ചുമന്നു ചുമന്ന് ഇപ്പ ശീലായി അല്ലെ....)
3. അസൂയ × ഉപവി
യജമാനൻ നല്ലവനായതുകൊണ്ട് ചില ഭൃത്യന്മാർക്ക് അവനോട് അസൂയ തോന്നി എന്നുള്ളതാണ് സുവിശേഷം പറയുന്നത്. അസൂയ എന്നതിന് ബൈബിളിലെ കൃത്യമായ വാക്ക് 'evil /bad eye ' എന്നൊക്കെയാണ് ( മനസിലാക്കാൻ എളുപ്പത്തിന് അസൂയ എന്നു translate ചെയ്തു എന്ന് മാത്രം) .
അതായത് മറ്റൊരാൾക്ക് ഒരു നന്മ വരുമ്പോഴും അയാളോട് എന്റെ ഉള്ളിന്റെ ഉള്ളിൽ വരുന്ന ഒരു വിഷമം ഏതാണ്ട് ദതാണ് അസൂയ . അല്ലെ....?ഒരാൾക്ക് സാമ്പത്തിക നേട്ടം വരുമ്പോൾ, വിജയം വരുമ്പോൾ, പരീക്ഷയിൽ നല്ല മാർക്ക് കിട്ടുമ്പോൾ, നല്ല സ്ഥാനത്ത് എത്തുമ്പോൾ, ജീവിതത്തിൽ ഏതെങ്കിലും നേട്ടം ഉണ്ടാകുമ്പോൾ നമ്മുടെ ഉള്ളിൽ തോന്നുന്ന ഒരു ചെറിയ വിഷമം . വിശുദ്ധ പാപം (Holy Sin) എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഏത്....? ഇത്തവണ ഓണം ബമ്പർ 25 കോടി അടിച്ചവനോട് നമുക്ക് തോന്നുന്ന ഒരു വികാരം.... ദതാണ് അസൂയ... (ആളെ കണ്ടെത്തിയോ എന്തോ...?). പിന്നെ ഈ അസുഖത്തിന് ഇതുവരെ മരുന്നു കണ്ടെത്തിയിട്ടില്ല എന്നറിയമല്ലല്ലോല്ലേ... അതുകൊണ്ടു ജാഗ്രതൈ...!!
ബൈബിളിൽ അസൂയ എന്ന പാപത്തിന് വലിയ അനന്തരഫലമാണ് ഉള്ളത് . കായേലിന് അബേലിനോട് അസൂയ തോന്നുന്നു, ഫിലിസ്ത്യർക്ക് ഇസഹാക്കിന്റെ സമൃദ്ധിയിൽ അസൂയ തോന്നുന്നു, ജോസഫിനോട് അവന്റെ സഹോദരന്മാർക്ക് അസൂയ തോന്നുന്നു, ഈശോയോട് ഫാരിസേയ ക്ക് അസൂയ തോന്നുന്നു എന്നൊക്കെ ബൈബിളിൽ നമ്മൾ വായിക്കുന്നുണ്ട്. മറ്റൊരാളോട് അസൂയ നമുക്കും തോന്നാം. പക്ഷേ അതു നമ്മെ വലിയ അപകടത്തിൽ കൊണ്ട് എത്തിച്ചേക്കാം. കയേൽ അബലിനോട് ചെയ്തതും ജോസഫിന്റെ സഹോദരന്മാർ അവനോടു ചെയ്തതും യഹൂദർ പ്രമാണികൾ ഈശോയോട് നമുക്കറിയാമല്ലോ. അതുകൊണ്ട് അസൂയ എന്നുള്ള പാപം മൂല പാപങ്ങളിൽ ഒന്നാണ്. അതിന് നമ്മെ തന്നെ വിട്ടുകൊടുക്കാതിരിക്കുക. അസൂയ എന്ന മൂല പാപത്തിനു പകരം സ്നേഹം / ഉപവി എന്ന പുണ്യം അഭ്യസിക്കുക.
എവിടെ അസൂയയും സ്വാര്ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്കര്മങ്ങളും ഉണ്ട്.
യാക്കോബ് 3 : 16
▤Homily 14 - മത്തായി 24: 29-36⌄
ഏലിയ -സ്ലീവ- മൂശാകാലം ഞായർ -5
സ്ലീവ - ഞായർ 2
മത്തായി 24: 29-36
Background
ലോക അവസാനവുമായി ബന്ധപ്പെട്ട വായനകളാണ് ഈ ആഴ്ച്ചയിലും നാം കേൾക്കുക. ആദ്യവായ ഉല്പത്തി പുസ്തകത്തിൽ വെള്ളപ്പൊക്കത്തിനു ശേഷം ദൈവം നോഹയുമായി ഒരു ഉടമ്പടി സ്ഥാപിക്കുന്ന ഭാഗം കേൾക്കുന്നു. രണ്ടാം വായനയിൽ ഏതാണ്ട് യുഗന്ത്യവുമായി ബന്ധപ്പെടുത്താവുന്ന ദാനിയേൽ പ്രവാചകൻറെ ചില ദർശനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ലേഖനത്തിൽ പൗലോസ് ശ്ലീഹ കുരിശിന്റെ മഹത്വത്തെക്കുറിച്ചും വിജ്ഞാനത്തെക്കുറിച്ചും എടുത്തുപറയുന്നു. സുവിശേഷമാകട്ടെ ഈശോയുടെ യുഗാന്ത്യ പ്രഭാഷണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Interpretation
1. ഭയമല്ല, ജാഗ്രതയാണ് ആവശ്യം
രണ്ടുമൂന്ന് ആഴ്ചയായിട്ട് ലോകാവസാനത്തെ കുറിച്ചുള്ള കഥകളും സംഭവങ്ങളും പറഞ്ഞു മനുഷ്യന്മാരെ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ് നമ്മൾ . ഇന്നത്തെ വായനയും ഏറെ കുറെ അതു തന്നെയാണ് . (ഏതാണ്ട് ഈ ഭാഗം 2 ആഴ്ച്ച മുൻപ് നമ്മൾ വായിച്ചതാണ്. വേറെ വായന ഒന്നും കിട്ടാത്തതുകൊണ്ട് ആണോ എന്തോ ഈ ലോകാവസാന വായനകൾ റിപ്പീറ്റ് ചെയ്തുവരുന്നത് ... ഏലിയ സ്ലീവ മൂശ കാലമല്ല ... ലോകവസാനമാണല്ലോ പ്രധാന ധ്യാന വിഷയം.....)
കുട്ടിക്കാലത്ത് അന്തിക്രിസ്തു (Anti Christ) എന്ന് പറയുന്ന ഒരു പ്രയോഗം നമ്മുടെ നാടുകളിൽ കേൾക്കാമായിരുന്നു. അവസാന നാളുകളിൽ അന്ത്യക്രിസ്തു വരും എന്നത് വളരെ ഭീതിയോടെയാണ് പല പുസ്തകങ്ങളിലും സിനിമകളിലും അവതരിച്ചിരിക്കുന്നത്. ലോക അവസാന നാളുകളിൽ പ്രത്യക്ഷപ്പെടുന്ന തിന്മയുടെ ശക്തിയുടെ പ്രതീകമാണ് അന്തിക്രിസ്തു.
പൗലോസ് അതിനെ അധർമ്മത്തിന്റെ മനുഷ്യൻ (2 തെസ്ലോനിക്ക 2:3) എന്നും വെളിപാട് പുസ്തകത്തിൽ മൃഗം ( വെളിപാട് 3) എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട്. എന്ന് പറഞ്ഞാൽ ക്രിസ്തുവിൻറെ ഒരു പ്രതിയോഗിയായി അവസാന നാളുകളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രം അതാണ് അന്തിക്രിസ്തു. ഇത് പുരാതന കാലം മുതലുള്ള ഒരു സങ്കല്പമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇപ്രകാരം ഒരു ചിന്ത നിലനിൽക്കുന്നു.
കാര്യം എന്തു തന്നെയായാലും ലോകാവസാനത്തെ കുറിച്ചുള്ള ഭീതി ആദ്യകാല മുതലേ മനുഷ്യൻറെ മനസ്സിലുണ്ട് . പല വർഷങ്ങൾ പലതായി അതിനെക്കുറിച്ച് നമ്മൾ കെട്ടിട്ടുണ്ട്.
ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) റിസർച്ചിംഗ് വിങ് മേധാവികളിൽ ഒരാൾ ജേക്കബ് കോക്സൺ ഈ സെപ്റ്റംബർ ആദ്യവാരം രാജി വച്ചത് വലിയ വാർത്തയായിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ നിർമ്മിത ബുദ്ധിയുടെ (AI) കുതിച്ചുചാട്ടം മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആക്കുമെന്നും അതു ലോകത്തിൻറെ അവസാനത്തിലേക്ക് നയിക്കുമെന്നും എന്നാൽ ഇതൊന്നും ബന്ധപ്പെട്ടവർ ഗൗരവത്തിൽ പരിഗണിക്കുന്നില്ല എന്നുള്ള കാരണങ്ങൾ ആണ് അദ്ദേഹം രാജിവെക്കാൻ കാരണമായി പറയുന്നത്. എന്ന് പറഞ്ഞാൽ ഈ AI technology നമ്മുടെ ലോക അവസാനത്തിനു കാരണമാകും എന്നു ചിലർ കരുതുന്നു.....
ആത്മീയരായ ചില വ്യക്തികൾ ആകട്ടെ ഈശോയുടെ മരണത്തിൻറെ 2000 വർഷത്തിൽ എന്ന് പറഞ്ഞാൽ 2033ൽ ലോകം അവസാനിക്കും എന്ന് വിചാരിക്കുന്നു. (എന്നാൽ ഈശോ മരിച്ചത് ഏകദേശം AD 27 ആണ് എന്ന് പറയുന്നു. ജനിച്ചത് ഏകദേശം BC4-6 ആണെന്നും . അങ്ങനെ നോക്കിയാൽ 2027ൽ- അടുത്തവർഷം ലോകം അവവസാനിക്കുമോ എന്തോ ....? വൈറ്റ് ചെയ്യാം....!!)
അന്യഗ്രഹ ജീവികൾ (Aliens) ഉടനെ തന്നെ നമ്മുടെ ലോകത്തെ ആക്രമിച്ചു കീഴ്പ്പെടുത്തും അങ്ങനെ ലോകം അവസാനിക്കും എന്നൊക്കെയാണ് മറ്റൊരു സിദ്ധാന്തം...
ലോകാവസാന കഥകൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. ശാസ്ത്രീയമായും മതപരമായും സാഹിത്യപരമായും അനേകം തെളിവുകൾ അതിനായി പലരും മുന്നോട്ടു വക്കുന്നു.... ഇത്തരത്തിലുള്ള ലോകാവസാന സിദ്ധാന്തങ്ങൾക്ക് ഒരു അവസാനവുമില്ല എന്നുള്ളതാണ് ഏറ്റവും രസകരമായ അവസ്ഥ....
ലോകം എപ്പോൾ അവസാനിച്ചാലും അതിന് നേരിടാനായി തയ്യാറാവുക എന്നുള്ളതാണ്... അതായത് കർത്താവ് എപ്പോൾ വന്നാലും അവനെ സ്വീകരിക്കാൻ നാം ഒരുക്കത്തിൽ ആണോ എന്നുള്ളതാണ് പ്രധാന കാര്യം...
കഥ പഴയതാണ്....
കൂട്ടുകാർ ഏതാനും പേർ ഫുട്ബോൾ കളിക്കുന്നു.. കൂട്ടത്തിൽ ഒരുത്തൻ മറ്റുള്ളവരോട് ചോദിക്കുന്നു ഇപ്പോൾ ലോകം അവസാനിച്ചാൽ നീ എന്ത് ചെയ്യും...? ഒരുത്തൻ പറഞ്ഞു ഞാൻ വീട്ടിലേക്ക് ഓടിപ്പോകും... മറ്റൊരുത്തൻ പറഞ്ഞു ഞാൻ പള്ളിയിൽ പോയി കുമ്പസാരിച്ചു പ്രാർത്ഥിക്കും....
വേറെ ഒരുത്തൻ പറഞ്ഞു ഞാൻ പോയി തെറ്റ് ചെയ്തവരോട് മാപ്പ് ചോദിക്കും . എന്നാൽ ഇമ്മടെ hero ഇങ്ങനെ മറുപടി പറഞ്ഞു "ഞാൻ ഫുട്ബോൾ കളിച്ചുകൊണ്ടെ യിരിക്കും ...." അവനാണ് വിശുദ്ധ ഡൊമനിക്ക് സാവിയോ... എന്നുപറഞ്ഞാൽ ലോകമെപ്പൊഴവസാനിച്ചാലും ശരി അതിനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.. കൊറോണ കാലത്തെ caption പോലെ...." ഭയമല്ല, ജാഗ്രതയാണ് നമുക്ക് ആവശ്യം...!"
*2. ലക്ഷണം കണ്ടു മനസ്സിലാക്കുക
ലോകാവസാനത്തിന്റെ ചില സൂചനകൾ നൽകിക്കൊണ്ട് അത് സമീപിച്ചിരുന്നു എന്ന് മനസ്സിലാക്കാനാണ് ഈശോ പറയുന്നത്. അത്തിമരത്തെ ഉദാഹരണമായി അവൻ അവതരിപ്പിക്കുന്നു. എന്നു പറഞ്ഞാൽ ചില ലക്ഷണങ്ങൾ കണ്ടുകൊണ്ട് കാര്യത്തെ മനസ്സിലാക്കുക.
നമുക്കറിയാം.... ഒരു വ്യക്തിക്ക് ഒരു രോഗമുണ്ടെന്ന് ഡോക്ടർ മനസ്സിലാക്കുന്നത് അതിന്റെ ലക്ഷണം നോക്കിയാണ്....
കാലാവസ്ഥയിലെ മാറ്റങ്ങൾ മഴ, വെയിൽ ഇതൊക്കെ കാലാവസ്ഥ വിദഗ്ധർ പ്രവചിക്കുന്നത് ചില ലക്ഷണങ്ങൾ നോക്കിയാണ് ...
എക്കണോമിക് മേഖലയിലെ ചിലർ ചില കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും കമ്പനികളുടെ വളർച്ചയും തളർച്ചയും അടിസ്ഥാനപ്പെടുത്തിയ ചില ലക്ഷണങ്ങൾ നോക്കിയാണ് ....
പരീക്ഷക്ക് പഠിക്കാനിരിക്കുന്ന ഒരു കുട്ടി കഴിഞ്ഞ പരീക്ഷക്ക് ചോദിച്ചതും ചോദിക്കാതിരിക്കുന്നതുമായ ചില ചോദ്യങ്ങളുടെ ലക്ഷണങ്ങൾ നോക്കിയാണ് ചിലതു പഠിക്കുന്നതും ചിലത് പഠിക്കാതെ വിടുന്നതും..
എന്തിന്.... വികാരിയച്ചൻ ഇപ്പ നല്ല മൂഡിൽ ആണോ അല്ലയോ എന്ന് catechism teachers കണ്ടെത്തുന്നതും ചില ലക്ഷണങ്ങൾ നോക്കിയാണ്...
എന്നു പറഞ്ഞാൽ പലകാര്യങ്ങളിലും നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് ഓരോരോ ലക്ഷണങ്ങൾ നോക്കിയാണ്.
ലോകാവസാനത്തിന്റെയും ലക്ഷണങ്ങൾ നോക്കി മനസിലാക്കാൻ ഈശോ നമ്മോട് പറയുന്നത് ...
ഇനി ഇത് മാത്രമല്ല, നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന ചില സംഭവങ്ങൾ നമുക്ക് സംഭവിക്കാനിരിക്കുന്ന വലിയ വിപത്തിന്റെ ലക്ഷണമായി തന്നെ കണ്ടു മനസിലാക്കണം
ഉദാഹരണത്തിന് സാമ്പത്തികമായി കടമെടുത്ത കുടുംബത്തിന്റെ ആത്മഹത്യ ഉത്തരവാദിത്വമില്ലാത്ത സാമ്പത്തിക ക്രയവിക്രയം നമ്മുടെ ജീവിതം തന്നെ താറുമാറാക്കും എന്നതിന്റെ ലക്ഷണം നമുക്ക് കാണിച്ചുതരുന്നു ...
അല്ലെങ്കിൽ നമ്മുടെ യുവജനങ്ങളുടെ മൈഗ്രേഷൻ നമ്മുടെ പള്ളികളിൽ ഭാവിയിൽ വൃദ്ധന്മാരുടെ കൂട്ടയ്മയായ മാറിയേക്കാം എന്നതിന്റെ എന്നതിൻറെ ലക്ഷണം നമുക്ക് കാണിച്ചിരുന്നു ...
അതുമല്ലെങ്കിൽ നമ്മുടെ ക്രിസ്ത്യൻ ജനസംഖ്യയിലെ വന്നുകൊണ്ടിരിക്കുന്ന വലിയ കുറവ് വരാനിരിക്കുന്ന ചില സാമൂഹിക - രാഷ്ട്രീയ വിപത്തിന്റെ ലക്ഷണങ്ങൾ നമുക്ക് കാണിച്ചുതരുന്നു ....
എന്നു പറഞ്ഞാൽ നമ്മുടെ സമൂഹത്തിൻറെ/ സഭയുടെ നിലനിൽപ്പിന് തടസ്സമാകുന്ന ചില ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരുമ്പോൾ അതിനു വേണ്ട വിധം നമ്മൾ പ്രതിരോധിക്കണം കരുതിയിരിക്കണം എന്ന് ഓർമ്മിപ്പിക്കുവാനാണ്.
പറഞ്ഞു വരുന്നത് ESA (Ecologically Sensitive Area) യുടെ പുതിയ വിജ്ഞാപനത്തെ കുറിച്ചാണ്....
ESA യുടെ പുതിയ വിജ്ഞാനപനത്തിലും കർഷകന്റെ കൃഷിഭൂമിയും വാസസ്ഥലവും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് വരാൻ പോകുന്ന ഒരു അപകടത്തിന്റെ ലക്ഷണമായി കാണണം.
ഡെമോക്ലേസിന്റെ വാൾ പോലെ കേരളത്തിലെ മലയോര ജനതയുടെ ശിരസിന് മുകളിൽ ഈ വാൾ തൂങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് നാൾ ഏറെയായി.... സർക്കാരിന്റെയും മറ്റു രാഷ്ട്രീയക്കരുടെയും വാക്കുകളെ നമ്മൾ എത്രമാത്രം ഇനിയും വിശ്വസിക്കും.... കടലിന്റെ മക്കളുടെ ഭൂമി അവർക്ക് കൊടുക്കും എന്ന വാഗ്ദാനത്തിലും ഇത്തരം രാഷ്ട്രീയ ക്കാരുടെ ഇരട്ടത്താപ്പ് നമ്മൾ കണ്ടതാണ്... അതുകൊണ്ട് ESA പുതിയ വിജ്ഞാപനത്തെ വരാനിരിക്കുന്ന വലിയ വിപത്തിന്റെ ലക്ഷണമായി കണ്ട് പ്രതിരോധിക്കുക തന്നെ വേണം.... മലയോര ജനതക്ക് ഐക്യദാർഢ്യം....
ഒരു കാര്യം കൂടി....
പ്രകൃതിയിൽ സംഭവിക്കുന്ന ഭയാനകമായ മാറ്റങ്ങളാണ് ലോകാവസാനത്തിന്റെ ലക്ഷണമായിട്ട് ഈശോ പറയുന്നത്....
ശ്രദ്ധിച്ചാൽ മനസിലാകും നമ്മുടെ പ്രകൃതിക്ക് ഗൗരവമായ ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. സൂര്യൻറെ ചൂട് കൂടികൊണ്ടായിരിക്കുന്നു (യൂറോപ്പിലൊക്കെ എന്തായിരുന്നു ഈ വർഷം ചൂട്, ഇമ്മടെ നാട്ടിലും മോശമല്ല..) വെള്ളപ്പൊക്കം ഒരു തുടർ സംഭവവുമായി മാറുന്നു ... മേഘ വിസ്ഫോടനം , പർവതങ്ങളുടെ മഞ്ഞുരുകൽ എന്നിങ്ങനെ മുൻപ് കേട്ട് കേൾവി ഇല്ലത്തെ പല പ്രശ്നങ്ങളും ഇപ്പോൾ സ്ഥിരം സംഭവമായി .... ഒരുപക്ഷേ ഈ ലോകാവസാനം എന്ന് പറയുന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നായിരിക്കില്ല ... പടി പടിയായി സംഭവിക്കുന്ന ഒന്നായിരിക്കും.. പ്രകൃതിശക്തികളിൽ പലതും മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുള്ളത് അതിന്റെ ലക്ഷണമായി കണക്കാക്കാം...
എന്തു തന്നെയായലും പ്രകൃതിയെ സംരക്ഷിക്കണം എന്ന കാര്യത്തിൽ തർക്കമില്ല, AI മനുഷ്യനെ നശിപ്പിക്കുമോ എന്നറിയില്ല , പക്ഷെ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ ഈ പ്രകൃതി നമുക്കിട്ടു പണി തരും... അതുറപ്പാണ്.... ഫ്രാൻസിസ് മാർപ്പാപ്പ ഈ കാര്യം ആവർത്തിച്ചു ഓർമിപ്പിച്ചിരുന്നു. ( സമയം കിട്ടുമ്പോൾ 'ലൗദാത്തോ സീ' ഒന്ന് വായിക്കുന്നത് നല്ലതാണ്)
ചുരുക്കത്തിൽ... പ്രകൃതി ശക്തികളെ സംരക്ഷിക്കണം എന്ന കാര്യത്തിൽ തർക്കമില്ല, പക്ഷെ അത് കർഷകന്റെ ശവക്കുഴി തോണ്ടി കൊണ്ടാകരുത്....
*3. വി. വിൻസെന്റ് ഡി. പോൾ*
ഇന്ന് വി. വിൻസെന്റ് ഡി പോളിന്റെ തിരുന്നളാണ്. ഒരു കാലത്ത് കേരള കത്തോലിക്കാ സഭയുടെ (പ്രത്യകിച്ചു സീറോ മലബാർ സഭയുടെ) കാരുണ്യത്തിന്റെ മുഖമായിരുന്നു വിൻസെന്റ് ഡി പോൾ സംഘടന (ഇപ്പോഴും മോശമല്ല കെട്ടോ) ഓരൊ ഇടവകയിലെയും സാമ്പത്തിക പ്രതിസന്ധി ഉള്ള കുടുംബങ്ങളെ സഹായിക്കാൻ ഈ സംഘടന ഒരുപാട് സഹായിച്ചിട്ടുണ്ട്. ഈ സംഘടന ഔദ്യോഗികമായി ആരംഭിച്ചത് വാ. ഫ്രഡറിക് ഒസ്സാനം ആണെകിൽ കൂടി അവരുടെ സ്വർഗീയ മധ്യസ്ഥനാണ് വി. വിൻസെന്റ് ഡി പോൾ.
പതിനേഴം നൂറ്റാണ്ടിലെ (1581-1660) ഫ്രാൻസിൽ ജീവിച്ച കത്തോലിക്ക വൈദികനാണ് അദ്ദേഹം. ജീവിതത്തിൻറെ ഒരുപാട് കഷ്ടപ്പാടുകളുടെ അദ്ദേഹം കടന്നുപോയി. വൈദികനായ ശേഷവും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി അടിമയായി വിൽക്കപ്പെട്ടു, ദുരിതങ്ങളെ ഏറെ അനുഭവിച്ചു. എങ്കിലും ദൈവ വിശ്വാസം കൈവിടാതെ ജീവിക്കുകയും ശിഷ്ടകാലം മുഴുവനും പാവപ്പെട്ടവർക്കായി സ്വയം സമർപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് ആ വിശുദ്ധന്റെ ശ്രേഷ്ഠത.
നമ്മുടെ നാട്ടിലെ കരിസ്മാറ്റിക് മുന്നേറ്റത്തിന് കാരണമായിട്ടുള്ള Vincentian Congregation , സിസ്റ്റേഴ്സ് നു വേണ്ടി Daughters of Charity congregation വിശുദ്ധൻ സ്ഥാപിച്ചിട്ടുണ്ട്.
വിശുദ്ധൻ നമ്മളെ ഓർമിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം *നമ്മൾ കാരുണ്യത്തിന്റെ മുഖമുള്ളവർ ആവുക* എന്നുള്ളതാണ്. എന്ന് നമ്മുടെ നാട്ടിൽ കത്തോലിക്കാ സഭയ്ക്കുള്ള വിലയുടെയും ബഹുമാനത്തിന്റെയും ഒരു അടിസ്ഥാന കാരണം സഭ നടത്തുന്ന കാരുണ്യ പ്രവർത്തങ്ങൾ തന്നെയാണ്.
കാരുണ്യം സഭയുടെ വ്യക്തി മുദ്രയാണ്(Charity is Our idendity)
കാരുണ്യ പ്രവർത്തനങ്ങൾ മാറ്റി നിർത്തിയിട്ടുള്ള സുവിശേഷപ്രഘോഷത്തിന് അതിൽതന്നെ പ്രസക്തിയില്ല. അതുകൊണ്ട് ഈ വിശുദ്ധനെ നമ്മൾ ഓർക്കുമ്പോൾ നമ്മുടെ കാരുണ്യം പ്രവർത്തനങ്ങളെ ഒന്നുകൂടി വിലയിരുത്താം. സഭയുടെ കാരുണ്യ പ്രവർത്തനങ്ങൾ വെറും ബിസിനസ് മാത്രമായി അധഃപതിക്കുന്നു എന്നുള്ള പഴി ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നാളായി... നമുക്ക് നഷ്ടപ്പെട്ട ആ സൽപ്പേര് വീണ്ടെടുക്കാൻ നമുക്ക് സാധിക്കണം.... നമ്മുടെ ഇടവകയിൽ നമ്മുടെ സഹായം ആവശ്യമുള്ളവരെ കണ്ടുപിടിച്ചു അവരെ സഹായിക്കുക എന്നത് ഓരോ ഇടവക അംഗത്തിന്റെയും കടമയാണ് എന്ന് പുണ്യാളൻ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്... ലോക അവസാനത്തെ കുറിച്ചാണല്ലോ നമ്മൾ ഈ നാളുകളിൽ ധ്യാനിക്കുന്നത്. ലോകം എപ്പോൾ അവസാനിച്ചാലും ശരി നമ്മുടെ കർത്താവ് നമ്മെ വിധിക്കുന്നത് നമ്മൾ ചെയ്തു കൂട്ടിയ കാരുണ്യപ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് എന്ന കാര്യ മറക്കരുത്....
ചോദ്യവും ഉത്തരവും?
എന്താണ് ബൈബിളിലെ വെളിപാട് സാഹിത്യ ശൈലി (Apocalyptic Literature) ?
ഈ കഴിഞ്ഞ ഞായറാഴ്ചകളിലെ വായനകൾ വെളിപാട് സാഹിത്യ ശൈലിയിൽ ഉള്ളതായിരുന്നു. apokálypsis
എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം "മൂടുപടം നീക്കുക" അല്ലെങ്കിൽ "വെളിപ്പെടുത്തൽ ( To Reveal)" എന്നാണ്.
ബൈബിളിൽ പ്രധാനമായും ദാനിയേൽ പുസ്തകം, വെളിപാട് പുസ്തകം മത്തായി 24, മർക്കോസ് 13 അധ്യായങ്ങൾ ഈ ശൈലിയിൽ പെടും....
ഇത് ഒരു പ്രത്യേക കാലത്തിന് വേണ്ടി ഉണ്ടായ ഒരു ശൈലിയാണ്. അതായത് യഹൂദർ വലിയ പീഡനത്തിൽ ആയിരുന്നപ്പോൾ, ബാബിലോണിയ/ റോമാ സാമ്രാജ്യം അവരെ കൊന്നൊടുക്കിയപ്പോൾ അവർക്ക് പ്രത്യാശ നൽകാൻ വേണ്ടി ഈ ശൈലി ഉപയോഗിച്ചു...
ഈ ശൈലിയുടെ 5 പ്രധാന പ്രത്യേകതകൾ
1. പ്രതീകാത്മക ഭാഷ മൃഗങ്ങളും സംഖ്യകളും
സിംഹം = ബാബിലോൺ കുഞ്ഞാട് = യേശു, മഹാസർപ്പം = സാത്താൻ.
വെള്ള = വിജയം, വിശുദ്ധി
7 = പൂർണ്ണത
എന്തുകൊണ്ട് പ്രതീകം?
കാരണം റോമാക്കാർ ഈ പുസ്തകം പിടിച്ചാൽ അവർക്ക് മനസ്സിലാകരുത്. ഇത് ഒരു രഹസ്യ കോഡ് ഭാഷയായിരുന്നു, വിശ്വാസികൾക്ക് മാത്രം മനസ്സിലാകുന്ന ഭാഷ.
2. ദർശനങ്ങളും സ്വർഗ്ഗീയ യാത്രയും
3. ചരിത്രത്തെ രണ്ടായി വിഭജിക്കുന്നു
- ഇപ്പോഴത്തെ യുഗം: ദുഷ്ടത നിറഞ്ഞ, സാത്താൻ ഭരിക്കുന്ന യുഗം.
- വരാനിരിക്കുന്ന യുഗം: ദൈവം ഭരിക്കുന്ന, നീതിയുടെ പുതിയ ആകാശവും പുതിയ ഭൂമിയും.
ഇതിനിടയിൽ ഒരു വലിയ പോരാട്ടം നടക്കും. ദൈവവും സാത്താനും തമ്മിൽ.
4. നിരാശയിൽ പ്രത്യാശ നൽകുക എന്നതാണ് ലക്ഷ്യം
ഇത് ഭാവി പ്രവചിക്കാൻ വേണ്ടി എഴുതിയ ജ്യോതിഷ പുസ്തകമല്ല.
5. ദൈവം ചരിത്രത്തിന്റെ നാഥനാണ്
ഏറ്റവും പ്രധാന സന്ദേശം ഇതാണ്: ചരിത്രം വെറുതെ ഒഴുകി പോകുന്ന ഒന്നല്ല. അതിന്റെ കടിഞ്ഞാൺ ദൈവത്തിന്റെ കയ്യിലാണ്. റോമാ ചക്രവർത്തി അല്ല, ദൈവമാണ് രാജാവ്.
ചുരുക്കത്തിൽ: അപോക്കലിപ്റ്റിക് ശൈലി എന്നത് പീഡനകാലത്ത് പ്രത്യാശ നൽകാൻ ദൈവം ഉപയോഗിച്ച പ്രതീകാത്മകമായ, കോഡ് ഭാഷയിലുള്ള, പ്രത്യാശയുടെ സാഹിത്യമാണ്.
